Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തക വായന ശീലമാക്കിയവർക്ക് ഇനി സന്തോഷിക്കാം

reading

പുസ്തക വായന ശീലമാക്കിയവർക്ക് സന്തോഷിക്കാം. ഇനി വിഷാദത്തിന് അടിമപ്പെടും എന്ന ഭയം വേണ്ട. മാനസികോല്ലാസത്തിനും വിജ്ഞാനത്തിനും വെറും വിനോദത്തിനും വേണ്ടി പുസ്തകം കയ്യിലെടുക്കുന്ന ആളാകാം നിങ്ങൾ, എങ്കിലും വായന ഒരു ശീലമാണെങ്കിൽ വിഷാദത്തെ അകറ്റാൻ ഇനി ഒരു മരുന്നും അന്വേഷിക്കേണ്ട.

ഇറ്റലിയിലെ ട്യൂറിൻ സർവകലാശാലയിലെ ഗവേഷകരാണ് വിഷാദത്തിന് വായന ഫലപ്രദമെന്ന് തെളിയിച്ചത്. ഇവർ പത്ത് പഠനങ്ങൾ വിശകലനം ചെയ്തു. ഇതിൽ ആറു പഠനങ്ങളിലും, ബിബ്‌ലിയോതെറാപ്പി എന്ന പുസ്തക വായനാ ചികിത്സ മൂന്നു കൊല്ലമായി തുടരുന്നവർ വിഷാദം ബാധിക്കാത്തവരാണെന്നു കണ്ടു. ക്ലിനിക്കൽ സൈക്കോളജി റിവ്യൂവിൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. മരുന്ന് ആവശ്യമില്ലാത്ത ചികിത്സാ രീതിയാണ് ബിബ്‌ലിയോ തെറാപ്പി എന്നും വിഷാദ ലക്ഷണങ്ങളെ കുറയ്ക്കാൻ ഇത് ഫലപ്രദമാണെന്നും പഠനം പറയുന്നു.

നെതർലൻഡിലെ ഗ്രോനിംഗൻ സർവകാലാശാലാഗവേഷകർ നടത്തിയ പഠനം മുതിർന്നവരിൽ വിഷാദമകറ്റാൻ മരുന്ന് ആവശ്യമില്ലാത്ത വായന പോലുള്ള ചികിത്സാ മാർഗങ്ങൾ ഫലപ്രദമാണോ എന്ന് പരിശോധിച്ചു. ജോലിയിൽ നിന്നു വിരമിച്ചവരിൽ മാനസികനില മെച്ചപ്പെടുത്താൻ വായന സഹായിക്കും എന്ന് പ്ലസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

വിഷാദം മനസിൽ നിറയുമ്പോൾ ഒരു പുസ്തകം കയ്യിലെടുത്തോളൂ…. വായന നിങ്ങളുടെ മനോനില മെച്ചപ്പെടുത്തും. വായനയോളം മികച്ച മരുന്നില്ല എന്ന് തെളിയിക്കുകയാണ് ഈ പഠനങ്ങൾ.

Read More : Health News