ADVERTISEMENT

കോവിഡ് മഹാമാരി അതിന്റെ എല്ലാ ഭീകരതയോടും രണ്ടാം വരവ് അറിയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു ആസ്മദിനം കടന്നുപോയത്. ആസ്മ രോഗികളില്‍ കോവിഡ് എങ്ങനെ എന്ന ചോദ്യം ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണ്. 

ലോകമെമ്പാടും പ്രായഭേദമന്യേ 262 മില്യൻ ജനങ്ങളെ ബാധിച്ചിരിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗമാണ് ആസ്മ. ലോക കണക്കുകളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ലോകമൊട്ടുക്കുമുള്ള ആസ്മ രോഗികളില്‍ ഓരോ പത്തില്‍ ഒരു രോഗി ഇന്ത്യയില്‍ നിന്നുമാണ്. രോഗനിര്‍ണയത്തിന് വിധേയരായ രോഗികളുടെ കണക്കുകള്‍ മാത്രമാണിത്. ഇതിലും എത്രയോ മടങ്ങാണ് നമ്മുടെ രാജ്യത്തെ ആസ്മ രോഗികളുടെ എണ്ണമെന്നത് അജ്ഞാതമാണ്. ആസ്മരോഗികളില്‍ കോവിഡ് വരാനുള്ള സാധ്യതകളെക്കുറിച്ചും പാര്‍ശ്വഫലങ്ങളെക്കുറിച്ചും കോവിഡിന്റെ ആരംഭംഘട്ടം മുതലേ പഠനങ്ങള്‍ നടന്നു വരുന്നുണ്ട്.

പഠനങ്ങള്‍ പ്രകാരം കോവിഡും ആസ്മയും

ഇതുവരെയുള്ള പഠനങ്ങള്‍ പ്രകാരം ആസ്മ രോഗം എന്നത്  കോവിഡ് വരാനുള്ള ഒരു ഘടകമായി തെളിയിക്കപ്പെട്ടിട്ടില്ല. ആസ്മ രോഗിയ്ക്ക് കോവിഡ് വരാനുള്ള സാധ്യത ആരോഗ്യമുള്ള ഒരു മനുഷ്യന്റേതുപോലെ തന്നെയാണ്. എന്നാല്‍ മോഡറേറ്റ് ടു സിവിയര്‍(moderate to severe) ആസ്മ രോഗമുള്ള രോഗികളില്‍ കോവിഡ് രോഗം വന്നാല്‍ സങ്കീര്‍ണ രോഗാവസ്ഥയിലേക്കാകാനുള്ള സാധ്യത തള്ളികളയാന്‍ സാധ്യമല്ല.

ആസ്മ രോഗികള്‍ ചികിത്സ തുടരണമോ വേണ്ടയോ

മറ്റൊരു സാധാരണമായ സംശയം സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്ന ആസ്മ രോഗികള്‍ ഇവ നിര്‍ത്തിവയ്‌ക്കേണ്ടതുണ്ടോ എന്നുള്ളതാണ്. സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍ കോവിഡ് അണുബാധയ്ക്കു കാരണമാകുമോ എന്ന സംശയം സാധാരണയായി രോഗികളില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. 

ഉത്തരം വളരെ ലളിതമാണ്. ഒരു കാരണവശാലും നിങ്ങളുടെ മരുന്നുകള്‍ ഒന്നുംതന്നെ നിര്‍ത്തരുത്. ആസ്മ രോഗം നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനം. കൃത്യമായി നിങ്ങളുടെ ഡോക്ടറെ കണ്ട് മരുന്നുകള്‍ ക്രമീകരിച്ച് ഉപയോഗിക്കേണ്ടതാണ്. 

ആസ്മ രോഗികള്‍ കോവിഡ് വാക്‌സീന്‍ എടുക്കാമോ

ആസ്മ രോഗിയും കോവിഡ് വാക്‌സീന്‍ എടുക്കാമോ എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു സംശയം. തീര്‍ച്ചയായും എടുക്കണം. കോവിഡ് വാക്‌സീന്‍ എടുത്തതിനു ശേഷം അലര്‍ജിയുണ്ടാവാനുള്ള സാധ്യത ഏതൊരു ആളെപ്പോലെ മാത്രമാണ് ഒരു ആസ്മാ രോഗിക്കും ഉള്ളത്. വാക്‌സീന്‍ എടുത്തുന്നതിനു ശേഷം പനി, തലവേദന, ശരീരവേദന എന്നിവയൊക്കെ മൂന്നുദിവസം വരെ പ്രതീക്ഷിക്കാം. 

ആസ്മരോഗികള്‍ കോവിഡിനെതിരെ എന്തെല്ലാം ശ്രദ്ധിക്കണം

1. ഭയത്തെ മാറ്റിനിര്‍ത്തണം, ജാഗ്രത പാലിക്കണം

2. മാസ്‌ക് ധരിക്കാന്‍ മറക്കരുത്

3. കൈ എപ്പോഴും കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുക

4. കൈയുറകള്‍ ധരിക്കുന്നത് നന്നായിരിക്കും

5. സാമൂഹിക അകലം പാലിക്കണം

6. പൊതുവായ നെബൈലുസര്‍ പോലുള്ള മെഷീനുകള്‍ ഉപയോഗപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. വീട്ടില്‍ സ്വന്തമായി നെബുലൈസര്‍ വാങ്ങി ഉപയോഗപ്പെടുത്തണം. 

7. പനി, തൊണ്ടവേദന, ശ്വാസംമുട്ടല്‍  എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ മടിക്കരുത്. 

8. ആസ്മ രോഗത്തെ കൃത്യമായ മരുന്നുകള്‍ ഉപയോഗപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്നു എന്ന് ഉറപ്പുവരുത്തുക.

ആസ്മ രോഗി കോവിഡ് ബാധിതനായാല്‍ 

∙ ആദ്യംതന്നെ കോവിഡ് രോഗം ഉണ്ടെന്ന് ഉറപ്പുവരുത്തുക

∙ ശ്വാസതടസം അനുഭപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യസംവിധാനത്തില്‍ വിവരം അറിയിക്കുക

∙ നിങ്ങളുടെ സ്ഥിരം ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് ആസ്മയുമായി ബന്ധപ്പെട്ട മരുന്നുകള്‍ ക്രമീകരിക്കുക.

∙ പള്‍സ് ഓക്‌സി മീറ്റര്‍ വീട്ടില്‍ വാങ്ങി നിങ്ങളുടെ സാച്യുറേഷന്‍ 94 ശതമാനത്തിന് മുകളില്‍ ഉണ്ടെന്ന് രണ്ട് മുതല്‍ നാല് മണിക്കൂര്‍ കൂടുമ്പോള്‍ ഉറപ്പുവരുത്തുക. 94 ശതമാനത്തിന് താഴെയാകുകയോ ശ്വാസതടസമനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ ശ്രദ്ധിക്കുക. 

(ലേഖിക കൊച്ചി രാജഗിരി ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ഫിസിഷ്യനാണ്)

English Summary : COVID- 19; asthma patients need care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com