Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂക്ഷിക്കുക, വൃക്കരോഗം കൂടുതൽ യുവാക്കളിൽ; കാരണം ഇതാണ്

kidney-disease

കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്തെ ഇൻഷുറൻസ് ക്ലെയിമുകളിൽ വൃക്ക രോഗവുമായി ബന്ധപ്പെട്ട് യുവാക്കളുടെ ക്ലെയിമുകൾ 26 ശതമാനം വർധിച്ചതായി കണക്കുകൾ. രാജ്യത്തെ മെട്രോ നഗരങ്ങളിലെ യുവാക്കൾക്കിടയിലാണു വൃക്ക രോഗം വ്യാപിക്കുന്നത്. 18 മുതൽ 35 വരെ പ്രായമുള്ളവരുടെ ക്ലെയിമുകളിലാണു വർധന. ലോക വൃക്കദിനവുമായി ബന്ധപ്പെട്ടാണ് എസ്ബിഐ ജനറൽ ഇൻഷുറൻസ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2017–18 സാമ്പത്തിക വർഷത്തിൽ 55 ശതമാനം ക്ലെയിമുകളും വൃക്കരോഗവുമായി ബന്ധപ്പെട്ടാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇൻഷുറൻസ് ട്രെൻഡ് റിപ്പോർട്ട് സൂചിപ്പിക്കുന്നതു വൃക്ക രോഗം ബാധിക്കുന്ന യുവാക്കളുടെ എണ്ണത്തിലുള്ള വർധനവാണ്. എന്താണ് ഇതിനു കാരണം? 

വേണം മുൻകരുതൽ
രക്തത്തിലെ മാലിന്യം നീക്കി ശുദ്ധീകരിക്കുന്നതാണു വൃക്കകളുടെ പ്രധാന ജോലി. ശരീരത്തിലെ രക്തസമ്മർദം നിയന്ത്രിക്കുന്നതിലും വൃക്കകൾക്കു പങ്കുണ്ട്. മിക്ക വൃക്ക രോഗങ്ങളും തുടക്കത്തിൽ കണ്ടെത്തിയാൽ ചികിൽസിച്ചു മാറ്റാൻ കഴിയുന്നതാണ്. എന്നാൽ യുവാക്കൾ ഇതിനെ അവഗണിക്കുകയാണു പതിവെന്നു ഡോക്ടർമാർ പറയുന്നു. രക്തസമ്മർദവും പ്രമേഹവും മൂലമുള്ള വൃക്ക രോഗങ്ങളാണു യുവാക്കളിൽ കൂടുതൽ.

Read More : വൃക്കരോഗം; ഈ 6 സൂചനകൾ അപകടകരം

എന്തുകൊണ്ടു യുവാക്കളിൽ ഇതു കൂടുതലായി കാണുന്നുവെന്ന ചോദ്യത്തിനു ആരോഗ്യകരമല്ലാത്ത ഭക്ഷണം, പുകവലി, മദ്യപാനം, അനാവശ്യമായി മരുന്നുകൾ കഴിക്കുക എന്നിവയാണു ഡോക്ടർമാർ നൽകുന്ന ഉത്തരം. മലയാളി യുവാക്കൾ രക്തസമ്മർദം കൂടിയാൽ അതു കാര്യമാക്കാറില്ലെന്നു അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്രഫ. ഡോ. അനിൽ മാത്യു പറയുന്നു. വിദേശത്തു ജോലിക്കു പോകും മുമ്പുള്ള വൈദ്യ പരിശോധനയിലാകും ബിപി കൂടിയതായി കാണുക. ഒരാഴ്ച മരുന്നു കഴിച്ചു ബിപി കുറച്ച ശേഷം നാടു വിടുന്നതോടെ പിന്നീടു പരിശോധനയ്ക്കൊന്നും സമയം കണ്ടെത്തില്ല. അമിത രക്തസമ്മർദം വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്. രക്തസമ്മർദം കൂടിയാൽ കൃത്യമായി  കാരണം കണ്ടെത്തുകയും ചികിൽസിക്കുകയും വേണം. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്നവരിൽ കൂടുതലും 20നും 30നും ഇടയിലുള്ളവരും 30നും 40 വയസ്സിനും ഇടയിലുള്ളവരുമാണെന്നു ഡോ. അനിൽ മാത്യു പറയുന്നു. ഏറ്റവും ഉൽപാദന ക്ഷമതയുള്ള യുവാക്കളെയാണു രോഗം ബാധിക്കുന്നതെന്നിരിക്കെ അതു സാമൂഹികമായി ഉണ്ടാക്കുന്ന ആഘാതം ഏറെ. 

പ്രമേഹവും രക്തസമ്മർദവും വില്ലൻമാർ
മാനസിക സമ്മർദം കുറയ്ക്കാൻ മദ്യപാനം ശീലമാക്കുന്നവരും ടെൻഷൻ പുകച്ചു തീർക്കുന്നവരും രോഗങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്. ഒന്നിനും സമയമില്ലാത്ത ജീവിതം നയിക്കുന്നവർക്കു പ്രമേഹവും രക്തസമ്മർദവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നു ഡോക്ടർമാർ പറയുന്നു. തിരക്കിട്ട ജീവിതം നയിക്കുന്നവർക്കു  കൃത്യസമയത്തു ഭക്ഷണം കഴിക്കാൻ കഴിഞ്ഞെന്നു വരില്ല. ഫാസ്റ്റ് ഫുഡ് കഴിക്കുന്നതോടെ അമിത വണ്ണം ഉണ്ടാകുന്നു. ഇതേത്തുടർന്നുണ്ടാകുന്ന പ്രമേഹവും രക്തസമ്മർദവുമാണു വൃക്ക രോഗങ്ങളിലേക്കു നയിക്കുന്ന പ്രധാന രണ്ടു കാരണങ്ങൾ.

പ്രമേഹം ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവങ്ങളിലൊന്നാണു വൃക്കകൾ. തെറ്റായ ജീവിത ശൈലി മൂലമുണ്ടാകുന്ന മെറ്റബോളിക് സിൻഡ്രോം എന്ന അവസ്ഥയിൽനിന്നാണു വൃക്ക രോഗങ്ങളുമുണ്ടാകുന്നത്. ഒരേ ഇരിപ്പുളള ജോലി, വ്യായാമം ഇല്ലായ്മ, ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, കാർബണേറ്റഡ് പാനീയങ്ങളുടെ അമിത ഉപയോഗം, ഫാസ്റ്റ് ഫുഡ് എന്നിവയാണു വൃക്ക രോഗങ്ങളിലേക്കു നയിക്കുന്നത്.

രക്തസമ്മർദം, പ്രമേഹം എന്നിവ ബാധിച്ച 60 ശതമാനം പേർക്കു വൃക്ക രോഗങ്ങളുണ്ടെന്നാണു കണ്ടെത്തിയത്. രാജ്യത്ത് ഒരോ വർഷവും ഒന്നര ലക്ഷം പുതിയ വൃക്ക രോഗികളുണ്ടാകുന്നുവെന്നാണു കണക്ക്. രോഗങ്ങൾ യുവാക്കളുടെ മാനസികനിലയെ ബാധിക്കുന്നതായും പഠനങ്ങൾ പറയുന്നു. അമിതവണ്ണം ഉണ്ടാകുന്നതോടെ കൂട്ടുകാർക്കിടയിൽ ഒറ്റപ്പെടുകയും അത് ആത്മവിശ്വാസത്തെ  ബാധിക്കുകയും മാനസിക പ്രശ്നങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു. 

മരുന്നുകളുടെ അമിത ഉപയോഗം
ഇന്റർനെറ്റിൽ തപ്പി മരുന്നു വാങ്ങിക്കഴിക്കുന്നവരാണു മലയാളികൾ. ചെറിയ തലവേദന മുതൽ വലിയ രോഗങ്ങൾക്കു വരെ ഇങ്ങനെ സ്വയം ചികിൽസ നടത്തുന്നുവരുണ്ട്. വേദന സംഹാരികളാണു വൃക്കകളെ ബാധിക്കുന്നത്. ചെറിയ വേദനകൾക്കു പോലും വേദന സംഹാരികൾ കഴിക്കുന്നവരായി മലയാളികൾ മാറിയിട്ടുണ്ട്. ഫൂഡ് സപ്ലിമെന്റുകളിൽ ചിലതു വൃക്കകൾക്കു ദോഷകരമാണ്. ലോഹങ്ങളുടെ അംശമുള്ള  മരുന്നുകളും വൃക്കകളെ ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു.

Read More : ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ തകരാറിലാകുന്നത് വൃക്കയാണ്

കേരളത്തിൽ യുവാക്കളിൽ കണ്ടുവരുന്ന പ്രധാന രോഗങ്ങൾ

ഐജിഎ നെഫ്രോപതി

എറണാകുളം ജന. ആശുപത്രിയിൽ രണ്ടര വർഷമായി ഐജിഎ നെഫ്രോപതി എന്ന രോഗത്തിനു 30 യുവാക്കൾ ചികിൽസയിലുണ്ടെന്നു ഡോ. സന്ദീപ് ഷേണായി പറയുന്നു. കുടലിലെ ആന്റിബോഡിയായ ഐജിഎ വൃക്കയിൽ അടിഞ്ഞു കൂടിയുണ്ടാകുന്ന രോഗാവസ്ഥയാണിത്. ജനിതകമാറ്റങ്ങൾ മൂലം ഈ രോഗം വരാം. വൃക്കയിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണിത്. അമിതവണ്ണമുളളവരിൽ ഈ രോഗം പെട്ടന്നു കൂടുന്നു.

മീസോ അമേരിക്കൻ നെഫ്രോപതി

പേരിൽ അമേരിക്കയുണ്ടെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ഏറ്റവും കൂടുതൽ ഉണ്ടാകുന്ന രോഗമാണിത്. കനത്ത ചൂടിൽ ജോലി ചെയ്യുകയും ദാഹമകറ്റാൻ കോള കുടിക്കുകയും ചെയ്യുമ്പോൾ ശരീരത്തിൽ നിർജലീകരണം സംഭവിച്ചുണ്ടാകുന്ന വൃക്ക രോഗമാണു മീസോ അമേരിക്കൻ നെഫ്രോപതി. മധ്യ അമേരിക്കയിൽ കൃഷിയിടത്തിൽ കനത്ത ചൂടിൽ ജോലി ചെയ്യുന്നവർക്ക് പതിവായിരുന്ന രോഗമായതിനാലാണു മീസോ അമേരിക്കൻ എന്ന പേരു ലഭിച്ചത്. 

ഇതിന്റെ മറ്റൊരു രൂപമാണു കേരളത്തിൽ കാണുന്നത്. വൃക്ക രോഗം വന്നവർ  അമിതമായി പ്രോട്ടീൻ ഉളള ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും ഡോക്ടർമാർ പറയുന്നു. 

ബീഫ് ഉൾപ്പെടെ റെഡ് മീറ്റ് ഉപയോഗം കുറയ്ക്കണം. വൃക്കകളുടെ വർക്ക്‌ലോഡ് കുറച്ചാൽ അവയുടെ ആയുസ്സ് കുറച്ചു കൂടി നീട്ടിക്കിട്ടും.

വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങൾ

∙ മൂത്രത്തിൽ പത

∙ വേദനയില്ലാതെ മൂത്രത്തിലൂടെ രക്തം പോവുക

∙ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കുക

∙ രക്തക്കുറവു കാരണമുള്ള ക്ഷീണം

∙ വിശപ്പില്ലായ്മ, കൈകാലുകളിൽ കോച്ചിപ്പിടിത്തം

∙ ബിപി കൂടുക

പ്രതിരോധിക്കാം

∙ ധാരാളം വെള്ളം കുടിക്കുക

∙ ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക

∙ കാർബണേറ്റഡ് ഡ്രിങ്കുകൾ, സോഡ എന്നിവ ഒഴിവാക്കുക

∙ ബേക്കറി ഐറ്റങ്ങൾ കഴിക്കാതിരിക്കുക

∙ മധുരം കുറയ്ക്കുക, എണ്ണപ്പലഹാരങ്ങൾ ഒഴിവാക്കുക

∙ ചിട്ടയായ വ്യായാമം ശീലിക്കുക

∙ മിതമായ ഭക്ഷണം കഴിക്കുക 

∙ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക

വിവരങ്ങൾക്ക് കടപ്പാട്:

പ്രഫ. ഡോ. അനിൽ  മാത്യു (നെഫ്രോളജി വിഭാഗം, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി) 

ഡോ. ജി. സന്ദീപ് ഷേണായി (നെഫ്രോളജി വിഭാഗം, ജന. ഹോസ്പിറ്റൽ, എറണാകുളം)

Read More : ആരോഗ്യവാർത്തകൾ