Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയിൽ മയക്കുമരുന്നു ദുരന്തം അനിയന്ത്രിതമായി വർദ്ധിയ്ക്കുന്നു

syringe-drug-medicine

ഫിലഡൽഫിയയിലും സമീപ സംസ്ഥാനമായ ന്യൂജഴ്സി സ്റ്റേറ്റിന്റെ അതിർത്തി പ്രദേശങ്ങളിലും മോർഫിനിൽ നിന്നെടുത്ത മാരകമായ ഹെറോയ്ൻ മയക്കുമരുന്നു ഉപയോഗം മൂലമുള്ള മരണനിരക്കു ഏറ്റവും ഉയർന്ന നിലയിലെത്തി. മരുന്ന് ഓവർ ഡോസിനാൽ 50,000 ത്തിലധികം അമേരിക്കക്കാർ 2015ൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രിവൻഷന്റെ സ്ഥിതി വിവരക്കണക്കനുസരിച്ചു മരണമടഞ്ഞു. 2016ലെ മരണനിരക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

വിദഗ്ധ നിരീക്ഷണത്തിൽ ഈ മഹാമാരകമായ വ്യാധിയുടെ മൂലകാരണം അതിവേദന അകറ്റുവാനുള്ള ഒപിയോയിഡ് പിൽസിന്റെ ക്രമാതീതമായ പ്രിസ്ക്രിപ്ഷൻ ഡോക്ടർമാരിൽനിന്നും ലഭിയ്ക്കുന്നതുകൊണ്ടും അഡിക്ഷൻ ട്രീറ്റ്മെന്റിനു പോകാത്തതുകൊണ്ടുമാണ്. ദേശീയ തലത്തിൽ മരുന്നുവില വർദ്ധിച്ചതിനാൽ പ്രിസ്ക്രൈബ്ഡ് മരുന്നുകൾ വാങ്ങാതെ അപകടകാരിയായ ഹെറോയ്ൻ ഉപയോഗം തുടങ്ങുന്നു. 2015ൽ അമേരിക്കൻ തെരുവുയുദ്ധത്തിൽ വെടിയേറ്റു മരിച്ചവരിലും അധികം ആൾക്കാർ ഹെറോയ്ൻ ഓവർഡോസ്മൂലം ദാരുണമായി കൊല്ലപ്പെട്ടു. മരിച്ചവരിലധികവും യുവതീയുവാക്കളും കൗമാരദിശയിലുള്ളവരുമാണ്.

അതിവേദന ഒഴിവാക്കുവാൻ പുതിയതായി കണ്ടുപിടിച്ച, ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഒപിയോയിഡ് ഫെന്റാനിൽ എന്ന മരുന്നിന്റെ വ്യാജപതിപ്പുകൾ ഡോസ്കൂട്ടി ഉല്പാദിപ്പിച്ചു വിദേശത്തുനിന്നും മയക്കുമരുന്നു മാഫിയകൾ അമേരിയ്ക്കയിലേക്കും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേയ്ക്കും കയറ്റി അയയ്ക്കുന്നു. ഫിലഡൽഫിയയിൽ 5 ദിവസംകൊണ്ട് 35 പേർ വ്യാജ ഫെന്റാനിൽ ഉപയോഗംമൂലം മരിച്ചു. ആധുനിക യുഗത്തിൽ അപ്രതീക്ഷിതമായിട്ടാണ് ദാരുണ രീതിയിൽ മയക്കുമരുന്നുപയോഗത്താൽ മരണം സംഭവിയ്ക്കുന്നതെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ മരണനിരക്കു വിഭാഗത്തിന്റെ തലവനായ റോബോർട്ട് ആൻഡേഴ്സൺ പറയുന്നു. രണ്ടുമാസം തുടർച്ചയായി ഡോക്ടർമാർ നിർദ്ദേശിച്ച വേദന സംഹാരി ആയ ഒപിയോയിഡ് ഉപയോഗിച്ചതിനാൽ ഏകദേശം മൂന്നിലൊന്ന് വിഭാഗം രോഗികൾ തികച്ചും അഡിക്റ്റായി മാറിയതായി കൈസർ ഫാമിലി ഫൗണ്ടേഷന്റെ സർവ്വേയിൽ വെളിപ്പെടുത്തി.

നടുവിന്റെ അതിവേദനയും ക്യാൻസർ വേദനയും ശമിക്കുവാൻ ഓക്സികോന്റിനും ഓപിയോയിഡും ഡോക്ടർമാർ പ്രിസ്ക്രൈബ് ചെയ്യുന്നു. എന്നാൽ ഒരു വിഭാഗം രോഗികൾ അമിതമായി ഉപയോഗിച്ചു പരിഹാര നിവാരണം ഇല്ലാത്തവിധം അഡിക്റ്റഡായി മാറുന്നു. ഫിലഡൽഫിയയിൽനിന്നും 404 കിലോമീറ്റർ അകലെയുള്ള ചെറിയ പട്ടണമായ ജോൺസ്ടൗണിൽ ഏറ്റവും വേദനാജനകമായ മയക്കുമരുന്നു ഭീകരത്വം വെറും 5 മാസം മാത്രം പ്രായമുള്ള ഒരു കുരുന്നു പൈതലിന്റെ ജീവൻ അപഹരിച്ചു. മാതാപിതാക്കളായ 27 വയസ്സുള്ള ജാസൺ ചേംബേഴ്സും 19 വയസ്സുള്ള ചെൽസിയ കാർഡാറോറും ഹെറോയ്ൻ ഓവർഡോസ് മൂലം ഏതാനും മിനിറ്റുകൾ ഇടവിട്ടു മരിച്ചതായി ടോക്സികോളജി പരീക്ഷണത്തിൽ വെളിപ്പെടുത്തി.

ഉള്ളിൽനിന്നും പൂട്ടിക്കിടന്ന വീടു തുറക്കുവാനോ സ്വയമായി രക്ഷിക്കുവാൻവേണ്ടി ആംബുലൻസ് വിളിക്കുവാനോ തൊട്ടിലിൽ സുഖമായി നിദ്രകൊള്ളുന്ന പൈതലിനെ രക്ഷിക്കുവാൻ വേണ്ടി അയൽവാസികളെയോ പോലീസിനെയോ വിളിയ്ക്കുവാനോ മയക്കുമരുന്നിന്റെ കാഠിന്യം നിമിത്തം സാധിച്ചില്ല. ഈ അവസ്ഥയിൽ വെറും 5 മാസം മാത്രം ജീവിച്ചു 4 ദിവസം കൊടും പട്ടിണിയോടൊപ്പം മാതാപിതാക്കളുടെ ദുർഗന്ധം വമിക്കുന്ന മൃതദേഹങ്ങളെ സാക്ഷിനിർത്തി പാവം പൈതൽ പരലോക പ്രാപ്തയായി.

മനുഷ്യരാശിയുടെ നിലനിൽപുതന്നെ അന്തിമഘട്ടത്തിലേയ്ക്കു ഗമിയ്ക്കുന്നതായി ഏതു ചിന്തകനും തോന്നും വിധത്തിലാണു മയക്കുമരുന്നുപയോഗം ആഗോളതലത്തിൽ വ്യാപിയ്ക്കുന്നത്. നിവാരണമാർഗ്ഗങ്ങൾ ഏതാനും രാജ്യങ്ങൾമാത്രം അംഗീകരിച്ചാൽ ഈ മഹാവ്യാധി കെട്ടടങ്ങുകയില്ല. ഐക്യരാഷ്ട്ര സംഘടനയുടെ നേരിയ നേതൃത്വത്തിലുള്ള വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നിയമങ്ങളോ നിബന്ധനകളോ ഫലപ്രദമായി മയക്കുമരുന്നുവേട്ട നടത്തി വിജയിക്കുകയില്ല.

നിവാരണത്തിനു ശക്തമായ നിയമനിർമ്മാണം എല്ലാ രാജ്യങ്ങളിലും രൂപീകരിയ്ക്കണം. ഉത്പാദകരേയും വിവിധ രാജ്യങ്ങളിലേയ്ക്കും കടത്തിക്കൊണ്ടുപോകുന്നവരേയും ഉപഭോക്താക്കൾക്ക് വിൽക്കുന്നവരേയും ജയിൽ ശിക്ഷയ്ക്കുപകരം വധശിക്ഷയ്ക്കു വിധേയരാക്കണം. ഈ കുറ്റകൃത്യം ചെയ്യുന്നവരെ അറസ്റ്റു ചെയ്തതിനു ശേഷം ജാമ്യം നൽകാതെ നോൺ ബെയിലബിൾ ഒഫെൻസായി കരുതി ജയിൽ അഴികൾക്കുള്ളിൽ സൂക്ഷ്മ വീക്ഷണത്തോടെ ഇടണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.