ADVERTISEMENT

കീറ്റോ ഡയറ്റ് പിന്തുടർന്നിരുന്ന ബോളിവുഡ് നടി മിസ്തി മുഖർജി വൃക്കത്തകരാറു മൂലം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കീറ്റോ ഡയറ്റാണ് നടിയുടെ ജീവൻ അപഹരിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. കീറ്റോ ഡയറ്റിൽ കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറവും കൊഴുപ്പിന്റെയും പ്രോട്ടീന്റെയും അളവ് കൂടുതലുമാണ്. പ്രോട്ടീൻ കൂടിയ അളവിൽ എത്തുന്നത് ചിലരിൽ വൃക്കരോഗങ്ങൾ ഗുരുതരമാക്കുന്നുണ്ട്. ഈ അവസരത്തിൽ കീറ്റോ ഡയറ്റിന്റെ അപകടസാധ്യതകൾ എന്തൊക്കെയെന്നു നോക്കാം.

99 ശതമാനം കാലറിയും കൊഴുപ്പിൽനിന്നും മാംസ്യത്തിൽ (protein) നിന്നും വെറും ഒരു ശതമാനം അന്നജത്തിൽനിന്നും ലഭിക്കുന്ന ഡയറ്റ് ആണ് കീറ്റോ. പോഷകാഹാര വിദഗ്ധരും വൈദ്യശാസ്ത്ര വിദഗ്ധരും അടങ്ങിയ ഒരു പാനൽ ലോകത്തിലെ ഏറ്റവും മോശം ഡയറ്റ് ആയി തിരഞ്ഞെടുത്തത് കീറ്റോ ആയിരുന്നു. പോഷകങ്ങൾ പൂർണമായും ലഭിക്കുമോ, ഡയറ്റ് പിന്തുടരാൻ എത്രമാത്രം എളുപ്പമാണ്, ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും ശരീരഭാരം കുറയ്ക്കാനുള്ള കഴിവ്, പാർശ്വഫലങ്ങൾ, ഹൃദ്രോഗം, പ്രമേഹം മുതലായ രോഗങ്ങളെ തടയാനുള്ള കഴിവ് ഇവയെല്ലാം പരിശോധിച്ചായിരുന്നു ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. 

ഹൃദയാരോഗ്യമേകുന്ന ഡയറ്റുകളിൽ ഏറ്റവും പിന്നിലായിരുന്നു കീറ്റോ. പൂരിതകൊഴുപ്പുകളായ വെണ്ണ, റെഡ്മീറ്റ് ഇവ ധാരാളം ഈ ഡയറ്റിൽ ഉപയോഗിക്കുന്നതിനാൽ ഇത് ഹൃദ്രോഗസാധ്യത കൂട്ടും. സുസ്ഥിരതയുടെ കാര്യത്തിലും കീറ്റോ പുറകിൽ തന്നെ. അന്നജം ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണം ഇതിലുണ്ട്. ചില പഴങ്ങൾ, മുഴുധാന്യങ്ങൾ, അന്നജം ഉള്ള പച്ചക്കറികൾ ഇവയ്ക്കൊന്നും കീറ്റോയിൽ സ്ഥാനമില്ല. 

ഈ ഡയറ്റ് ആരംഭിച്ച് രണ്ടു മുതൽ ഏഴു വരെ ദിവസം ആകുമ്പോൾ തലവേദന, ക്ഷീണം, തലയ്ക്കു ഭാരം, അസ്വസ്ഥത, ഓക്കാനം, ഉറങ്ങാൻ പ്രയാസം, മലബന്ധം ഇവ ഉണ്ടാകുന്നതായി പറയുന്നു. ഫൈബർ അഥവാ നാരുകൾ വളരെ കുറഞ്ഞ ഡയറ്റ് ആണിത്. അതിനാൽ നാരുകൾ കൊണ്ടുള്ള പ്രയോജനം ശരീരത്തിനു ലഭിക്കാതെ വരുന്നു. നാരുകൾ കുറവായതുകൊണ്ട് മലബന്ധം, കോളൻ കാൻസർ എന്നിവയ്ക്കും സാധ്യതയേറുന്നു.

പ്രമേഹരോഗികളിൽ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന അവസ്ഥയ്ക്കും ഈ ഡയറ്റ് കാരണമാകുന്നുണ്ട്. കാർബോഹൈ‍ഡ്രേറ്റ് വളരെ കുറഞ്ഞ ഭക്ഷണരീതി, ഹൃദയസംബന്ധമായ രോഗങ്ങൾക്കും സെറിബ്രോ വാസ്കുലാർ രോഗങ്ങൾക്കും കാൻസർ മരണങ്ങൾക്കും ഉള്ള സാധ്യത കൂട്ടുന്നു. 

മാംസത്തിൽ നിന്നുള്ള പ്രോട്ടീൻ അധികം ശരീരത്തിലെത്തുന്നതു വൃക്കരോഗികൾ, യൂറിക് ആസിഡ് പ്രശ്നമുള്ളവർ തുടങ്ങിയവരെ അപകടാവസ്ഥയിലെത്തിക്കാം. ശരീരത്തിനാവശ്യമായ എല്ലാ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ലഭിക്കാതെ വരുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം.

പാർശ്വഫലങ്ങൾ അവഗണിച്ചാൽ, വളരെ പെട്ടെന്നു ശരീരഭാരം കുറയുന്നു എന്ന ഗുണം മാത്രമാണ് കീറ്റോയിൽ കാണുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. നൂറുകിലോയിൽ കൂടുതൽ ശരീരഭാരം ഉള്ളവർക്കാണ് ഈ ഡയറ്റ് കൂടുതൽ യോജിക്കുന്നത്. 

English Summary : Dangers of keto diet, Mishti Mukherjee passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com