Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഡിസീസ് എക്സ്' വരുന്നു, ബാധിച്ചാൽ മരണം ഉറപ്പ്; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

disease-x

മനുഷ്യരാശിക്കുതന്നെ ഭീഷണിയാകാന്‍ കഴിയുന്ന ഡിസീസ് എക്സ് അധികം വൈകാതെ ലോകത്ത് നാശം വിതയ്ക്കാന്‍ എത്തുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. എബോളയെയും സിക്കയെയും സാർസിനെയും വെല്ലുന്ന ഈ മാരകരോഗം എപ്പോള്‍ വേണെമെങ്കിലും ഭൂമിക്ക് ഭീഷണി ഉയര്‍ത്താം.

ഡിസീസ് എക്സ് ('Disease X')എന്ന് പേരിട്ടിരിക്കുന്ന ഈ പകര്‍ച്ചവ്യാധിയെ മനുഷ്യവംശത്തിന്റെ നാശത്തിനു കാരണമാകാവുന്ന രോഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഈ രോഗാണുവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രലോകം ശേഖരിച്ചു വരുന്നതേയുള്ളു. നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ല. രോഗം ബാധിച്ചാല്‍ മരണം നിശ്ചയമാണെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. എന്തായാലും മനുഷ്യരില്‍ ഇതേവരെ ഈ രോഗാണു ബാധിച്ചിട്ടില്ല എന്നാണു കരുതുന്നത്.

ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പകര്‍ച്ചവ്യാധികളുടെ ഗണത്തില്‍പ്പെടുത്താവുന്ന അടുത്ത ഒരു മഹാമാരിയായിരിക്കും ഡിസീസ് എക്സ് എന്നാണ് ലോകാരോഗ്യ സംഘടനാ കമ്മിറ്റിയുടെ ഉപദേശകനും റിസേര്‍ച്ച് കൗണ്‍സില്‍ ഓഫ് നോര്‍വേ ചീഫ് എക്സിക്യൂട്ടീവുമായ ജോണ്‍ ആണ്‍ റോട്ടിഗെന്‍ പറയുന്നത്. ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒരു പകര്‍ച്ചവ്യാധിയായിരിക്കും ഇതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. 

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എച്ച്ഐവിയുടെ മാതൃകയില്‍ ഈ രോഗാണു എത്തിപ്പെട്ടാല്‍ അത് വലിയ ദുരന്തമായിത്തീരും. രോഗത്തിന്റെ പേരിനൊപ്പം എക്സ് എന്ന അക്ഷരം ഉപയോഗിക്കുന്നത് വിചിത്രമായി തോന്നിയേക്കാമെങ്കിലും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ പരിശോധനാ മാര്‍ഗങ്ങളും വാക്സിനുകളും തയാറാക്കാനുള്ള പദ്ധതികള്‍ തങ്ങള്‍ തയാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

ഡിസീസ് എക്സിന് പുറകിൽ പ്രവർത്തിക്കുന്ന രോഗാണുവിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല .എങ്കിലും ഡിസീസ് എക്സിന്റെ പ്രധാനപ്പെട്ട ഒരു ഉറവിടമാണ് സൂനോട്ടിക്ക് അഥവാ സൂനോസെസ്. വന്യമൃഗങ്ങളിലും വളർത്തു മൃഗങ്ങളിലുമുള്ള രോഗങ്ങളാണിവ. മൃഗങ്ങളില്‍ നിന്നും ഇവ മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ട്.  അതുകൊണ്ടു തന്നെയാണ് ഈ രോഗത്തിന്റെ വരവറിയിക്കും മുന്‍പ് ലോകാരോഗ്യസംഘടന കടുത്ത മുന്നറിയിപ്പും നൽകിയിരിക്കുന്നത്.

Read More : Health Magazine