ADVERTISEMENT

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായി എന്ന് കരുതുന്ന കൊറോണ വൈറസിന്റെ ഡെൽറ്റ  വകഭേദത്തിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചു. ഡെൽറ്റ പ്ലസ് അഥവാ AY. 1 എന്ന് വിളിക്കുന്ന ഈ പുതിയ വകഭേദം നിലവിൽ ആശങ്ക ഉയർത്തുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പുതിയ വകഭേദം മൂലമുള്ള രോഗ തീവ്രതയെ  കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ ഇന്ത്യ അടുത്തിടെ അനുമതി നൽകിയ കോവിഡിനെതിരെയുള്ള  മോണോക്ലോണൽ ആന്റിബോഡി കോക്ടൈൽ ട്രീറ്റ്മെന്റിനെ പ്രതിരോധിക്കാൻ ഡെൽറ്റ പ്ലസ് വകഭേദത്തിന് സാധിച്ചേക്കും.

സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതി ലഭിച്ച  മോണോക്ലോണൽ ആന്റിബോഡി കോക്ടൈൽ ട്രീറ്റ്മെന്റിന്റെ ഡോസ് ഒന്നിന് 59,750 രൂപയാണ് റോഷെ ഇന്ത്യയും സിപ്ലയും  വിലയിട്ടിരിക്കുന്നത്. ശരീരത്തിൽ പ്രകൃതിദത്തമായി ഉത്പാദിപ്പിക്കപ്പെടുന്ന ആന്റി ബോഡികൾക്ക് സമാനമായി  ലാബിൽ നിർമിച്ചെടുക്കുന്ന  ആന്റി ബോഡികളാണ് ഇവ.

B. 1.617.2.1, AY. 1 എന്നെല്ലാം അറിയപ്പെടുന്ന ഡെൽറ്റ പ്ലസ് വകഭേദത്തിൽ K417N വ്യതിയാനം കൂടി ഉൾചേർക്കപ്പെട്ടിരിക്കുന്നതായി ഡൽഹി സിഎസ്ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞനായ വിനോദ് സ്കറിയ പറയുന്നു. സാർസ് കോവ് 2 വൈറസിന്റെ  മുനകൾ പോലുള്ള സ്‌പൈക് പ്രോട്ടീനാണ് വ്യതിയാനം സംഭവിച്ചിരിക്കുന്നത്. ആഗോള ശാസ്ത്ര കൂട്ടായ്മയായ GISAID ഡെൽറ്റ പ്ലസിന്റെ 63 ജീനോമുകൾ തിരിച്ചറിഞ്ഞതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 7 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ആറു ജീനോമുകളിലാണ് ഇത് കണ്ടെത്തിയത്.

എന്നാൽ മോണോക്ലോണൽ ആന്റിബോഡി കോക്ടൈൽ ട്രീറ്റ്മെന്റിനെ പ്രതിരോധിക്കാൻ സാധിക്കും എന്നത് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ തീവ്രതയുടെ അളവുകോലായി കാണേണ്ടതില്ലെന്ന് ഇമ്മ്യൂണോളജിസ്റ്റ് വിനീത ഭാൽ അഭിപ്രായപ്പെടുന്നു.

English Summary :New COVID variant Delta plus identified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com