Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഥമശുശ്രൂഷയുടെ പ്രാധാന്യം; മകന്റെ ജീവൻ രക്ഷിച്ച അച്ഛൻ പറയുന്നു

alec-brown-family

ഏതൊരാളും അടിസ്ഥാനപരമായി അറി‍ഞ്ഞിരിക്കേണ്ട ഒന്നാണ് പ്രഥമശുശ്രൂഷ. എപ്പോഴാണ് ആർക്കാണ് ഇത് ആവശ്യമായി മാറുകയെന്നത് പറയാൻ സാധിക്കില്ല. ഇവിടെ ഒരച്ഛൻ സിപിആർ നൽകി എട്ടു മാസം പ്രായമുള്ള മകനെ രക്ഷിച്ച കഥ പങ്കുവയ്ക്കുകയാണ്.

അലെക് ബ്രൗണ്‍ എന്ന പിതാവിന് ഇപ്പോഴും കഴിഞ്ഞ മാസം താന്‍ നേരിട്ട ആ സംഭവത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. സ്കോട്ട്ലന്‍ഡിലെ ഒരു ഉള്‍പ്രദേശത്തു താമസിക്കുന്ന അലെക്കും കുടുംബവും നന്ദി പറയുന്നത് അലെക് യാദൃച്ഛികമായി പങ്കെടുത്ത ഒരു കോഴ്സിനോടാണ്. കാരണം അതു വഴി അറിയാന്‍ സാധിച്ച പ്രധാനശ്രുശ്രുഷാനടപടികളാണ് എട്ടു മാസമുള്ള മകനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. അലെക്കിന്റെയും കൈലിയുടെയും മകന്‍ റോദിഡിന് അന്ന് സാമാന്യം നല്ല പനിയുണ്ടായിരുന്നു. കൈലി അവനെ കസേരയില്‍ ഇരുത്തി ആഹാരം പാകം ചെയ്യാനായി പോയി. അല്‍പസമയം കഴിഞ്ഞു വന്ന കൈലി കണ്ടത് കുഞ്ഞ് തളര്‍ന്നു കിടക്കുന്നതാണ്. കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നില്ല. ഉടന്‍ അവര്‍ ആംബുലന്‍സ് സര്‍വീസ് ആവശ്യപ്പെട്ടു സന്ദേശമയച്ചു.

കുഞ്ഞിനെ ചേര്‍ത്തു പിടിക്കുന്നതിനിടയിലാണ് അലെക് അത് ശ്രദ്ധിച്ചത്, അവന്റെ ചുണ്ടുകള്‍ നീലനിറമായിരിക്കുന്നു. അതിനു അല്‍പനാളുകള്‍ക്കു മുന്‍പാണ് അലെക് ഇൻഫന്റ് ഫസ്റ്റ് എയ്ഡ് കോഴ്സില്‍ പങ്കെടുക്കുകയും സിപിആർ ചെയ്യുന്നത് എങ്ങനെയെന്നു മനസ്സിലാക്കുകയും ചെയ്തത്. ഉടന്‍ അലെക് മകന് കൃത്രിമശ്വാസം നല്‍കുകയും അവന്റെ നെഞ്ചില്‍ അമര്‍ത്തുകയും ചെയ്യാന്‍ തുടങ്ങി. പെട്ടെന്നു കുഞ്ഞു ശ്വാസമെടുക്കാനും ചുമയ്ക്കാനും തുടങ്ങി. 

വൈകാതെ തന്നെ എയര്‍ ആംബുലന്‍സ് എത്തുകയും കുഞ്ഞിനെ ഗ്ലാസ്ഗോയിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

കടുത്ത വൈറല്‍ ഇൻഫെക്ഷനായിരുന്നു കുഞ്ഞിനെന്നു പിന്നീട് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുഞ്ഞുങ്ങള്‍ക്ക്‌ എങ്ങനെ സിപിആർ നല്‍കാം എന്നതു സംബന്ധിച്ച് അന്ന് മനസ്സിലാക്കാന്‍ സാധിച്ചതാണ് കുഞ്ഞിന്റെ ജീവന്‍ തിരിച്ചു ലഭിക്കാന്‍ സഹായിച്ചതെന്ന് അലെക് ഓര്‍ക്കുന്നു. ഉള്‍പ്രദേശത്തു കഴിയുന്ന തങ്ങള്‍ക്കു ഇത്തരം അറിവുകള്‍ എങ്ങനെയൊക്കെ പ്രയോജനകരമാണ് എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്ന് അലെക് പറയുന്നു. 

ഓരോരുത്തരും ഇത്തരം പ്രഥമശ്രുശ്രൂഷാനടപടികള്‍ പഠിച്ചു വയ്ക്കുന്നത് എപ്പോഴും ഉപകാരപ്രദമാണ്. അതുകൊണ്ട് ചിലപ്പോള്‍ രക്ഷിക്കാന്‍ സാധിക്കുന്നത്‌ ഒരു ജീവനാകും.

Read More : Health Magazine