Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാർധക്യത്തിലെ വിഷാദാവസ്ഥ

oldage

പ്രശ്നം:  റിട്ടയർ ചെയ്തു വിശ്രമജീവിതം നയിക്കുകയാണു ഞങ്ങൾ. ചില്ലറ ആരോഗ്യപ്രശ്നങ്ങൾ (ഷുഗർ, പ്രഷർ) എന്നിവയൊഴിച്ചാൽ മറ്റു വലിയ കുഴപ്പങ്ങൾ ഒന്നുമില്ല. മക്കൾ രണ്ടുപേർക്കും ജോലി ആയി അവരവരുടെ ജോലിസ്ഥലങ്ങളിൽ ആണ്. മൂത്ത മകന്റെ വിവാഹം കഴിഞ്ഞു. കഴിഞ്ഞ രണ്ടുമൂന്നു മാസമായി ഭാര്യയ്ക്കു വലിയ ടെൻഷനും വെപ്രാളവുമാണ്. വെളുപ്പിന് മൂന്നുമൂന്നര മണിക്ക് ഉറക്കം തെളി‍ഞ്ഞാൽ പിന്നെ ഉറക്കമില്ല. അസ്വസ്ഥതയായിട്ട് വീട്ടിനുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്. ആർക്കും അവളോടു സ്നേഹമില്ല, മക്കൾ ആരും അവളോട് ഒന്നും പറയുന്നില്ല എന്നൊക്കെ പരാതിയാണ്. ‘‘ജാതകത്തിൽ 62 വയസ്സിനുശേഷം ‘‘ശേഷം ചിന്ത്യം’’ എന്നു ജ്യോൽസ്യൻ എഴുതിയതുകൊണ്ട് ഉടനെ മരിച്ചുപോകും എന്നൊക്കെപ്പറഞ്ഞു വേവലാതിയാണ് എന്റെ ഭാര്യയ്ക്ക്്. ആശുപത്രിയിലേക്കു പോകുന്ന ആംബുലൻസ് ഹോൺ മുഴങ്ങുമ്പോഴും, ആശുപത്രിയിൽനിന്നു മൃതദേഹങ്ങൾ വിലാപഗീതങ്ങൾ പാടി കൊണ്ടുപോകുമ്പോഴും ‘‘എന്റെ സമയം അടുത്തു‌’’ എന്നു പറഞ്ഞു പേടിക്കുകയാണ്. ഈ പേടി മാറട്ടെ എന്നു വിചാരിച്ചു കുറച്ചുനാൾ ഞങ്ങൾ കുടുംബ വീട്ടിലേക്കു മാറിത്താമസിച്ചു നോക്കി. ഒരു ഫലവുമില്ല. എന്തു  വേണം എന്നു ഡോക്ടറുടെ ഉപദേശത്തിനായി കാത്തി രിക്കുന്നു.

പ്രതികരണം : താങ്കളുടെ ഭാര്യ ഇപ്പോൾ കടന്നുപോകുന്നത് ഗൗരവതരമായ വിഷാദാവസ്ഥയിൽകൂടിയാണ്. ആകുലചിന്തകൾ, നിരാശാ ഭരിതമായ ആലോചനകൾ, മുൻപു താൽപര്യമുണ്ടായിരുന്ന കാര്യങ്ങളി‍ൽ എല്ലാം വിരസത അനുഭവപ്പെടുക, പുലർച്ചെയുള്ള ഉണരൽ, തനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നൽ, ആത്മവിശ്വാസക്കുറവ്, മരണ ചിന്ത ഇവയെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്.

മനസ്സ് വിഷാദഭരിതമായിരിക്കുമ്പോൾ സാധാരണ പ്രശ്നങ്ങൾ പോലും ഭയാനകമായ പ്രതിസന്ധികൾ ആയി ആ വ്യക്തിക്ക് അനുഭവപ്പെടാം. ജാതകത്തിൽ 62 വയസ്സിനുശേഷം ചിന്ത്യം എന്നെഴുതിയത് നല്ല മൂഡ് ഉള്ളപ്പോൾ ഗൗരവതരമായ ഒരു പ്രശ്നമായി തോന്നില്ല. മൂഡ് താഴ്ന്ന അവസ്ഥയിൽ ആണ് ഇത് ഒരു മരണ വാറന്റായി അനുഭവപ്പെടുന്നത്. വൈകാരികാവസ്ഥ സാധാരണ നിലയിൽ ആണെങ്കിൽ ആംബുലൻസിന്റെ ഹോണോ വിലാപഗീതങ്ങളോ ഒന്നും തലച്ചോറിൽ വലിയ പ്രതികരണങ്ങൾ  ഉണ്ടാക്കില്ല – പക്ഷേ, വിഷാദഭാവത്തിൽ ആണ് മനസ്സിന്റെ വൈകാരിക അവസ്ഥ നിൽക്കുന്നത് എങ്കിൽ ഇവയൊക്കെ വരാനിരിക്കുന്ന ആപത്തിന്റെ സൂചനയായി തലച്ചോർ വ്യാഖ്യാനിച്ചെടുക്കും 

ഇക്കാര്യം മനസ്സിലാക്കിയാൽ പിന്നെ പ്രശ്നപരിഹാരത്തിലേക്കു കടക്കാം. ഇത്രമാത്രം ഗൗരവമായ വിഷാദാവസ്ഥയ്ക്കു പിന്നിൽ മസ്തിഷ്കത്തിന്റെ രസതന്ത്രത്തിലെ വ്യതിയാനം തന്നെ ആകും. നമ്മുടെ വികാരവിചാരങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് നാഡീവ്യൂഹവും അതിലെ സിരാകേന്ദ്രങ്ങളും ആണ് എന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഈ രസതന്ത്ര വ്യതിയാനത്തിനു കാരണമായി ശാരീരിക രോഗങ്ങൾ (ഉദാഹരണം – തൈറോയ്ഡ് രോഗങ്ങൾ) വല്ലതുമുണ്ടോ എന്നത് ആദ്യംതന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു. ഉണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കണം. അല്ലാത്തപക്ഷം വിഷാദാവസ്ഥയിൽനിന്നു തലച്ചോറിനെ സാധാരണാവസ്ഥയിലേക്കു എത്തിക്കാനായി വിഷാദശമന ഔഷധങ്ങൾ ഒരു സൈക്യാട്രിസ്റ്റിന്റെ മേൽനോട്ടത്തിൽ കഴിക്കണം.

ഔഷധചികിൽസ തുടങ്ങി ഏതാനും ആഴ്ചയ്ക്കുള്ളിൽ മാനസികാവസ്ഥയിൽ വളരെ പുരോഗതി പ്രതീക്ഷിക്കാവുന്നതാണ്. മൂഡ് മെച്ചപ്പെടുകയും ആകുലചിന്തകൾ മാറിവരുകയും ചെയ്യുന്ന ഘട്ടത്തിൽ വിഷാദത്തിലേക്കു നയിക്കുന്ന ചിന്തകളെ തിരുത്താൻ ഉതകുന്ന സൈക്കോതെറപ്പി സൈക്യാട്രിസ്റ്റിന്റെയൊ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയൊ മേൽനോട്ടത്തിൽ ചെയ്യുന്നതു വളരെ ഫലപ്രദമായിരി ക്കും.‌ മിതമായ വ്യായാമം, നേരത്തേ ഏർപ്പെട്ടിരുന്ന പ്രവൃത്തികളിൽ ഒക്കെ സജീവമാകൽ, ആത്മീയകാര്യങ്ങളിലുള്ള ഏർപ്പെടലുകൾ ഒക്കെ മാനസികാരോഗ്യം നിലനി‍ർത്താനും വിഷാദാവസ്ഥ വീണ്ടും ആവർത്തിക്കാതിരിക്കാനും ഒരു പരിധി വരെ ഫലപ്രദമാണ്. വിഷാദശമന ചികിൽസകൾ ഫലപ്രദമാകാൻ ഏതാനും ആഴ്ച വേണ്ടിവരും.