ADVERTISEMENT

ഒരിക്കൽ കോവിഡ്  വന്നുപോയാൽ പിന്നെ തന്റെ കാര്യം സുരക്ഷിതമായി എന്ന് കരുതുന്നവരാണ് നമ്മുടെ ചുറ്റുമുള്ളവരിൽ പലരും. എന്നാൽ രണ്ടാമതൊരു കോവിഡ്  അണുബാധയ്ക്കുള്ള സാധ്യതകളേറെയാണെന്നും ചില പ്രത്യേക വിഭാഗത്തിലുള്ള ആളുകൾ ഇത് കരുതിയിരിക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

ലോകമെമ്പാടും നൂറിൽപരം കേസുകൾ മാത്രമേ ഒരിക്കൽ കൂടി കോവിഡ് വന്ന രോഗികളുടെതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാലിത് അസംഭവ്യം അല്ലെന്നും വീണ്ടും കോവിഡ് ബാധിക്കപ്പെടാനുള്ള സാധ്യതയ്ക്കെതിരെ കരുതിയിരിക്കണമെന്നും ഡോക്ടർമാർ പറയുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടി കണ്ടെത്തിയത് ഇക്കാര്യത്തിൽ ആശങ്കയേറ്റുന്നു.

പ്രതിരോധശേഷി  കുറഞ്ഞവർ, പ്രമേഹബാധിതർ, ആദ്യതവണ രോഗലക്ഷണങ്ങൾ ഇല്ലാതെയോ, തീവ്രത കുറഞ്ഞ രീതിയിലോ കോവിഡ് ബാധിക്കപ്പെട്ടവർ തുടങ്ങിയവർക്കാണ് ഒരിക്കൽ കൂടി കോവിഡ്  വരാൻ സാധ്യത കൂടുതൽ. ഒരു വർഷത്തിനുള്ളിൽതന്നെ ഇവരെ വീണ്ടും കൊറോണ വൈറസ് ബാധിക്കാം.

ടൈപ്പ് 2 പ്രമേഹ ബാധിതരായവർക്ക് കോവിഡ്  വരുന്ന അവസരത്തിൽ ആവശ്യത്തിന് ആന്റി ബോഡികൾ ശരീരത്തിൽ ഉണ്ടാകുന്നില്ലെന്ന് ഛണ്ഡിഗഡ് പിജിഐ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇതാകാം അവർക്ക് കോവിഡ്  വീണ്ടും വരാനുള്ള സാധ്യത വർധിപ്പിക്കുന്നത്.

കോവിഡ്  ഓരോ വ്യക്തിയെയും ഓരോ തരത്തിലാണ് ബാധിക്കുന്നത്. അവരെ  ബാധിക്കപ്പെട്ട വൈറസിന്റെ  ശക്തി, വൈറൽ ലോഡ്, പ്രതിരോധ ശേഷി  എന്നിവയെ അടിസ്ഥാനമാക്കിയിരിക്കും ഇത്. കോവിഡ്  മൂലം സങ്കീർണതകൾ ഉണ്ടായവരിൽ ഇതിനെതിരെയുള്ള പ്രതിരോധ പ്രതികരണം ശക്തമായിരിക്കും. എന്നാൽ രോഗലക്ഷണങ്ങൾ ഇല്ലാതെയോ തീവ്രത കുറഞ്ഞ രീതിയിലോ കോവിഡ് വന്നവർക്ക് ശരീരത്തിൽ കുറഞ്ഞ തോതിൽ മാത്രമേ ആന്റി ബോഡികൾ ഉണ്ടാവുകയുള്ളൂ. ഇവർക്ക് വീണ്ടും കോവിഡ്  ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

കോവിഡ് രോഗമുക്തരാകുന്ന സമയത്ത് മരുന്നുകൾ കൃത്യമായി കഴിക്കാത്തതും പ്രശ്നമുണ്ടാക്കുമെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡാനന്തര ലക്ഷണങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിരോധശേഷി വർധിപ്പിക്കാനും വൈറ്റമിൻ സപ്ലിമെന്റുകൾ അടക്കമുള്ള മരുന്നുകൾ സഹായിക്കുന്നു. കോവിഡ് ബാധിക്കപ്പെട്ട്  2 മാസം വരെയെങ്കിലും ഇക്കാര്യങ്ങളിൽ കർശന ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ്  രോഗമുക്തി നേടിയവരും വാക്സീൻ എടുക്കുന്നത് നന്നായിരിക്കുമെന്നാണ് പകർച്ചവ്യാധി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

English Summary : Who has a higher risk of coronavirus reinfection?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com