Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദന സംഹാരിയായി ഇനി മഞ്ഞൾ ഉപയോഗിച്ചോളൂ...

turmeric

കളിക്കിടയിൽ പരിക്കു പറ്റുക സ്വാഭാവികം. പരിക്കിന്റെ വേദന മാറാൻ പാരസെറ്റമോള്‍ അല്ലെങ്കിൽ ഇബുപ്രോഫൻ ഏതെങ്കിലുമൊരു വേദന സംഹാരി കഴിക്കാറാണ് പതിവ് എന്നാൽ സാധാരണ വേദന സംഹാരികളെക്കാൾ ഫലപ്രദം മഞ്ഞളാണെന്ന് ഒരു പഠനം പറയുന്നു.

റഗ്ബി കളിക്കാരുടെ പരുക്ക് മൂന്നാഴ്ചക്കുള്ളിൽ തന്നെ ഭേദമാക്കാൻ മഞ്ഞളിലടങ്ങിയ കുർകുമിന് കഴിഞ്ഞു. പാരസെറ്റമോളും ഇബുപ്രോഫനും സാധിക്കുന്നതുപോലെ, എന്നാൽ പാർശ്വഫലങ്ങൾ ഇല്ലാതെയാണ് മുറിവ് ഭേദമാക്കിയത്.

കഠിനമായ ശാരീരിക പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ പേശികൾക്കും സന്ധികൾക്കും ഉണ്ടാകുന്ന വേദന മാറ്റാൻ സുരക്ഷിതമായ ഒന്നാണ് മഞ്ഞളിലടങ്ങിയ കുർകുമിൻ എന്ന് പഠനത്തിനു നേതൃത്വം നൽകിയ ഗവേഷകനായ ഡോ. ഫ്രാൻസിസ്കോ ഡി പി യെറോ പറയുന്നു.

കൂടാതെ സന്ധിവാതം (Arthritis) പോലുള്ള രോഗങ്ങൾ ബാധിച്ചവർക്ക് നിലവിലുള്ള ചികിത്സാ രീതികളിലെ സങ്കീർണതകളെല്ലാം ഇല്ലാതെ തന്നെ കുർകുമിൻ ഫലപ്രദമാണെന്നും ഗവേഷകർ വിശ്വസിക്കുന്നു.

സന്ധിവാതം കൂടാതെ ഹൃദ്രോഗം, അർബുദം മുതലായവയുടെ ചികിത്സയ്ക്കും കുർകുമിൻ ഉപയോഗിക്കുന്നു.

എല്ലിനും പേശികൾക്കും പരിക്കു പറ്റിയ 50 റഗ്ബി കളിക്കാരിലാണ് പഠനം നടത്തിയത്. ഇതിൽ പകുതി പേർക്ക് കുർകുമിൻ സത്ത് അടങ്ങിയ Algocur എന്ന ഗുളിക നൽകി. ഇത് ടർമെരിക് പ്ലസ് (Turmeric +) എന്നാണ് യു കെ യിൽ അറിയപ്പെടുന്നത്. പത്തു ദിവസം രണ്ടു നേരം വീതമാണ് മരുന്ന് നൽകിയത്. ബാക്കിയുള്ളവർ വേദന സംഹാരി കഴിച്ചു. മഞ്ഞള്‍, ഓർമ്മശക്തി മുപ്പതു ശതമാനം വർധിപ്പിക്കുന്നതായും വിഷാദം അകറ്റുന്നതായും കണ്ടു.

കുർകുമിൻ കഴിക്കുന്നത് തലച്ചോറിലെ ഓർമശക്തിയും വികാരങ്ങളുമായും ബന്ധപ്പെട്ട ഭാഗങ്ങളിൽ പ്രോട്ടീൻ അടിയുന്നത് കുറയ്ക്കുന്നതായും പഠനത്തിൽ കണ്ടു.

തലച്ചോറിൽ പ്രോട്ടീൻ പ്ലേക്കുകൾ അടിയുന്നത് അൾഷിമേഴ്സിനു കാരണമാകും എന്ന് മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

മഞ്ഞളിന് മഞ്ഞ നിറം നൽകുന്ന കുർകുമിൻ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇതുകൊണ്ടു തന്നെ ഓർമശക്തി മെച്ചപ്പെടുത്താനും മാനസികാരോഗ്യം ഏകാനും കുർകുമിൻ സഹായിക്കുന്നു.

ഉദരസംബന്ധമായ രോഗങ്ങൾ അകറ്റാൻ മഞ്ഞൾ നാലിരട്ടി ഫലപ്രദമാണെന്നും യൂറോപ്യൻ റിവ്യൂ ഫോർ മെഡിക്കൽ ആൻഡ് ഫാർമക്കോളജിക്കൽ സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Read More : ആരോഗ്യവാർത്തകൾ