ADVERTISEMENT

കോവിഡ്– 19 ബാധിക്കാത്തവർ ഇപ്പോൾ ചുരുക്കം ആണെന്നു പറയാം. ഇതിനിടയിൽ കൊറോണ വൈറസിനു പല രൂപമാറ്റങ്ങളും സംഭവിച്ചെത്തി. കൊറോണയിൽതന്നെ ഭീകരനും അമ്പതു ശതമാനം കൂടുതൽ സാംക്രമിക ശക്തിയുമുള്ള യുകെ വേരിയന്റ് ബാധിച്ച കാനഡയിൽ താമസിക്കുന്ന ഡോ. ഉഷാ മേനോൻ അനുഭവം പങ്കുവയ്ക്കുന്നു. 

‘കഴിഞ്ഞ നാലഞ്ച് ആഴ്ചകളായി ഞാനും എന്റെ കുടുംബവും കൊറോണ എന്ന വില്ലനെ മല്ലിടുകയായിരുന്നു. അങ്ങനെ ഞങ്ങളും ഈ മഹാമാരി അനുഭവിച്ചറിഞ്ഞു. ശരിക്കും ഒരു ജീവിതാനുഭവമായിരുന്നു അത്. എന്നാൽ ദേവദൂതരായ ചില നല്ല മനുഷ്യരുടെ പ്രാർഥനയും സ്നേഹവും സഹായവും കൊണ്ട് ഞങ്ങൾ ഈ മഹാമാരിയെ നേരിട്ടു.

 കഴിഞ്ഞ മാസം കൃത്യമായി പറഞ്ഞാൽ ജനുവരി 15 ന് എന്റെ മകന് (കണ്ണൻ) ആണ് ആദ്യം ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. സഹിക്കാൻ പറ്റാത്ത തലവേദനയും പനിയുമായിരുന്നു തുടക്കം. പതിനാറുകാരനാണെങ്കിലും അസുഖം എന്തെങ്കിലും വന്നാൽ ഇപ്പോഴും അമ്മ വേണം. കുഞ്ഞിന് അസുഖം തുടങ്ങിയതോടെ എന്റെ മനസ്സമാധാനം പോയി. അന്നു രാത്രിതന്നെ കോവിഡ് ടെസ്റ്റ് ചെയ്യാൻ അപ്പോയിന്റ്മെന്റ് എടുത്തു. പിറ്റേന്ന് രാവിലെ ഓൺലൈൻ ക്ലാസ് എടുക്കാൻ തയാറാകുന്ന എന്നെ ‘അമ്മെ ഒന്ന് ഓടി വരുമോ….’ എന്ന് കണ്ണൻ വിളിച്ചു. കുറ്റിയിട്ടിരുന്ന വാഷ്‌റൂം വാതിൽ എങ്ങനെയോ തുറന്നു ഞാൻ അകത്തു കടന്നപ്പോൾ കണ്ടത് നിലത്തു കുഴഞ്ഞു വീണു കിടക്കുന്ന എന്റെ കുട്ടിയെ ആണ്. എന്തു ചെയ്യണമെന്ന് ഒരു നിമിഷം പകച്ചു നിന്ന ഞാൻ ഉറക്കെ നിലവിളിച്ചു. അത് കേട്ട് ഓടി വന്ന എന്റെ ഭർത്താവും ഞാനും കൂടെ അവനെ താങ്ങി ഇരുത്തി. പൊള്ളുന്ന പനി, ശരീരം ആകെ വിറയ്ക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു ... "അമ്മ, I am feeling very tired, my legs seem helpless " എന്ന്. ഈ പരിഭ്രാന്തിക്കിടയിൽ മാസ്ക് ധരിക്കാനോ ശാരീരിക അകലം പാലിക്കാനോ അച്ഛനമ്മമാരായ ഞങ്ങൾക്ക് കഴിഞ്ഞില്ല. പേടിയും വിഷമവും കൊണ്ട് എന്റെ ചങ്കു പിടക്കുകായായിരുന്നു. ശരിക്കും എനിക്ക് ഒരു പാനിക് അറ്റാക്ക് ഉണ്ടായി. ദൈവത്തിനെ ഉറക്കെ വിളിച്ചു, പ്രാർഥിച്ചു…… എന്റെ കുഞ്ഞിന് ഒന്നും വരുത്തരുതേ എന്ന്. 

കണ്ണൻ കോവിഡ് പോസിറ്റീവ് ആണെന്ന് ടെസ്റ്റ് എടുത്തതിനു രണ്ടാം ദിവസം അറിഞ്ഞു. അപ്പോഴേക്കും ഹെൽത്ത് ഡിപ്പാർട്മെന്റ് നിർദ്ദേശപ്രകാരം ഞങ്ങൾ സാമൂഹിക അകലം പാലിക്കാൻ തുടങ്ങി. കണ്ണനെ അവന്റെ മുറിയിൽ ഐസൊലേഷനിൽ ഇരുത്തി. ഞങ്ങൾ വേറെ മുറികളിൽ ഒറ്റയ്ക്ക് ഉറങ്ങാൻ തുടങ്ങി. വീടിനുള്ളിലും സദാ സമയവും മാസ്ക് ധരിച്ചു നടന്നു. എന്നിരുന്നാലും എനിക്ക് അവന്റെ മുറിയിൽ പോകാതിരിക്കാൻ കഴിഞ്ഞില്ല; ഞാൻ ഒരമ്മയല്ലേ. മാസ്ക് ധരിച്ചു ഞാൻ അവനെ ശുശ്രൂഷിച്ചു. രാത്രി ഇടയ്ക്കിടെ temperature നോക്കി മരുന്ന് സമയത്തിന് നൽകി. കുഞ്ഞായിരിക്കുമ്പോൾ ഇവിടെ ശൈത്യകാലത്ത് അവന് എപ്പോഴും കോൾഡും ആസ്മയും ഉണ്ടാകുമായിരുന്നു. എത്രയോ തവണ അവനെ വാരിയെടുത്ത് എമെർജൻസിയിലേക്കു ഓടിയിരിക്കുന്നു. എന്നാൽ ഈശ്വരാനുഗ്രഹത്താൽ കഴിഞ്ഞ നാല് അഞ്ചു വർഷങ്ങളായിട്ടു അവനു ശ്വാസം മുട്ടൽ വന്നിട്ടില്ല, പഫേർസ് ഉപായയോഗിക്കേണ്ടി വന്നിട്ടില്ല. എന്നിരുന്നാലും രാത്രി കിടക്കുമ്പോൾ എല്ലാം ഒരു ദുസ്സ്വപ്നം പോലെ ഈ പഴയ കാര്യങ്ങൾ എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു. ഞാൻ പ്രാർഥനയോടെ എന്റെ കുട്ടിയെ ശുശ്രൂഷിച്ചു. നല്ല ഭക്ഷണം നൽകി, (പ്രോട്ടീൻസ് അടങ്ങിയ നല്ല ഭക്ഷണം കഴിക്കണമത്രേ ക്ഷീണമകറ്റാൻ), vapourize ചെയ്യിച്ചു അങ്ങനെ അവന്റെ അസുഖം ഭേദമാവാൻ എന്നാൽ കഴിയുന്നതൊക്കെ ചെയ്തു. ഭക്ഷണം കഴിച്ചില്ലെങ്കിലും എന്റെ കുട്ടി അവൻ സ്വയം assemble ചെയ്ത അവന്റെ ഗെയിം കംപ്യൂട്ടറും സ്മാർട്ട് ഫോണും നോക്കാതെ ഇരിക്കുന്നത് ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. കൊറോണ അവനെക്കൊണ്ട് അതും ചെയ്യിപ്പിച്ചു. കിടക്കയിൽ നിന്ന് ഒന്ന് എഴുനേറ്റു നിൽക്കാൻ കഴിഞ്ഞാലല്ലേ ഇതൊക്കെ ചെയ്യാൻ പറ്റൂ.

മൂന്നാം ദിവസം പിന്നിടുമ്പോൾ എന്റെ ഭർത്താവിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങി. പൊതുവെ ശരീരത്തിന്റെ ഒരു ഭാഗം പോയാലും “ഏയ് എനിക്കൊന്നും ഇല്ല” എന്ന മനോഭാവമുള്ള  ഭർത്താവു പോലും സഹിക്കാവുന്നതിലും അപ്പുറമുള്ള ശരീര വേദനയും പനിയും കൊണ്ട് കഷ്ടപെടുന്നതാണ് ഞാൻ കണ്ടത്. ഞങ്ങൾക്കെല്ലാവർക്കും ഇത് പിടിപെടും എന്ന് ഉറപ്പായിരുന്നു. പണ്ടാരോ പറഞ്ഞ പോലെ “എന്റെ നമ്പർ എപ്പോ വരും” എന്ന് മാത്രമേ നോക്കിയിരുന്നുള്ളു. വീട്ടിലെ ഓരോരുത്തരെ ആയി കൊറോണ ആക്രമിക്കുമ്പോൾ, ഞാൻ ഓടി നടന്ന് അടുത്ത രണ്ടു മൂന്ന് ആഴ്ചകളിലേക്കുള്ള ഭക്ഷണവും മറ്റും പാകം ചെയ്തു ഫ്രീസറിൽ കയറ്റുന്ന തിരക്കിലായിരുന്നു. ഈ അന്യ നാട്ടിൽ വീട്ടിലെ പണികളും പാചകവുമെല്ലാം എന്റെ ഡ്യൂട്ടി തന്നെ; പോരാത്തതിന് കൊറോണയും. 

സാധാരണ വഴിയിലൂടെ കടന്നു പോകുന്ന ഏതു തരത്തിലുള്ള ഫ്ലൂവും പനിയും ഇരന്നു വാങ്ങുന്ന എന്നെ കൊറോണ വൈറസ് കണ്ടില്ലേ എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ ഞാൻ "not -out" ആവാതെ defend ചെയ്തു കുറച്ചു ദിവസം കൂടി നിന്നു. രണ്ടു ദിവസത്തിനകം എന്റെ നമ്പറും വന്നു.....മേലാസകലം കടുത്ത വേദന, തല വെട്ടി പിളർന്ന പോലെ തലവേദന, പനി, മൂക്കടപ്പും, ശ്വാസതടസവും. സംഗതി ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വന്നു! 

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കണ്ണന്റെ  അസുഖം വളരെ ഭേദമായി; പതുക്കെ സാധാരണ ദിനചര്യയിലേക്കു എത്തി. കൊറോണക്കു കുട്ടികളോട് കുറച്ചു പരിഗണന ഉണ്ടെന്നു തോന്നുന്നു. ഈശ്വരാനുഗ്രഹത്താൽ ഒരാഴ്ചയ്ക്കകം കണ്ണൻ പഴയ പോലെ ആക്റ്റീവ് ആയി. ഞങ്ങളെ തേടി എത്തിയത് കൊറോണയിൽതന്നെ ഭീകരനും അമ്പതു ശതമാനം കൂടുതൽ സാംക്രമിക ശക്തിയുമുള്ള ജനിതക മാറ്റം സംഭവിച്ച (മ്യൂട്ടേഷൻ) യു കെ വേരിയന്റ് (B. 1.1.7) ആണെന്ന് പിന്നീട് ഞങ്ങളുടെ ഹെൽത്ത് ഡിപ്പാർട്മെൻറ് ഞങ്ങളെ അറിയിച്ചിരുന്നു. സാദാ ചൈന കൊറോണയല്ല; സായിപ്പിന്റെ  നാട്ടിലെ വേരിയന്റ്തന്നെ... നല്ല ഉഗ്രൻ ഇനം! 

മറ്റുള്ളവർക്കാർക്കും ഈ അസുഖം വരുത്തരുതേ എന്നാണ് എന്റെ പ്രാർഥന. ശത്രുക്കൾക്കു പോലും. ഇത് അനുഭവിച്ചവർക്കേ ഇതിന്റെ വേദന അറിയൂ. ഇന്നേക്ക് ഒരു മാസം പിന്നിടുമ്പോഴും ഈ അസുഖം മൂലം ഉള്ള ക്ഷീണം ഞങ്ങളെ വേട്ടയാടുകയാണ്. ലക്ഷണങ്ങൾ തുടങ്ങി നാല് മുതൽ ഒൻപതു ദിവസ കാലയളവിൽ അനുഭവിച്ച അസ്വാസ്ഥ്യങ്ങൾ - അത് പറഞ്ഞറിയിക്കുക പ്രയാസമാണ്. ശക്തിയായ മേലുവേദന കാരണം കിടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ, തല പൊളിഞ്ഞു പോകുമോ എന്ന് തോന്നും. കലശലായ ക്ഷീണം കാരണം ഒന്ന് എഴുന്നേറ്റു വാഷ്‌റൂമിൽ പോകാൻ വരെ പറ്റാത്ത അവസ്ഥ. വേദനയും ദേഹക്കുളിരും കാരണം രാത്രി ഉറങ്ങാൻ സാധിക്കില്ല. നമ്മുടെ വിശപ്പും സ്വാദും മണവും മുഴുവനായി നഷ്ടപ്പെടും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഒരു ദിവസം ഞാൻ കുറച്ചു പഞ്ചസാര കയ്യിൽ എടുത്തു കഴിച്ചു നോക്കി. അത്ഭുതം എന്ന് പറയട്ടെ, എനിക്ക് മണൽ വായിൽ ഇട്ട പോലെയാണ് തോന്നിയത്. എന്നാലും ജീവൻ നിലനിർത്താൻ എന്തെങ്കിലും കഴിക്കും; അതായിരുന്നു അവസ്ഥ. ഭക്ഷണം കഴിച്ചാൽ നെഞ്ചിൽ ഒരു സിമൻറ് ചാക്ക് കയറ്റി വച്ച അസ്വസ്ഥത, ശ്വാസ തടസ്സം. 

ആ ദിവസങ്ങളിലെ രാത്രികൾ എങ്ങനെയോ തള്ളി നീക്കി എന്നു പറയാം. മൂന്ന് പേരും മൂന്ന് മുറിയിൽ ആണ് കിടപ്പ്‌. രാത്രി കിടക്കുന്നതിനു മുൻപ് പരസ്പരം ഓർമിപ്പിക്കും 'എന്തെകിലും അസ്വസ്ഥത ഉണ്ടെങ്കിൽ വിളിക്കണം' എന്ന്. രാത്രി കിടന്നാൽ പേടിയാണ്. ഈശ്വരാ എനിക്കും കുടുംബത്തിനും എന്തെകിലും സംഭവിക്കുമോ? കൊറോണയെ പറ്റി ഇപ്പോൾ എല്ലായിടത്തും വിവരങ്ങൾ ലഭ്യമായതുകൊണ്ടും ഹെൽത്ത് ഡിപ്പാർട്മെന്റിന്റെ ദിവസവും ഉള്ള ഫോൺ സംഭാഷണം കൊണ്ടുമാവാം രാത്രി കിടന്നാൽ അസുഖം കൂടി ശ്വാസം നിലച്ചു അപകടം സംഭവിക്കുമോ എന്ന പേടി എന്നെ വല്ലാതെ അലട്ടിയിരുന്നു. " നിങ്ങൾക്ക്‌ ഒരു വാചകം മുഴുവനായി ശ്വാസതടസ്സം ഇല്ലാതെ പറയാൻ പറ്റില്ല എന്നുണ്ടെങ്കിൽ ഉടനെ 911 വിളിക്കണം" എന്നായിരുന്നു ഹെൽത്ത് ഡിപ്പാർട്മെൻറ് നിർദേശം. സ്‍മാർട്ട് വാച്ച് ധരിച്ചു കിടക്കുന്ന കാരണം എന്തെങ്കിലും വല്ലാത്ത അസ്വസ്ഥത തോന്നിയാൽ നമ്മുടെ സിറിയോട് (siri -apple virtual assistant) പറഞ്ഞാൽ എമർജൻസി കാൾ 911 വിളിക്കുമല്ലോ എന്ന് ഓർത്തു ധൈര്യവും സംഭരിച്ചു കിടക്കും. 

കൊറോണ എന്ന മഹാമാരി നമ്മൾ എത്ര നിസ്സഹായരാണ് എന്ന് നമ്മെ പഠിപ്പിക്കും. രോഗ ലക്ഷണങ്ങൾ നമ്മളെ അത് മനസ്സിലാക്കി തരും. ഒന്ന് എഴുന്നേറ്റു നിൽക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോവും. അപ്പോൾ ഓർക്കും മനുഷ്യർ എന്ത് കണ്ടു അഹങ്കരിക്കുന്ന എന്ന്!

 രോഗം മൂർച്ഛിച്ച ദിവസങ്ങളിൽ ഒരിക്കൽ ഞാൻ ഞങ്ങളുടെ ഫാമിലി മുറിയിലെ സോഫയിൽ കിടക്കുകയായിരുന്നു. എതിരെയുള്ള സോഫയിൽ ഏതാണ്ട് അതെ അവസ്ഥയിൽ എന്റെ ഭർത്താവും. എനിക്ക് പെട്ടെന്ന് കലശലായ ചുമ വന്നു; ശ്വാസം കിട്ടാതെ ചുമച്ചു. പത്തടി നടന്നു തൊട്ടടുത്തുള്ള അടുക്കളയിൽ നിന്നു കുറച്ചു വെള്ളം എടുക്കാമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. മലയാള സിനിമയിൽ പണ്ടാരോ പറഞ്ഞ പോലെ " എന്നോടോ ബാലാ ..." എന്ന പോലെ ദയനീയമായി അദ്ദേഹം എന്നെ നോക്കിയത് ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് ചിരി വരുന്നു. 

രോഗം ഭേദമാവാൻ ഞങ്ങൾ എല്ലാവരും പറ്റുന്ന കാര്യങ്ങൾ എല്ലാം ചെയ്തു. എഴുനേറ്റു നില്ക്കാൻ വയ്യ എങ്കിലും ഞങ്ങളിൽ ഒരാൾ എന്നും അടുക്കളയിൽ ഉള്ള ഔഷധ ഗുണമുള്ള എല്ലാ സുഗന്ധ വ്യഞ്ജനങ്ങളും (മഞ്ഞൾ പൊടി, കുരുമുളക് എന്ന് വേണ്ട ജീരകം, ഇഞ്ചി  അങ്ങനെ എല്ലാം)  ഇട്ടു വെളളം തിളപ്പിച്ച് കുടിച്ചു .വെള്ളം കുടിക്കുന്നതനുസരിച്ചു വാഷ്‌റൂമിൽ പോകാനുള്ള ശക്തി മാത്രം ഇല്ലായിരുന്നു. സോപ്പിട്ടു കഴുകിയും ഹാൻഡ് സാനിറ്റൈസെർ ഉപയോഗിച്ചും കയ്യുകൾ വിണ്ടു കീറി. വേദന നിറഞ്ഞ ആ ദിവസങ്ങൾ എങ്ങനെയോ തള്ളി നീക്കി.

കണ്ണൻ പോസിറ്റീവ് ആയപ്പോൾതന്നെ ഞങ്ങളുടെ സുഹൃത്തുക്കൾ പലരും രോഗ വിവരം അറിഞ്ഞിരുന്നു. അവരിൽ പലരോടുമുള്ള കടപ്പാട് തീർത്താൽ തീരാത്തതാണ്. ഞങ്ങളുടെ ഈ രോഗാവസ്ഥ നാട്ടിൽ ഉള്ള ഞങ്ങളുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും ബന്ധുക്കളെയും മറ്റും വല്ലാതെ വേദനിപ്പിച്ചു. അന്യ നാട്ടിൽ കിടക്കുന്ന ഞങ്ങളെ ഒരു തരത്തിലും ഈ അവസ്ഥയിൽ സഹായിക്കാൻ പറ്റില്ലാലോ എന്നോർത്ത് അവർ വല്ലാതെ വിഷമിച്ചു. ഈ ദുരവസ്ഥയിൽ ഞങ്ങളെ ദിവസേന എന്നോണം ഫോണിൽ ബന്ധപ്പെട്ടു ഞങ്ങളുടെ വിവരങ്ങൾ തിരക്കിയിരുന്ന നാട്ടിലെ സഹപാഠികൾ, സുഹൃത്തുക്കൾ, ഇവരുടെയെല്ലാം പ്രാർഥനയും ആശംസകളും ഒക്കെ കൊണ്ടാകാം ഈ മഹാമാരി ഞങ്ങൾ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ തരണം ചെയ്തത്. അവരോടെല്ലാം ഞങ്ങളുടെ ആത്മാർഥമായ നന്ദി. 

ഈ നാലഞ്ച് ആഴ്ചക്കാലം ഞങ്ങളുടെ രോഗ വിവരങ്ങൾ തിരക്കാനും, ഞങ്ങളെ പറ്റുന്ന പോലെ സഹായിക്കാനും ഉണ്ടായിരുന്ന കാനഡയിലെ ഞങ്ങളുടെ സുഹൃത്തുക്കളോട് ഞങ്ങൾക്ക് ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരില്ല. യഥാർഥത്തിൽ അവർ ദൈവത്തിന്റെ പ്രതിനിധികളായി വന്ന ഭൂമിയിലെ മാലാഖമാർ ആണ്! ബാരിയിലെ എന്റെ പ്രിയ സുഹൃത്തുക്കൾ എനിക്ക് ദിവസേന എന്നോണം ഭക്ഷണം കൊണ്ട് തന്നിരുന്നു. ഞങ്ങളുടെ വീട്ടിൽ നിന്നു വളരെ ദൂരെ താമസിക്കുന്ന ചില പ്രിയ സ്നേഹിതർ ഈ -30 ഡിഗ്രി വകവയ്ക്കാതെ കൊടും മഞ്ഞിൽ വാഹനമോടിച്ചു ഞങ്ങൾക്കുള്ള ഭക്ഷണം വീടിനു മുമ്പിൽ വച്ചു. ചിലരാകട്ടെ വളരെ ദൂരെ താമസിക്കുന്നത് കൊണ്ടും, കൊടും മഞ്ഞായതു കൊണ്ടും അടുത്തുള്ള റസ്റ്ററന്റിൽ ഭക്ഷണം ഓർഡർ ചെയ്തു ഞങ്ങളുടെ ഉമ്മറപ്പടിയിൽ ഡെലിവർ ചെയ്യിച്ചു. ഞങ്ങളെ ഇത്രയും സ്നേഹിക്കുന്ന സുഹൃത്തുക്കൾ തന്നെയാണ് ഞങ്ങളുടെ ജീവിതത്തിലെ ഒരു വലിയ സമ്പാദ്യം.  

കൊറോണ പോലെയുള്ള മഹാമാരി നമ്മളെ മാനസികമായി വളരെ തളർത്തും. എന്റെ ഒരു പ്രിയ സുഹൃത്ത് എന്നെ ദിവസേന വിളിക്കുകയും,വാട്സാപ് ചെയ്യുകയും നല്ല കാര്യങ്ങൾ സംസാരിച്ചു സ്നേഹത്തോടെ എന്നെ സാന്ത്വനപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു പക്ഷേ നിത്യേന എന്നോണം അവൾ എനിക്ക് ഭക്ഷണവും, കടയിൽ നിന്നു സാധനങ്ങളും കൊണ്ട് തന്നിട്ടുണ്ട്. അവളെ പോലെയുള്ള സുഹൃത്തുക്കൾ ആണ് ഞങ്ങളുടെ വലിയ ജീവിതാനുഗ്രഹങ്ങളിൽ ഒന്ന്. 

കൊറോണ തരണം ചെയ്ത എന്റെ  മറ്റൊരു സുഹൃത്ത് എന്നെ ദിവസേന  വിളിച്ചു എനിക്ക് ധൈര്യവും സമാധാനവും തരുമായിരുന്നു.  സന്ധ്യ സമയത്തു വിളക്കു വച്ച് നാമം ചൊല്ലുക പതിവാണ്; എന്നാൽ കൊറോണ വന്നപ്പോൾ ഇട്ട വസ്ത്രം പോലും മാറാൻ എനിക്ക് ആവതില്ലായിരുന്നു. പക്ഷേ പറ്റുന്ന ദിവസങ്ങളിലെല്ലാം മറ്റൊരു സുഹൃത്ത് വിളക്കു വച്ച് വാട്സാപ് വിഡിയോ കാൾ ചെയ്തു എന്നെ സന്ധ്യാ ദീപം കാണിച്ചു തന്നു. ഇതൊക്കെ ഒരിക്കലും മറക്കാൻ പറ്റാത്ത പുണ്യങ്ങൾ ആണ്. 

യൂണിവേഴ്സിറ്റിയിലെ എന്റെ സഹപ്രവർത്തകരും ചില ആത്‌മ സുഹൃത്തുക്കളും ഈ ബുദ്ധിമുട്ടുള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് താങ്ങും തണലും ആയിരുന്നു. എടുത്തു പറയേണ്ടത് എന്റെ കുട്ടികൾ ആണ്. യൂണിവേഴ്സിറ്റി ഇമെയിൽ inbox രണ്ടു ദിവസത്തിനകം നിറഞ്ഞു. എന്റെ കുട്ടികളുടെ സന്ദേശങ്ങൾ... പലരും ഭക്ഷണവും മറ്റു സാധനങ്ങളും കൊണ്ട് തരട്ടെ എന്ന് വരെ ചോദിച്ചു! അവരുടെ സ്നേഹത്തിന്റെ മുമ്പിൽ ഞാൻ തല കുനിക്കുന്നു. ഇപ്പോഴും ക്ലാസ്സ് എടുക്കുന്നതിനിടെ പെട്ടെന്ന് ചുമ വരും, ഞാൻ നിസ്സഹായതയോടെ സോറി പറയുമ്പോൾ സൂമിലെ ചാറ്റിൽ മെസ്സേജ് തെളിയും “you don’t have to apologize Dr. Menon; we are so grateful that you are teaching us in spite of your illness " എന്ന്. അവരും എന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി എന്നോട് സഹകരിച്ചു. എന്റെ കുട്ടികളോടും നൂറു നന്ദി.

കൊറോണ ഞങ്ങളെ മൂന്ന് പേരെയും, പ്രത്യേകിച്ച് ടീനേജുകാരനായ എന്റെ മകനെ കുറെ കാര്യങ്ങൾ പഠിപ്പിച്ചു. ജീവിതത്തിൽ ക്ഷമ, അനുകമ്പ, ദയ, സഹായിക്കാനുള്ള മനോഭാവം; അതിന്റെ പ്രാധാന്യം, സുഹൃദ് ബന്ധങ്ങളുടെ ആത്മാർഥത എന്നിങ്ങനെ പലതും. ഞങ്ങൾ രണ്ടാളും കിടപ്പായപ്പോഴേക്കും കണ്ണന് ഏതാണ്ട് പൂർണമായും ഭേദമായി. അതുകൊണ്ടുതന്നെ ഞങ്ങളുടെ ശുശ്രൂഷ കണ്ണന്റെ ജോലിയായി. ഇടയ്ക്കിടെ അമ്മയ്ക്കും അച്ഛനും വേണ്ട സാധനങ്ങൾ എടുത്തു തരിക, കുഴഞ്ഞു വീഴുമ്പോൾ ഒരു താങ്ങായി ഞങ്ങളെ സഹായിക്കുക, ഞങ്ങൾക്ക് ഭക്ഷണം ചൂടാക്കി തരിക, അത്യാവശ്യം അടുക്കള ജോലികൾ ചെയ്യുക ഇതൊക്കെ രണ്ടാഴ്ച കണ്ണന്റെ ഉത്തരവാദിത്വം ആയി മാറി. പക്ഷേ ഒരു പുഞ്ചിരിയോടെ അവനതെല്ലാം ഭംഗിയായി ചെയ്തു, ഞങ്ങൾക്ക് അവനോടുള്ള അഭിമാനം കൂടി. 

കാനഡയിലെ ഒന്റാറിയോയിൽ ബാരിയെന്ന പട്ടണത്തിൽ ആണ് ഞങ്ങളുടെ വീട്. ഇവിടങ്ങളിൽ വീടുകൾക്കു മൂന്ന് നിലകൾ ആണ് പൊതുവെ - മുകളിൽ ഒരു നില, അവിടെയാണ് കിടപ്പുമുറികൾ, കീഴെ ഗ്രൗണ്ട് ലെവലിൽ മെയിൻ ഫ്ലോർ, അവിടെയാണ് അടുക്കളയും ഡൈനിങ്ങ് റൂമും ലിവിങ് റൂമും എല്ലാം. എന്നാൽ ഭൂനിരപ്പിനു താഴെ ബേസ്‌മെന്റ് ഉണ്ടാകും ഒട്ടുമിക്ക വീടുകളിലും. ഞങ്ങളുടെ ബേസ്‌മെന്റിൽ ഒരു അപാർട്മെന്റ് അഥവാ ഫ്ലാറ്റ് ഉണ്ട്, അവിടെ ഒരു മലയാളി കുടുംബം താമസിക്കുന്നുണ്ട്-ദമ്പതികളും അവരുടെ അരുമത്തമുള്ള ഒരു കൊച്ചു കുസൃതിയും. ഭാര്യ ജോലി ചെയ്യുന്ന ബാരിയിലെ ഒരു നഴ്സിങ് ഹോമിൽ കൊറോണ (ഔട്ബ്രേക്) തകർത്താടി; അവിടുത്തെ പകുതിയിലേറെ വൃദ്ധരായ നിവാസികളെ കൂടെ കൊണ്ടുപോയി വെറും രണ്ടാഴ്ചകൊണ്ട്. അതും ആ ഭീകരനായ യു കെ വേരിയന്റ് തന്നെ. അവിടെ ഔട്ബ്രേക് ആവുന്നതിനു മുൻപ് തന്നെ അവർ ഞങ്ങളിൽ നിന്നു സാമൂഹിക അകലം പാലിച്ചിരുന്നു. പക്ഷേ ഞങ്ങൾക്കു മുന്നേ അവർക്കു രോഗം പിടിപെട്ടു; ഈശ്വരാനുഗ്രഹത്താൽ ആ കൊച്ചു കുഞ്ഞിന് ഒരിക്കൽ പോലും കൊറോണ പിടിപെട്ടില്ല. ആ കുഞ്ഞിന് ഈ മഹാമാരി വരുത്തരുതേ എന്ന് ഞാൻ ദിവസവും പ്രാർഥിക്കുമായിരുന്നു. 

ആ നാലഞ്ച് ആഴ്ച ഞങ്ങളുടെ വീട് ചുമയുടെ ശബ്ദം കൊണ്ട് മുഖരിതമായിരുന്നു. രാത്രി കേൾക്കുന്ന ചുമ ഞങ്ങളുടെയാണോ അതോ താഴെ ഉള്ളവരുടെ ആണോ എന്ന് അറിയാൻ കഴിയാത്ത അവസ്ഥ. ഞങ്ങൾ രണ്ടു കുടുംബങ്ങളും ഫോൺ വിളിച്ചും വാട്സാപ് ചെയ്തും പരസ്പരം സഹായിക്കാനും സ്നേഹം പങ്കുവയ്ക്കാനും ശ്രമിച്ചു. തന്റെ അസുഖം ഒന്ന് ഭേദമായി എന്ന് വന്നപ്പോൾ പതുക്കെ എഴുനേറ്റു അടുക്കളയിൽ എന്തോ പാചകം ചെയ്ത സന്തോഷത്തിൽ താഴെ ഉള്ള കുട്ടി ഒരു ദിവസം എന്നോട് ചോദിച്ചു "ചേച്ചി..ഞാൻ കുറച്ചു കറി ഉണ്ടാക്കിയിട്ടുണ്ട് അത് കൊണ്ട് വാതിൽക്കൽ വെക്കട്ടെ.." എന്ന് അത് കേട്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു പോയി. ഒന്ന് എഴുനേറ്റു നിൽക്കും  എന്നായപ്പോൾ അവൾ ഞങ്ങളെ കുറിച്ചോർത്തു. ഞങ്ങൾക്ക് ഭക്ഷണം നൽകാൻ പുറപ്പെട്ടു. ഇവരിൽ എല്ലാം ഞാൻ ഈശ്വരനെ കാണുന്നു!

ബാരിയിലെ ശൈത്യം ഒന്റാറിയോയിലേ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു കുറച്ചു ശക്തമാണ്; ഓരോ തവണ മഞ്ഞു പെയ്യുമ്പോഴും കാൽ മുട്ടത്രയും സ്നോ ഉണ്ടാകും (snow). ഓരോ തവണ സ്നോ വീഴുമ്പോഴും snow blower (സ്നോ കളയുന്ന യന്ത്രം) ഉപയോഗിച്ച് ഭർത്താവ് അത് നീക്കം ചെയ്യും.

അങ്ങനെ നാല് അഞ്ചു ആഴ്ചകളോളം സ്നോ പെയ്തു ഹിമാലയ പർവത നിര പോലെ കുന്നു കൂടിയ ഞങ്ങളുടെ വരാന്തയും മുറ്റവും കാറുകളുമെല്ലാം കണ്ട ഞങ്ങളുടെ അയൽവാസികൾ ഞങ്ങൾക്ക് എന്ത് പറ്റിയെന്നു ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും. എന്നാൽ ഇടയ്ക്കിടെ ഈ മഞ്ഞു കുന്നു മറികടന്നു ഭക്ഷണം ഡെലിവെർ ചെയുന്ന ഞങ്ങളുടെ സുഹൃത്തുക്കളെയും ആമസോൺ ഡെലിവറിക്കാരെയും കണ്ടപ്പോൾ ഞങ്ങളെല്ലാം ജീവനോടെ ഉണ്ട് എന്ന് അവർ സമാധാനിച്ചു കാണും. സാധാരണ ഞങ്ങളുടെ മുറ്റത്തെ മഞ്ഞു വൃത്തിയാക്കുമ്പോൾ എന്റെ ഭർത്താവ് തൊട്ടടുത്തെ മദാമ്മയുടെയും വൃത്തിയാക്കി കൊടുക്കും; അവർക്കു സ്നോ ബ്ലോവർ ഇല്ലാത്തതു കാരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ വീട്ടു മുറ്റത്തെ അവസ്ഥ കണ്ടിട്ടാവാം മദാമ്മ കഴിഞ്ഞ ദിവസം ഞങ്ങളെല്ലാവരും ഒകെ അല്ലെ എന്നും അവർ ഞങ്ങളെ കുറിച്ചു വറീഡ് ആയി എന്നും പറഞ്ഞു. അവരുണ്ടോ അറിഞ്ഞു നമ്മുക്കടിച്ച ലോട്ടറിയെ പറ്റി!

കുറെ അനുഭവങ്ങൾ നൽകി കൊറോണ ഞങ്ങളെ വിട്ടു പോയി. പക്ഷേ ഇന്നും ശരീരത്തിന്റെ ക്ഷീണം മാറിയിട്ടില്ല. സാധാരണ രീതിയിൽ ജോലി ചെയ്യാനുള്ള ഊർജ്ജം ഇല്ലാത്ത പോലെ. പെട്ടെന്ന് ക്ഷീണിക്കും. അതുപോലെ ആ ശക്തിയുള്ള ചുമ പ്രതീക്ഷിക്കാതെ വരും, പിന്നെ നിൽക്കാൻ കുറച്ചു സമയം എടുക്കും. പക്ഷേ ദിവസേന ആരോഗ്യം ഭേദപ്പെട്ട് കൊണ്ടിരിക്കുന്നു.  ഓരോ ദിവസവും കുറച്ചു കൂടുതൽ ചെയ്യാൻ ശ്രമിക്കും, കൊച്ചു കുഞ്ഞുങ്ങൾ പിച്ചവെച്ചു നടക്കാൻ മുതിരും പോലെ. കഴിഞ്ഞ ദിവസം സാധനങ്ങൾ വാങ്ങാൻ വാൾമാർട്ടിൽ (ഷോപ്പിംഗ് സ്റ്റോർ) പോയപ്പോൾ പ്രതീക്ഷിക്കാതെ എനിക്ക് ആ ചുമ തുടങ്ങി. ചുമ അടക്കാൻ ആവതു ശ്രമിച്ചിട്ടും പറ്റിയില്ല. എൻ്റെ ചുമ കേട്ട് ചുറ്റും നിന്നിരുന്ന ആളുകൾ എന്നെ രൂക്ഷമായി നോക്കി. ഞാൻ പേടിച്ചു ആളൊഴിഞ്ഞ ഒരു മൂലയിൽ പോയി നിന്ന് ബാക്കി ചുമച്ചു തീർത്തു. കാലം പോയ പോക്കേ ... പോയി പോയി ഇപ്പോൾ പൊതു സ്ഥലത്തു ചുമക്കാൻ പോലും വയ്യാത്ത അവസ്ഥ ആയി. കൊറോണ നീ ഒരു വില്ലൻ തന്നെ!

ഈ മഹാമാരി അനുഭവിച്ച ഒരു വ്യക്തി എന്ന നിലക്ക് എനിക്ക് എല്ലാവരോടും ഒന്നേ പറയാനുള്ളു.... കൊറോണയെ ചെറുതായി കരുതരുത്. ഓരോ വ്യക്തിയുടെയും രോഗപ്രതിരോഗ ശേഷി അനുസരിച്ചു സംഹാര താണ്ഡവം വരെ ആടാൻ കഴിവുള്ള വൈറസ് ആണ് COVID -19 കൊറോണ വൈറസ്. നമുക്ക് ഇതിനെ അതിജീവിച്ചേ മതിയാവു. അതിനു ആദ്യമായി കഴിവതും രോഗം വരാതെ നോക്കുക. വിദഗ്ദർ നിർദേശിക്കുന്ന പോലെ സാമൂഹിക അകലം പാലിച്ചും, മാസ്ക്ക് ധരിച്ചും, സോപ്പും,  സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ ശുചിയാക്കിയും, നല്ല ശുചിത്വം നിലനിർത്തിയും, നല്ല ഭക്ഷണം കഴിച്ചും, രോഗപ്രതിരോധ ശക്തി വർധിപ്പിക്കും വിധത്തിലുള്ള ജീവിത ചര്യകൾ ചെയ്തും നമുക്ക് ഈ മഹാമാരിയെ നേരിടാം. 

അവസാനമായി ഞങ്ങളുടെ ഈ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ദൈവ തുല്യരായ എല്ലാ നല്ല മനുഷ്യരോടും ഞങ്ങൾ ആത്മാർഥമായി നന്ദി പറയുന്നു .... നിങ്ങളിൽ ഞങ്ങൾ ആ ഭൂമിയിലെ ദേവദൂതരായ മാലാഖമാരെ കണ്ടിരുന്നു!’

English Summary : Corona virus Uk variant survivor shares  disease experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com