Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹത്തിനിവർ എച്ച്ഐവി ബാധിതർ, പക്ഷേ ഇദ്ദേഹത്തിനോ?

ajai-sharma

സ്വന്തം ജീവിതം സമൂഹത്തിനായി ത്യജിക്കുമ്പോഴാണ് ചിലർ മഹത്വത്തിലേക്ക് ഉയരുന്നത്. ബന്ധുക്കള്‍ തെരുവിലിറക്കിവിട്ട എച്ച്.ഐ.വി ബാധിതരായ 12 കുട്ടികളെ ഏറ്റെടുത്താണ് മീററ്റ് സ്വദേശിയായ അജയ് ശര്‍മ്മ എന്ന മുൻ അധ്യാപകൻ ത്യാഗമനോഭാവത്തോടെയുള്ള പ്രവർത്തനം കൊണ്ട് മാതൃകയാകുന്നത്.

അവിചാരിതമായി ഉണ്ടായ ഒരു അപകടമായിരുന്നു വഴിത്തിരിവ്. ഫല്‍വാദ ഗവണ്‍മെന്റ് ഇന്റര്‍ കോളജില്‍ അധ്യാപകനായ ശര്‍മ്മ ഒരിക്കൽ ഒരപകടത്തെത്തുടർന്ന് മസ്തിഷ്കത്തിലെ രക്തസ്രാവംമൂലം കൂറേദിവസം ബോധമില്ലാതെ കിടന്നു. രോഗം ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശർമ്മക്ക് ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടേ മാറിപ്പോയി.

എയ്ഡ്‌സ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതിനെത്തുടർന്ന് അടുത്ത ബന്ധുക്കള്‍ തെരുവിലിറക്കി വിട്ട പന്ത്രണ്ടോളം കുട്ടികളെയാണ് ജീവിതത്തിലേക്ക് മടക്കിയെത്തിക്കാന്‍ അജയ് ശര്‍മ്മ തന്റെ ജോലിയുപേക്ഷിച്ച് രംഗത്തെത്തിയത്. ആരോരും വേണ്ടാത്തവരെ സ്വന്തമാക്കിയ ഭർത്താവിന് പിന്തുണ നൽകാൻ ഭാര്യയ്ക്ക് മടിയേതുമുണ്ടായിരുന്നില്ല. ഭാര്യയായ ബബിതയുടെ തുച്ഛമായ ശമ്പളമുപയോഗിച്ചാണ് ഇവർ കുട്ടികളെ സംരക്ഷിക്കാനാരംഭിച്ചത്.

സ്വന്തം ജീവിതത്തിലെ ചെലവുകളിൽ നിന്നും ചുരുക്കിപ്പിടിച്ച് 13 കുട്ടികൾക്കുകൂടി ഇരുവരും അന്നമേകി. അജയ് ശര്‍മ്മയും ഭാര്യ ബബിതയും ചേര്‍ന്ന് എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി സത്യകം മാനവ സേവ സമിതിയെന്ന സംഘടന രൂപീകരിച്ചു.

കുട്ടികളുടെ ചികിത്സ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ കാര്യങ്ങള്‍ അജയ് ശര്‍മ്മയും കുടുംബവും ചേര്‍ന്നാണ് നോക്കുന്നത്. ഇവരുടെ വാടകവീട്ടിൽത്തന്നെയാണ് സത്യകം മാനവ സേവ സമിതിയുടെ ഓഫീസും. പലയിടങ്ങളിൽനിന്നുള്ള ധനസഹായംകൊണ്ട് ഇവരുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.

കൂടുതൽ കുട്ടികളെ ഏറ്റെടുക്കണമെന്ന ആഗ്രഹത്തിലാണ് ഇരുവരുമെങ്കിലും സ്ഥലസൗകര്യക്കുറവും പണത്തിന്റെ കുറവും കാരണം ഇത് പ്രാവർത്തികമല്ല. 13 വിദ്യാർഥികളെയെങ്കിലും എല്ലാ സൗകര്യങ്ങളോടെയും പുനരധിവസിപ്പിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. ചികിത്സക്കും രോഗപ്രതിരോധശേഷി നൽകുന്ന ഭക്ഷണത്തിനുമായി സഹായധനം തേടുകയാണ് ഈ സംഘടന. 650520 രൂപയാണ് പതിമൂന്ന് കുട്ടികൾക്ക് ഒരു വർഷം ചെലവാകുന്നത്. മിലാപ് എന്ന ക്രൗഡ് ഫണ്ട് റെയിസിംഗ് പ്ലാറ്റ്ഫോമിലൂടെ ഒരു ക്യാപെയ്നാരംഭിച്ചിരിക്കുകയാണ് സത്യകം. 

Your Rating: