ADVERTISEMENT

മാർച്ച് ഒന്നു മുതൽ മുതിർന്ന പൗരൻമാർക്ക് കോവിഡ് വാക്‌സീൻ ലഭ്യമാകും. ഇതിന് എന്താണ് ചെയ്യേണ്ടത്? ആർക്കൊക്കെ വാക്‌സീൻ ലഭിക്കും? 

വാക്‌സീൻ ആർക്കൊക്കെ ?

അറുപതു വയസിന്  മുകളിലുള്ള എല്ലാവർക്കും  45 വയസിന് മുകളിലുള്ള ഗുരുതര രോഗമുള്ളവർക്കും കുത്തിവയ്‌പ് എടുക്കാം. 45 വയസിനു മുകളിലുള്ളവരിൽ കാൻസർ  ബാധിച്ചവർ, വൃക്ക രോഗമുള്ളവർ, ഹൃദ്രോഗികൾ, പ്രമേഹ രോഗികൾ,  അമിത രക്തസമ്മർദമുള്ളവർ എന്നിവരെയാകും പരിഗണിക്കുക.  

എന്താണ് ചെയ്യേണ്ടത്?

വാക്‌സിനേഷനുവേണ്ടി റജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി കോവിൻ ആപ്പ് 2.0 ഡൗൺലോഡ് ചെയ്യണം. തുടർന്ന് സ്വയം റജിസ്റ്റർ ചെയ്യാം. ആരോഗ്യപ്രവർത്തകർക്ക് വാക്‌സീൻ  നൽകുമ്പോൾ നേരിട്ടുള്ള റജിസ്‌ട്രേഷൻ സാധ്യമായിരുന്നില്ല.

വേണ്ട രേഖകൾ ?

വയസ്സ് തെളിയിക്കുന്ന രേഖയാണ് ആദ്യം വേണ്ടത്. റജിസ്ട്രേഷൻ ആരംഭിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ ആധാർ പോർട്ടൽ അല്ലെങ്കിൽ ഓൺലൈൻ വോട്ടർ പട്ടിക എന്നിവയിൽ നിന്നുള്ള വിവരങ്ങൾ കൃത്യമാണോ എന്ന്  ആപ്പ് തന്നെ ഒത്തു നോക്കും. ഈ വിവരങ്ങൾ ഒരു പോലെ ആണെന്ന് തെളിഞ്ഞാൽ മാത്രമേ കോവിൻ ആപ്പിൽ റജിസ്‌ട്രേഷൻ നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കൂ.

വാക്‌സിനേഷൻ കേന്ദ്രം തിരഞ്ഞെടുക്കാം 

സർക്കാർ മേഖലയിലും സ്വകാര്യ ആശുപത്രികളിലും വാക്‌സീൻ സ്വീകരിക്കാൻ സംവിധാനമുണ്ട്. ഏത് കേന്ദ്രത്തിൽ നിന്നാണ് വാക്‌സീൻ സ്വീകരിക്കേണ്ടതെന്ന് വ്യക്തികൾക്ക് തീരുമാനിക്കാം. അത് തിരഞ്ഞെടുക്കാനുള്ള സൗകര്യം കോവിൻ ആപ്പിൽ ലഭ്യമാണ്. വയസ്സ് തെളിയിക്കുന്ന രേഖ കോവിൻ  ആപ്പ് സ്വീകരിച്ചു കഴിഞ്ഞാൽ വാക്‌സിനേഷൻ സെന്ററുകളും ലൊക്കേഷനും എഴുതി കാണിക്കും. അതിൽ നിന്ന് നമുക്ക് സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുക്കാം. വാക്‌സീൻ സ്വീകരിക്കുവാനുള്ള ദിവസം തിരഞ്ഞെടുക്കാനും ഓപ്‌ഷൻ ഉണ്ട്.

പണം നൽകണോ?

സർക്കാർ കേന്ദ്രങ്ങളിൽ നിന്നാണ് വാക്‌സീൻ സ്വീകരിക്കുന്നതെങ്കിൽ പൂർണമായും സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളാണ് വാക്‌സീൻ സ്വീകരിക്കാൻ തിരഞ്ഞെടുക്കുന്നതെങ്കിൽ പണം നൽകണം. തുക എത്രയെന്ന് കേന്ദ്രസർക്കാർ ഉടൻ അറിയിക്കും. കേന്ദ്രംതന്നെ നേരിട്ട് വാക്‌സീൻ സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുകയാണ് ഈ ഘട്ടത്തിലും ചെയ്യുന്നത്. 

ഇതര സംസ്ഥാനങ്ങളിലും സൗകര്യം 

രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും വാക്‌സീൻ സ്വീകരിക്കാം. തിരിച്ചറിയൽ രേഖയിലെ മേൽവിലാസത്തിലുള്ള സംസ്ഥാനമോ ജില്ലയോ വേണമെന്ന് നിർബന്ധമില്ല. ഉദാഹരണത്തിന് കേരളത്തിലുള്ള ആൾക്ക് കർണാടകയിലോ ഉത്തർപ്രദേശിലോ കുത്തിവയ്പെടുക്കാം.

English Summary : COVID vaccine for senior citizen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com