ADVERTISEMENT

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ മരണവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്കെതിരെയും അനന്യക്കെതിരെയും ആരോപണ പ്രത്യാരോപണങ്ങളുണ്ടാകുന്നുണ്ട്. ഇതിൽ പലരും സത്യം അറിയാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുകയാണെന്നതാണ് വാസ്തവം. ആ സാഹചര്യത്തിലാണ് ഡോ. സൗമ്യ സരിന്റെ സമൂഹമാധ്യമ പോസ്റ്റ് ശ്രദ്ധേയമാകുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഡോക്ടർക്ക് പറയാനുള്ളത് വായിക്കാം.

‘ഒരു പ്രശ്നം കത്തി നിൽക്കുന്ന സമയത് അഭിപ്രായം പറയുക എന്നത് ഇക്കാലത്ത് ആത്മഹത്യാപരമാണ്. കാരണം നിങ്ങൾ എത്ര സത്യസന്ധമായി നിഷ്പക്ഷമായി അഭിപ്രായം പറഞ്ഞാലും നിങ്ങൾ ചാപ്പ കുത്തപ്പെടും. ഏതെങ്കിലും ചേരിയിലേക്ക് നിങ്ങൾ എടുത്തെറിയപ്പെടും. മറുചേരിക്കാർ നിങ്ങളെ നിർദാക്ഷണ്യം ആക്രമിക്കും. അനുഭവിച്ചിട്ടുണ്ട്. ധാരാളം. സുരക്ഷിതമായി മൗനം അവലംബിക്കുക എന്നത് മനഃസാക്ഷിക്ക് നിരക്കുന്നില്ലെങ്കിൽ ആ മൗനം വെടിയുക തന്നെ ആണ് ഉചിതം എന്ന് തോന്നിയതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്. 

അനന്യയുടെ മരണം വളരെ അധികം ദുഃഖമുണ്ടാക്കിയ ഒന്നാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാതിരുന്ന ഒന്ന്. ഈ സംഭവത്തെ തുടർന്ന് പല കഥകളും നമ്മൾ കേട്ടു. ചിലർ അനന്യയുടെ ഓപ്പറേഷൻ ചെയ്‌ത ആശുപത്രിയെയും അവരെ ചികിൽസിച്ച ഡോക്ടർമാരെയും പ്രതിക്കൂട്ടിൽ നിർത്തിയപ്പോൾ മറ്റു ചിലർ അനന്യയെ വ്യക്തിഹത്യ ചെയ്തതും നമ്മൾ കണ്ടു. രണ്ടിനോടും യാതൊരു വിധത്തിലും യോജിക്കാൻ ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് ആദ്യമേ പറയട്ടെ! 

അനന്യയുടെ മരണത്തിലേക്ക് നയിച്ച യാഥാർഥ കാരണങ്ങളും അതിൽ വൈദ്യശാസ്ത്ര സംബന്ധമായി എന്തെങ്കിലും പിഴവുകൾ സംഭവിച്ചോ എന്നുമൊക്കെയുള്ള കാര്യങ്ങൾ അന്വേഷണത്തിൽ ആണ്. സത്യം പുറത്തു വരട്ടെ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. അതിലൊന്നും യാതൊരു തർക്കവും ഇല്ല. 

ഈ സംഭവവുമായി നേരിട്ട് എനിക്ക് ബന്ധമില്ലെങ്കിലും ഇതിൽ ഉൾപ്പെട്ട ഒരു വ്യക്തിയുമായി ഒരു ചെറിയ ബന്ധം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിട്ടുണ്ട്. അതാണ് ഈ പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചതും. 

വൈദ്യ പഠനത്തിന് പോകുന്ന വരെയും ട്രാൻസ്ജെൻഡറുകൾ എന്നാൽ എന്താണെന്നും അവർ നമ്മളിൽ ഒരാൾ ആണെന്നുമുള്ള യാതൊരു ബോധവും എനിക്കില്ലായിരുന്നു. പഠനം കഴിഞ്ഞിട്ടും പൂർണമായും ഇവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. അപ്പോഴും ഇതൊക്കെ ഇവർ‘ കാട്ടികൂട്ടുന്നതാണ്’ എന്ന സമൂഹചിന്ത തന്നെയാണ് എന്നെയും സ്വാധീനിച്ചത്. കുട്ടികളുടെ വിഭാഗത്തിൽ ചേർന്നതിനു ശേഷമാണ് DSD ( Disorders of sexual differentiation) എന്ന സ്ഥിതിവിശേഷത്തെ പറ്റിയും അതിനെ ചുറ്റി പറ്റി കൂടുതൽ വിഷയങ്ങളും വായിച്ചതും മനസ്സിലാക്കിയതും. ഇതൊന്നും തുറന്ന് പറയാൻ ഒരു ചമ്മലും എനിക്കില്ല. കാരണം ഇന്നും നമുക്കിടയിൽ നല്ലൊരു ശതമാനം ആളുകൾക്ക് ഇവരെ കുറിച്ച് പല അബദ്ധധാരണകളും ആണുള്ളത്. എന്തിന്‌ കൂടുതൽ, പല ഡോക്ടർമാർക്ക് വരെ ഈ വിഷയത്തെ പറ്റി കൃത്യമായ ബോധ്യമില്ല എന്നതാണ് സത്യം.

ഇവരെ പറ്റി കൂടുതൽ വായിച്ചും കേട്ടും മനസ്സിലാക്കിയപ്പഴാണ് ഈ വിഭാഗം നേരിടുന്ന കടുത്ത അവഗണനകളും ചൂഷണങ്ങളും നീതിനിഷേധവും എല്ലാം എന്റെ മനസ്സിൽ ഒന്നുകൂടി തെളിഞ്ഞു വന്നത്. അത്രയും കാലം എന്റെ കൺമുമ്പിൽ ഇതൊക്കെ ഞാൻ പലതവണ നേരിട്ട് കണ്ടിട്ടും അതിന്റെ ആഴം ഞാൻ ചിന്തിച്ചിട്ടോ മനസ്സിലാക്കിയിട്ടോ ഇല്ലായിരുന്നു. അല്ലെങ്കിൽ ശ്രമിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ പേജിൽ നടത്തുന്ന ടോക്കുകളിൽ ഇവരെ കുറിച്ചും സംസാരിക്കണമെന്നും പൊതു ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കണമെന്നും തോന്നി.

ഞാൻ ഒരു കുട്ടികളുടെ ഡോക്ടർ ആണെങ്കിൽ പോലും അതല്ലാതെ ഉള്ള വിഷയങ്ങളും ഞാൻ പൊതുജനങ്ങളുമായി ചർച്ച ചെയ്യാറുണ്ട്. ഞാനൊരു സർവ വിജ്ഞാന കോശമല്ല എന്ന വ്യക്തമായ ധാരണ ഉള്ളതു കൊണ്ടുതന്നെ ഏത് വിഷയം സംസാരിക്കുന്നതിനു മുമ്പും ആ വിഷയത്തിലെ പ്രഗൽഭരായ ഡോക്ടര്മാരോട് ഞാൻ സംസാരിക്കാറുണ്ട്. അവരുടെ അഭിപ്രായങ്ങൾ തേടാറുണ്ട്. പറയുന്ന കാര്യങ്ങളിൽ തെറ്റുകൾ വരരുത് എന്ന് നിർബന്ധമുള്ളത് കൊണ്ടാണത്. അങ്ങനെ ആണ് ട്രാൻസ്ജെൻഡറുകളെ പറ്റി സംസാരിക്കുന്നതിനു മുമ്പ് എന്റെ സംശയങ്ങൾ തീർക്കാൻ ഞാൻ എന്റെ സുഹൃത്ത് കൂടിയായ ഡോ. അനീഷ് അഹമ്മെദിനെ വിളിച്ചത്. അദ്ദേഹം എൻഡോക്രൈനോളജിസ്റ് ആണ്. അപ്പോൾ അദ്ദേഹമാണ് എനിക്ക് ഡോ. സുജയുടെ നമ്പർ തന്നത്. എന്നിട്ട് എന്നോട് പറഞ്ഞു,‘സൗമ്യ, സുജയെ വിളിച്ചു സംസാരിക്കു. റെനൈ മെഡ്സിറ്റിയിലെ എൻഡോക്രൈനോളജിസ്റ് ആണ്. അവർക്ക് ഇതിന്റെ കുറിച്ച് വിശദമായി സംസാരിക്കാൻ സാധിക്കും. കാരണം അവർ ഇവർക്കിടയിൽ നേരിട്ടിറങ്ങി പ്രവർത്തിക്കുന്ന ഒരാളാണ്. സുജയുടെ വലിയ താല്പര്യ മേഖല ആണ് ട്രാൻസ്ജൻഡർ വിഭാഗത്തിന്റെ ഉന്നമനം.. അതുകൊണ്ട് തന്നെ കാര്യങ്ങൾ എന്നെക്കാൾ നന്നായി പറഞ്ഞു തരാൻ സാധിക്കും.’

 അങ്ങനെ നമ്പർ വാങ്ങി ഞാൻ വിളിച്ചു. എനിക്ക് സത്യം പറഞ്ഞ ഒരു ചമ്മൽ ഉണ്ടായിരുന്നു. അറിയുന്ന സുഹൃത്തുക്കളെ വിളിച്ചു ചോദിക്കാൻ നമുക്കൊരു സ്വാതന്ത്ര്യം ഉണ്ട്. ഇതിപ്പോ അറിയാത്ത ഒരു സൂപ്പർസ്പെഷലിസ്റ് ആയ ഡോക്ടറേ ഒരു ടോക്കിന്‌ സഹായിക്കുമോ എന്നൊക്കെ പറഞ്ഞു വിളിക്കയല്ലേ...എന്തായാലും വിളിച്ചു. ഞാൻ വിളിച്ചപ്പോ സുജ ഓ. പി യിൽ ആയിരുന്നു. ഞാൻ ഫ്രീ ആകുമ്പോൾ അങ്ങോട്ട് വിളിച്ചാൽ മതിയോ എന്ന് എന്നോട് ചോദിച്ചു. മതി എന്ന് പറഞ്ഞെങ്കിലും ‘ഓ, ഇവർ വിളിക്കാനൊന്നും പോകുന്നില്ല’ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

പക്ഷേ സുജ വിളിച്ചു. വിളിച്ചു എന്ന് മാത്രല്ല ഒരു മണിക്കൂറോളം എനിക്ക് വിസ്തരിച്ചു എല്ലാം പറഞ്ഞു തന്നു. സുജയുടെ ഓരോ വാക്കിലും അവർ ആ വിഭാഗത്തോട് എത്രത്തോളം സ്നേഹവും കരുതലും പുലർത്തുന്നു എന്നത് വ്യക്തമായിരുന്നു. സുജ പറഞ്ഞ ചില കാര്യങ്ങൾ ഇന്നും ഞാൻ ഓർക്കുന്നു. " സൗമ്യ, ഇവരെ എത്ര ആശുപത്രികൾ ചൂഷണം ചെയ്യുന്നുണ്ടെന്ന് അറിയാമോ?! അധികവും അന്യ സംസ്ഥാനങ്ങളിലെ ആശുപത്രികൾ ആണ്. ഇവരിൽ പലരും വേശ്യവൃത്തിക്ക് വരെ പോകുന്നത് അവർക്ക് ഈ ചികിത്സക്കുള്ള പൈസ സ്വരൂപിക്കാൻ ആണ്. പക്ഷേ പലരും അവരെ കബളിപ്പിച്ചു ആ പൈസ തട്ടിയെടുക്കുകയും ഓപ്പറേഷൻ എന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഉള്ള ഓപ്പറേഷനുകൾ ചെയ്യാനുള്ള സൗകര്യങ്ങൾ സർക്കാർ മെഡിക്കൽ കോളജുകളിലും അധികമില്ല. അതുകൊണ്ട് തന്നെ ഇവർക്ക് കേരളത്തിൽ മിതമായ തുകക്ക് ഈ സർജറി ചെയ്തു കൊടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്..അതുപോലെ സർക്കാരിന്റെ ഭാഗത്തു നിന്ന്‌ കൂടുതൽ സഹായങ്ങൾക്കും.

എനിക്ക് അവരോട് വലിയ മതിപ്പ് തോന്നി. നന്ദി പറഞ്ഞു ഞാൻ ഫോൺ വച്ചു. അതിനു ശേഷം ഇന്നലെ വരെ ഞാൻ ഡോ. സുജയുമായി സംസാരിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പാണ് അനന്യയുടെ മരണവുമായി ബന്ധപെട്ടു കേട്ട ഡോക്ടർമാരുടെ പേരുകളിൽ ഒന്ന് സുജയുടേതാണെന്നും ഡോ. അർജുൻ അശോകൻ ഡോ. സുജയുടെ ഭർത്താവാണെന്നും അറിയുന്നത്. എനിക്ക് സുജയെ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല. വളരെ ബോൾഡായി ആണ് സുജ സംസാരിച്ചത്. പക്ഷേ സുജ പറഞ്ഞ ഒരു വാചകം എന്നെ വല്ലാതെ വേദനിപ്പിച്ചു. " സൗമ്യ, പുറത്തുള്ളവർ എന്തോ പറഞ്ഞോട്ടെ. കുറ്റപ്പെടുത്തിക്കോട്ടെ. സാരമില്ല. സഹിക്കാം. പക്ഷേ ആർക്ക് വേണ്ടിയാണോ ഞങ്ങൾ ഇത്രയും കാലം പ്രവർത്തിച്ചത് ആരുടെ ഉന്നമനത്തിനു വേണ്ടിയാണോ ആഗ്രഹിച്ചത് അതെ കമ്മ്യൂണിറ്റി തന്നെ ഇന്ന് ഞങ്ങളെ തള്ളിപ്പറഞ്ഞു. അത് മാത്രം സഹിക്കാൻ പറ്റിയില്ലെടോ എന്ന്...

ഡോ. സുജയും ഡോ. അർജുനും ഒന്നും എനിക്കാരുമല്ല. എനിക്ക് ശമ്പളം തരുന്നത് റെനൈ മെഡിസിറ്റിയുമല്ല. അതുകൊണ്ടുതന്നെ ഇവരെ ആരെയും വെള്ള പൂശേണ്ട കാര്യവും എനിക്കില്ല. ഇവരിൽ ആർക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിലും അർഹിക്കുന്ന ശിക്ഷ കിട്ടുക തന്നെ വേണം. ഒരു തർക്കവും ഇല്ല. 

പക്ഷേ അത് തെളിയിക്കപ്പെടുന്നത് വരെയെങ്കിലും നമുക്കൊന്ന് കാത്തിരുന്നൂടെ?! ഇങ്ങനെ അനാവശ്യ മാധ്യമ വിചാരണയിലേക്കും നാല് കാശു കിട്ടിയാൽ ലൈക്കും ഷെയറും കൂട്ടാൻ  എന്തും വിളിച്ചു പറയുന്ന ഓൺലൈൻ ചാനലുകാരുടെ പൂരപ്പാട്ടിലേക്കും ഒക്കെ ഇതിനെ കൊണ്ട്‌ പോകുന്നത് ശരിയാണോ?! നിഷ്പക്ഷമായൊരു അന്വേഷണമല്ലേ നമുക്ക് വേണ്ടത്! അതല്ലേ ഞാനും നിങ്ങളും ആഗ്രഹിക്കുന്നത്?! അതിന് വേണ്ട ഒരു സംവിധാനം നമുക്കിവിടെ ഇല്ലേ! ഇനി അതില്ലെങ്കിൽ അതുണ്ടാക്കുക അല്ലേ വേണ്ടത്! 

ഇനി ഇത് വായിച്ചു എന്റെ ട്രാൻസ് കമ്മ്യൂണിറ്റിയുടെ പൊതു ശത്രു ആക്കാൻ വരുന്നവരോട് രണ്ട് വാക്ക്. അത് ചില " തല്പരകക്ഷികൾ " മുമ്പ് തന്നെ എനിക്ക് ചാർത്തി തന്ന പട്ടം ആണ്. അതുകൊണ്ട് അത് വേണ്ട. പുതിയ പട്ടം വല്ലതും ആണെങ്കിൽ നോക്കാം!

ഇനി ട്രാൻസ്ജെൻഡർ സഹോദരി സഹോദരന്മാരോട്, എനിക്ക് നിങ്ങളോട് സഹതാപമില്ല. സത്യമാണ്. കാരണം നിങ്ങൾ അർഹിക്കുന്നത് സഹതാപമല്ല എന്ന കൃത്യമായ ബോധ്യം ഉള്ളത് കൊണ്ടാണത്. നിങ്ങൾ അർഹിക്കുന്നത് സമത്വമാണ്. പരസ്പര ബഹുമാനമാണ്. അതിന് വേണ്ടത് ആൺ / പെൺ എന്ന് ലിംഗത്തെ രണ്ടായി തിരിച്ച ഈ ലോകത്തോട് "ഇതല്ല , ഇനിയുമുണ്ട് ഉപവിഭാഗങ്ങൾ " എന്ന് പറയാനുളള ആർജ്ജവമാണ്. ജീവിക്കുന്നിടത്തോളം കാലം നിങ്ങളോട് സ്നേഹവും ബഹുമാനവും മാത്രം. നിങ്ങളുടെ നിസ്സഹായാവസ്ഥയെ മുതലെടുക്കാൻ വരുന്നവരെ തിരിച്ചറിയുക. അവരുടെ കയ്യിലെ പാവകൾ ആവാതിരിക്കുക! 

സത്യം വിജയിക്കട്ടെ!’

Content Summary : Dr Soumya Sarin reacts to transgender activist Annanyah Kumari Alex's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com