Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്യപൂർവമായ ജനനത്തിനു തുണയായി ബ്ലഡ് ഡോണേഴ്സ് കേരള

agnus-baby

കോട്ടയം കാരിത്താസ് ആശുപത്രി ഇന്ന് അത്യപൂർവമായൊരു ജനനത്തിനു സാക്ഷിയായി. ബോംെബ ബ്ലഡ്ഗ്രൂപ്പ് എന്ന അപൂർവമായ രക്തഗ്രൂപ്പിൽപ്പെട്ട യുവതിക്ക് ആൺകുഞ്ഞു പിറന്നു. ഇന്ത്യയിൽതന്നെ 17600 പേരിൽ ഒരാൾക്കു മാത്രമാണ് ഈ രക്തഗ്രൂപ്പ് കാണപ്പെടുക. ഇതുവരെ റജിസ്റ്റർ ചെയ്ത കണക്കുകൾ പ്രകാരം ഇന്ത്യയിൽ 179 പേർക്കാണ് ബോംബെ രക്തഗ്രൂപ്പ് ഉള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്.

കുമളി സ്വദേശികളായ ഷിജോ തോമസിനും ആഗ്നസ് ലൂർദ് മേരിക്കുമാണ് ആദ്യകൺമണി പിറന്നത്. ഗൈനക്കോളജിസ്റ്റ് ഡോ. റെജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ 8.45നു സിസേറിയനിലൂടെയാണ് കു‍ഞ്ഞിനെ പുറത്തെടുത്തത്. ശാരീരകമായി മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും കുഞ്ഞിന് അൽപ്പം ഭാരക്കൂടുതലുണ്ടായിരുന്നതിനാലാണ് ശസ്ത്രക്രിയ തിരഞ്ഞെടുത്തതെന്ന് ഡോ. റെജി മനോരമ ഓൺലൈനോടു പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

കട്ടപ്പനയിലെ ആശുപത്രിയിൽ നിന്നുമാണ് ആഗ്നസ് കാരിത്താസിൽ എത്തുന്നത്. ഇവിടുത്തെ രക്തപരിശോധനയിലാണ് ബോംബെഗ്രൂപ്പ് ആണെന്നു തിരിച്ചറിഞ്ഞത്. അത്യാവശ്യം വന്നാൽ ഡോണറെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒഴികെ മറ്റ് പ്രശ്നങ്ങളൊന്നും ഈ ഗ്രൂപ്പുകാർക്കില്ലെന്ന് പതോളജിസ്റ്റ് ഡോ. അഞ്ജു പറഞ്ഞു. അതിനാൽത്തന്നെ ആശുപത്രിയിൽ ഈ രക്തഗ്രൂപ്പുകാരുടെ വിവരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നിൽക്കണ്ട് രക്തം കരുതിവയ്ക്കാറുമുണ്ട്.

shabeeb-jayaprakash മുഹമ്മദ് ഷബീബ്, ജയപ്രകാശ്

ബോംെബ ഗ്രൂപ്പ് ആണെന്നും ഡോണറെ വേണമെന്നും കേട്ടപ്പോൾ ആദ്യം വലിയ ടെൻഷനായിരുന്നെന്ന് ചൈന്നൈയിൽ ഉദ്യോഗസ്ഥനായ ഷിജോ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് അമ്മയെയും കുഞ്ഞിനെയും കണ്ടശേഷമാണ് ആശ്വാസമായത്.  രക്തഗ്രൂപ്പ് ഒ പോസിറ്റീവ് ആണെന്നായിരുന്നു കരുതിയിരുന്നത്. ഇവിടെ എത്തിയപ്പോഴാണ് അപൂർവഗ്രൂപ്പ് ആണെന്ന് അറിയുന്നത്. പിന്നെ ഡോണറെ കണ്ടെത്താനുള്ള ഓട്ടമായിരുന്നു. ആശുപത്രി അധികൃതരുടെയും ബ്ലഡ് ഡോണേഴ്സ് കേരളയുടെയും സഹായത്തോടെ രണ്ട് ഡോണേഴ്സിനെ കണ്ടെത്തി. വിളിച്ചു പറഞ്ഞ രാത്രി തന്നെ എറണാകുളത്തു നിന്ന് തിരിച്ച് ആശുപത്രിയിലെത്തി രക്തം നൽകിയിട്ടു പോയ ജയപ്രകാശ്, അതുപോലെ മലപ്പുറത്തുനിന്നും വന്ന മുഹമ്മദ് ഷബീബ് ഇവരോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല. യാതൊരു പ്രതിഫലവും വാങ്ങിയില്ലെന്നു മാത്രമല്ല സൈലന്റായി തിരിച്ചു പോകുകയും ചെയ്തു. ബ്ലഡ് ഡോണേഴ്സ് കേരള പ്രതിനിധികളായ സമീർ പേരിങ്ങോടി, നേരിട്ടുകണ്ട് വേണ്ട സഹായങ്ങളെല്ലാം ചെയ്ത ജോമോൻ, രക്തം വീണ്ടും ആവശ്യം വരുമെങ്കിലോ എന്നു കരുതി സ്റ്റാൻഡ് ബൈ ആയി നിന്ന ഡോണർ ആദർശ്, അതുപോലെ ഒന്നുകൊണ്ടും പേടിക്കാനില്ലെന്നും യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും പറഞ്ഞു വേണ്ട ധൈര്യം തന്ന ഡോ. റെജി, കാരിത്താസ് ആശുപത്രിയിലെ മറ്റു ജീവനക്കാർ.. ഇവരെല്ലാം ഇപ്പോൾ നമുക്കു ദൈവത്തിനു തുല്യമാണ്. എത്ര നന്ദി പറഞ്ഞാലും ഇവർ ചെയ്ത സത്കർമത്തിനും പകർന്നുതന്ന ധൈര്യത്തിനും പകരമാവില്ലെന്നു ഷിജോ പറയുമ്പോൾ ആ മുഖത്തു കാണാം  അനുഭവിച്ച ടെൻഷനും അതിജീവിച്ചതിന്റെ ആശ്വാസവും.

blood-2 ബ്ലഡ് ഡോണേഴ്സ് കേരളയുടെ കോട്ടയം പ്രതിനിധികൾ ജയപ്രകാശിനൊപ്പം

ഈയൊരനുഭവം തന്ന പാഠത്തിൽ ഞാനും ഭാര്യയും ബ്ലഡ് ഡൊണേഷൻ കേരളയിൽ അംഗങ്ങവാകുകയും ചെയ്തു. ആർക്ക് ആവശ്യം വന്നാലും ഞങ്ങളെക്കൊണ്ട് കഴിയുന്ന രീതിയിൽ രക്തം നൽകി സഹായിക്കുകയും ചെയ്യും- രക്തദാനം മഹാദാനമെന്ന സന്ദേശം ഞങ്ങളും പഠിച്ചു കഴിഞ്ഞു.– ഷിജോ പറയുന്നു.

എന്താണ് ബോെബെ ബ്ലഡ് ഗ്രൂപ്പ്

സാധാരണയുള്ള എ, ബി, ഒ ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ 'എച്ച്'(ഒ) ആന്റിജൻ ഇല്ലാത്ത ്പൂർവ രക്തഗ്രൂപ്പാണ് ഇത്. ഒ ഘടകത്തെ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു എൻസൈമിന്റെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണം. ഗ്രൂപ്പു നിര്‍ണയിക്കാനുള്ള രക്തപരിശോധനകളില്‍ ഇത്തരക്കാരുടെ രക്തം 'ഒ' ഗ്രൂപ്പായി കാണിക്കുന്നതിനാല്‍ Oh എന്നാണ് ഇവരുടെ ഗ്രൂപ്പിനെ രേഖപ്പെടുത്തുന്നത്.

1952ല്‍ മുംബൈയില്‍ ഡോ. ഭെന്‍ഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേര്‍ന്ന കര്‍ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബെ ഒ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബെ ഗ്രൂപ്പ് എന്നു പേരു വന്നത്.