ADVERTISEMENT

കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് മരണക്കളമാവുകയാണ് രാജ്യതലസ്ഥാനം. ദിനംപ്രതി ഉയരുന്ന കേസുകൾ. അതിവേഗം നിറയുന്ന ആശുപത്രി കിടക്കകൾ. ഓക്സിജനും ഐസിയു കിടക്കകളും ലഭിക്കാതെ മരിച്ചുവീഴുന്ന രോഗികൾ. പലയിടത്തും കുന്നുകൂടുന്ന ശവശരീരങ്ങളും എരിയുന്ന സമൂഹ ചിതകളും. ഇതിനിടയിലും തങ്ങളുടെ മുന്നിലെത്തുന്ന ഓരോ രോഗിയെയും രക്ഷിക്കാൻ   ജീവൻ പണയം വച്ച് ജോലി ചെയ്യുകയാണ്  നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ. ഇതിനിടയിൽ  സ്വന്തം കാര്യമായാലും കുടുംബക്കാര്യമായാലും അവർക്കത് മാറ്റി വയ്ക്കേണ്ടി വരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാവുകയാണ് ഡൽഹി എയിംസിലെ മലയാളി നഴ്സ് രാഖി ജോൺ. സ്വന്തം മുത്തശ്ശി മരിച്ചിട്ട് പോലും നാട്ടിലേക്ക് പോകാതെയാണ് രാഖി ആശുപത്രിയിലെ കോവിഡ് രോഗികളെ പരിചരിച്ചത്.

കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് രാഖിയുടെ മുത്തശ്ശിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ പ്രവേശിപ്പിക്കും മുൻപ് രാഖി മുത്തശ്ശിയോട് ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ രണ്ടുദിവസത്തിനുശേഷം രാഖിയെ തേടി മുത്തശ്ശിയുടെ മരണവാർത്ത എത്തി. അണപൊട്ടിയെത്തിയ  സങ്കടത്തിനിടയിലും തന്റെ രോഗികളെ ഉപേക്ഷിച്ച് രാഖി കേരളത്തിലേക്ക് വണ്ടി കയറിയില്ല. ഡൽഹി നേരിടുന്ന അതിഗുരുതര സാഹചര്യത്തിൽ നിരവധി പേരുടെ ജീവൻ തന്റെ കൈയിലും കൂടിയാണെന്ന് രാഖിക്ക് അറിയാമായിരുന്നു.

ചെറുപ്പത്തിലേ അമ്മ മരിച്ച രാഖിക്ക് മുത്തശ്ശിയായിരുന്നു അമ്മ. വളർത്തിയതും പഠിപ്പിച്ചതുമെല്ലാം മുത്തശ്ശി തന്നെ. സഹായം ആവശ്യമുള്ളവർക്ക് സേവനം നൽകാൻ രാഖിയെ പഠിപ്പിച്ചതും ഈ മുത്തശ്ശിയാണ്. ഇതുകൊണ്ട് കൂടിയാണ് മുത്തശ്ശി ഇല്ലാതായിട്ടും സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് രാഖി ആശുപത്രിയിലെ സേവനം തുടർന്നത്.

രാഖിയുടെ മകളെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് മുത്തശ്ശി യാത്രയായത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മൂലവും ആശുപത്രിയിലെ ജോലിത്തിരക്ക്  കാരണവും മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റാൻ രാഖിക്ക് കഴിഞ്ഞിരുന്നില്ല. തനിക്ക് മരുന്നും കുത്തിവയ്പ്പും നൽകുന്ന രാഖിയെ സ്വപ്നത്തിൽ കണ്ടെന്ന് അവസാനം വിളിക്കുമ്പോൾ മുത്തശ്ശി പറഞ്ഞിരുന്നു. രാഖിയെ പോലെ നിരവധി പേരുടെ കണ്ണീരും ത്യാഗവും ആത്മസമർപ്പണവും കൂടി ചേരുന്നതാണ് ഇന്ത്യയുടെ  കോവിഡ് പ്രതിരോധം. ഇഷ്ടമുള്ള പല കാര്യങ്ങളും ലോക്ഡൗൺ മൂലം മാറ്റി വയ്ക്കേണ്ടി വന്നെന്നു  പരാതിപ്പെടുന്നവർ രാഖിയെ പോലുള്ള മാലാഖാമാരുടെ മുഖം കൂടി മനസ്സിൽ ഓർമിക്കുക.

English Summary : Nurse Skips Grandmother's Funeral In Kerala To Serve COVID-19 Patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com