Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെരിക്കോസിൽ നിസ്സാരമാക്കി തള്ളരുതേ...

varicocele

പുരുഷൻമാരിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് വെരിക്കോസിൽ അഥവാ സിരാഗ്രന്ഥി. ഇത് പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. സിരകൾക്ക് പ്രവർത്തനത്തകരാറുകൾ ഉണ്ടായി അശുദ്ധരക്തം വൃഷണത്തിലെ സിരകളിൽത്തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണിത്. അശുദ്ധരക്തം കെട്ടിക്കിടക്കുന്നതിനാൽ വൃഷണങ്ങളുടെ താപനില കൂടുകയും ബീജാണുക്കളുടെ ഉൽപ്പാദനത്തെ ബാധിക്കുകയും ചെയ്യും. 

വൃഷണങ്ങൾക്കുണ്ടാകുന്ന വേദനയാണ് ആദ്യലക്ഷണം. വേദന ആരംഭിക്കുന്നതിനു മുൻപുതന്നെ വെരിക്കോസിൽ ബീജഗുണത്തെ ബാധിച്ചു തുടങ്ങും.  ചിലരിൽ ധമനികൾ വീർത്തു പിണഞ്ഞുകിടക്കുന്ന അവസ്ഥയിലായിരിക്കും. ഈ അവസ്ഥയിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ശസ്ത്രക്രിയ വേണ്ടിവരുന്ന സാഹചര്യങ്ങളിൽ അത് ഉടൻതന്നെ ചെയ്യാൻ ശ്രദ്ധിക്കുക. താമസിക്കുന്തോറും വൃഷണങ്ങൾക്കു കേടു സംഭവിച്ച് ബീജോൽപ്പാദനം പൂർണമായി നിന്നു പോകാനുള്ള സാധ്യതയുണ്ട്.

രോഗം ആരംഭിച്ച ഉടൻതന്നെ ചിലപ്പോള്‍ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. പലപ്പോഴും മറ്റ് അസുഖങ്ങൾക്കുള്ള പരിശോധനകൾക്കിടെയാണ് ഈ രോഗം കണ്ടുപിടിക്കപ്പെടുന്നത്. ധമനികൾ വീർത്തു പിണഞ്ഞു കിടക്കുന്നതു കണ്ടു ചികിത്സ തേടിയെത്തുന്നവരുമുണ്ട്.

വെരിക്കോസിൽ ബീജത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ബീജ പരിശോധന ആവശ്യമാണ്. ബീജാണുക്കളുടെ എണ്ണം, ചലനശേഷി, രൂപവൈകല്യങ്ങൾ എന്നിവ ഈ പരിശോധനയിലൂടെ മനസ്സിലാക്കാൻ സാധിക്കും. 

ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും പെട്ടെന്ന് വിദഗ്ധ ഡോക്ടർമാരെ സമീപിച്ച് കൃത്യമായ ചികിത്സ ഉറപ്പാക്കണം. വൃഷണങ്ങൾക്കു വലുപ്പവ്യത്യാസം, ബീജപരിശോധനയിൽ ഗുരുതരമായ വ്യത്യാസങ്ങൾ എന്നിവ കണ്ടാൽ ശസ്ത്രക്രിയ വേണ്ടിവരാം. ശുദ്ധരക്തം കൊണ്ടുവരുന്ന ധമനികൾക്കോ ബീജവാഹിനിക്കുഴലിനോ മുറിവുണ്ടാകാതെ വൃഷണങ്ങളിൽ നിന്ന് അശുദ്ധരക്തം വഹിച്ചുകൊണ്ടുപോകുന്ന ധമനികൾ മുറിച്ചുമാറ്റുന്നതാണ് ശസ്ത്രക്രിയാരീതി. ഒരു ദിവസം മാത്രമേ ആശുപത്രിയിൽ കഴിയേണ്ടി വരൂ. രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം സാധാരണ ജോലികൾ ചെയ്യാം. 

Read More : Health Magazine