Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഞ്ജലീനയുടെ ‘പ്രാണിത്തീറ്റ’യ്ക്കു പിന്നിലൊരു രഹസ്യമുണ്ട്!

Jothisha-mar1,17.indd

‘ആദ്യം ഇതിന്റെ കട്ടിയുള്ള ഭാഗം കണ്ടെത്തണം. അവിടെയാണ് വിഷപ്പല്ല്. അതങ്ങ് പറിച്ചെടുത്തു കളയണം...’ പറയുന്നത് ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളിയാണ്. തന്റെ മക്കൾക്ക് ‘ചിലന്തി–തേൾഫ്രൈ’ പാചകം ചെയ്തു കൊടുക്കുകയാണ് ആഞ്ജലീന. കയ്യിൽ ഇത്രയേറെ പണമുണ്ടായിട്ടും പിള്ളേർക്ക് ‘പ്രാണി’കളെയാണോ വറുത്തുകൊടുക്കുന്നതെന്ന് തമാശയ്ക്കു വേണമെങ്കിൽ ചോദിക്കാം. പക്ഷേ സംഗതി അത്ര തമാശയല്ല. തന്റെ ഡയറ്റിന്റെ തന്നെ ഭാഗമാണ് ചെറുപ്രാണികളെ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളെന്നു തുറന്നുപറയുന്നു ആഞ്ജലീന. അതും വർഷങ്ങൾക്കു മുൻപേ കംബോഡിയയിൽ ആദ്യമായെത്തിയപ്പോൾ ആരംഭിച്ചതാണ് പ്രാണിത്തീറ്റ.

ചീവീടിനെ വറുത്തടിച്ചായിരുന്നു തുടക്കം. പ്രാണികളെ തിന്നുതുടങ്ങുന്നവർക്ക് ആദ്യമേ കഴിക്കാൻ പറ്റിയത് ചീവീടാണെന്നും പറയുന്നു ആഞ്ജലീന. പിന്നെ പതിയെ ചിലന്തി, തേൾ, പലതരം വണ്ടുകൾ, വെട്ടുകിളി, പുൽച്ചാടി...അങ്ങനെ നീളും ലിസ്റ്റ്. തന്റെ പ്രിയഭക്ഷണങ്ങളിലൊന്ന് ചെറുപ്രാണികളാണെന്നും ഈ നാൽപത്തിയൊന്നുകാരി തുറന്നുപറയുന്നു. നേരത്തേ മടിച്ചു നിന്നിരുന്ന മക്കളാകട്ടെ ഇപ്പോൾ ചിപ്സ് കഴിക്കുന്നതുപോലെ ഒരു പാക്കറ്റ് ചീവീടുഫ്രൈ ഒക്കെ തിന്നുതീര്‍ക്കുമെന്നും ആഞ്ജലീനയുടെ വാക്കുകൾ. ചുമ്മാ ഒരു രസത്തിന് കഴിക്കുന്നതാണ് ഇതെല്ലാമെന്നു കരുതിയാൽ തെറ്റി. ശാസ്ത്രലോകം പറയുന്നത് പണമേറെ മുടക്കി കഴിക്കുന്ന മാംസഭക്ഷണത്തേക്കാൾ ഏറെ പോഷകമൂല്യം നിറഞ്ഞതാണ് പ്രാണികളെ വറുത്തും പൊരിച്ചും കറിവച്ചുമെല്ലാം കഴിക്കുന്നതെന്നാണ്.

പ്രോട്ടീൻ, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് പ്രാണികൾ. മാംസം കൊണ്ടുള്ള ‘സ്റ്റീക്’ കഴിക്കുമ്പോൾ ലഭിക്കുന്നതിലും ഏറെ മഗ്നീഷ്യവും ഇരുമ്പും ഉൾപ്പെടെയുള്ള പോഷകവസ്തുക്കൾ പ്രാണികളിൽ നിന്നും ഷഡ്പദങ്ങളിൽ നിന്നും ലഭിക്കുമെന്ന് ജേണൽ ഓഫ് അഗ്രികൾചർ ആൻഡ് ഫൂഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലും പറയുന്നു. ഇത്തരത്തിലുള്ള ഭക്ഷണശീലം വളർത്തിക്കൊണ്ടുവരാൻ ശ്രദ്ധ ചെലുത്തണമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധരും ഏറെ നാളുകളായി പറയുന്നുണ്ട്. ബീഫിൽ ഉള്ളതിനെക്കാൾ ഏറെ ഇരുമ്പ് പ്രാണികളിൽ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയത് അമേരിക്കൻ കെമിക്കൽ സൊസൈറ്റിയിലെ ഗവേഷകരാണ്. ചിവീടുകളിലും പുൽച്ചാടികളിലുമാണ് ഇതേറെയുള്ളതെന്നും ‘ഹെൽത്ത്’ വെബ്പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു.

കന്നുകാലി മാംസത്തിലുള്ളതിനെക്കാളും ഏറെ കാൽസ്യവും ചെമ്പും സിങ്കും ലഭ്യമാകുന്നത് പുൽച്ചാടി, ചിവീട്, കൊമ്പൻ ചെല്ലിയുടെ ലാർവപ്പുഴുക്കൾ എന്നിവകൊണ്ടുള്ള ഭക്ഷണത്തിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ചെറുപ്രാണികളിൽ 60 മുതൽ 70 ശതമാനം വരെ പ്രോട്ടീനായിരിക്കും, അന്നജം കുറവായിരിക്കും, വൈറ്റമിനുകൾ, ധാതുക്കൾ, കൊഴുപ്പ് എന്നിവയും ലഭ്യമാക്കും. ഇത്തരത്തിൽ ഭക്ഷ്യയോഗ്യമായ രണ്ടായിരത്തോളം ഇനം ചെറുപ്രാണികളുണ്ട് ലോകത്തിൽ, പക്ഷേ അവയെല്ലാം പ്രോട്ടീനിനാൽ സമ്പന്നമല്ല. മാത്രവുമല്ല പല പ്രാണികളും കീടനാശിനിപ്രയോഗത്തിന് വിധേയമാകുന്ന പ്രശ്നവുമുണ്ട്. അതിനാൽത്തന്നെ പോഷകഗുണമുള്ള പ്രാണികളെ ഭക്ഷ്യവിദഗ്ധരുടെ സഹായത്താൽ കണ്ടെത്തി വിശ്വാസയോഗ്യമായ ഫാമുകളിൽ നിന്നുവാങ്ങി കഴിക്കണമെന്നാണ് നിർദേശമുള്ളത്. ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും ഇത്തരം ഫാമുകളുണ്ട്.

പാശ്ചാത്യരാജ്യങ്ങളിൽ ഇപ്പോഴും പക്ഷേ ‘പ്രാണീത്തീറ്റ’ അത്ര പ്രചാരത്തിലെത്തിയിട്ടില്ല. എന്നാൽ ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻസ് ഓഫ് യുണൈറ്റഡ് നേഷൻസിന്റെ കണക്കുപ്രകാരം ലോകജനസംഖ്യയുടെ കാൽഭാഗവും ഏതെങ്കിലും തരത്തിലുള്ള പ്രാണികളെ ഭക്ഷിക്കുന്നവരാണ്. ആഫ്രിക്കയിലെയും ഓസ്ട്രേലിയയിലുമെല്ലാം ആദിവാസി വിഭാഗക്കാരുടെ ദിവസേനയുള്ള ഭക്ഷണത്തിൽ തന്നെ ഉറുമ്പുകളും വണ്ടുകളുടെ ലാർവകളെയുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. തായ്‌ലൻഡിലാകട്ടെ വറുത്ത വെട്ടുകിളികളാണ് വിശിഷ്ടഭോജ്യം. അസമിലെ ബോഡോ വിഭാഗക്കാരുടെയും പ്രിയഭക്ഷണമാണ് ചീവിടുകളും പുൽച്ചാടികളും പട്ടുനൂൽപ്പുഴുക്കളുമെല്ലാം. ഇവയുടെ വിൽപനയ്ക്കായി പ്രത്യേക ചന്തകൾ വരെയുണ്ട്.

ഇത്തരത്തിൽ ലോകമെമ്പാടും 200 കോടിയിലേറെ ജനങ്ങളാണ് പ്രാണികളെ തങ്ങളുടെ പ്രിയഭക്ഷണമായി കണക്കാക്കുന്നത്. പ്രാണിഫ്രൈയുടെയും മറ്റും പോഷകമൂല്യവും വിപണിമൂല്യവും മനസിലാക്കിയ പല ലോകോത്തര ഹോട്ടലുകളും പാശ്ചാത്യരാജ്യങ്ങളിലുൾപ്പെടെ തങ്ങളുടെ െമനുവിൽ അത്തരം ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി ചീവീടിന്റെ പ്രോട്ടീൻ ബാറും പ്രാണികളെ പൊടിച്ചു തയാറാക്കുന്ന ഉൽപന്നങ്ങളുമെല്ലാം ലഭ്യമാക്കുന്ന കമ്പനികളുമുണ്ട്. ഇതിനനുസരിച്ച് പ്രാണിവളർത്തൽ കേന്ദ്രങ്ങളും ഏറുന്നു. കന്നുകാലികളെക്കാൾ കൊടുക്കുന്നതിനെക്കാൾ 12 ശതമാനം കുറവ് ഭക്ഷണം കൊടുത്താൽ മതി അവയിൽ നിന്നു ലഭിക്കുന്ന അതേ അളവിലുള്ള പ്രോട്ടീൻ ചീവീടുകളിൽ നിന്നു ലഭിക്കാൻ. പന്നിക്കു ചെലവാക്കുന്ന ഭക്ഷണത്തിന്റെ പകുതി മതി ചീവിടുകൾക്ക് അതേ അളവിൽ പ്രോട്ടീൻ ലഭ്യമാക്കാൻ. ആഞ്ജലീന വെറുതെയാണോ തന്റെ ഡയറ്റിലേക്ക് പ്രാണികളെയും ഷഡ്പദങ്ങളെയും കൂടെ കടത്തിവിട്ടത്! ചെലവ് വെറും തുച്ഛം, ഗുണമേറെയും!