Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പെൻഡിസൈറ്റിസിന്റെ തുടർവേദനകൾ

appendicitis

വയറുവേദനയ്ക്ക് പല കാരണങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് അപ്പെൻഡിക്സിനുണ്ടാവുന്ന അണുബാധ. വയറിനുള്ളിൽ വൻകുടലും ചെറുകുടലും തമ്മിൽ ചേരുന്ന ഭാഗത്തു വൻകുടലിന്റെ തുടക്കത്തിൽ നിന്ന് ഒരു വലിയ പുഴുവിന്റെ ആകൃതിയിൽ തള്ളി നിൽക്കുന്ന ഒരു അവയവമാണ് അപ്പെൻഡിക്സ്. അപ്പെൻഡിസൈറ്റിസ് എന്നാണു രോഗാവസ്ഥയുടെ പേര്. ബാക്ടീരിയൽ അണുബാധയാണു പ്രധാന കാരണം.

ഏതു പ്രായക്കാരെയും ഈ രോഗം ബാധിക്കാമെങ്കിലും കൗമാരപ്രായക്കാരിലും 20—30 വയസ് പ്രായമുള്ളവരിലും കൂടുതലായി കാണുന്നു.

അടിവയർ വേദന

രോഗത്തിന്റെ സാധാരണ ലക്ഷണങ്ങൾ മനസിലാക്കിയിരിക്കുന്നതു രോഗത്തെ നേരത്തെ കണ്ടെത്താനും ചികിത്സ ആരംഭിക്കുവാനും സഹായിക്കുന്നു.

വയറുവേദനയാണു പ്രധാന ലക്ഷണം. പക്ഷേ, അതിനു ചില പ്രത്യേകതകളുണ്ട്. അടിവയറിന്റെ വലുതഭാഗത്താണ് അപ്പെൻഡിക്സിന്റെ സ്ഥാനം. അതുകൊണ്ട് ആ ഭാഗത്ത് ഉണ്ടാവുന്ന വേദനയാണു പ്രധാന ലക്ഷണം. രോഗത്തിന്റെ ആരംഭത്തിൽ വേദന പൊക്കിളിനു ചുറ്റുമോ, അതിനു മുകളിലായോ ആരംഭിക്കുകയും പിന്നീട് അടിവയറിന്റെ വലത്തുവശത്തു മാത്രമായി അനുഭവപ്പെടുകയും ചെയ്യുന്നു. തുടരെ തുടരെ ഉണ്ടാവുന്ന ശക്തമായ വേദനയാണിത്. ചുമയ്ക്കുമ്പോഴും അടിവയറിന്റെ വലതുവശത്തു വിരലുകൾ കൊണ്ട് അമർത്തുമ്പോഴും വേദന കൂടുന്നു.

വേദനയോടൊപ്പം ഛർദിയും

വേദനയോടൊപ്പം ഒന്നോ രണ്ടോ പ്രാവശ്യം ഛർദിക്കുക, മനംമറിച്ചിൽ, ചെറിയ പനി, വിശപ്പില്ലായ്മ എന്നിവയും ഉണ്ടാവാം. പനിക്കൊപ്പം നാഡിമിടിപ്പും കൂടുന്നു. പനിയും നാഡിമിടിപ്പിലെ വർധനയും 20 ശതമാനം ആൾക്കാരിൽ കാണണമെന്നില്ല. കുട്ടികളിൽ വിശപ്പില്ലായ്മയും ഛർദിയും കൂടുതൽ പ്രകടമായി കാണുന്നു.

സ്ഥാനമനുസരിച്ച് വേദന

അപ്പെൻഡിക്സ് അതിന്റെ സാധാരണ സ്ഥാനത്തു നിന്നു പലപ്പോഴും മാറിക്കിടക്കാറുണ്ട്. വൻകുടലിന്റെ പുറകുവശത്തോ (retro caecal) വയറിന്റെ ഏറ്റവും അടിഭാഗത്തോ (Pelvic), കരളിന്റെ അടിഭാഗത്തോ മാറിക്കിടക്കുമ്പോൾ വേദനയുടെ സ്ഥാനത്തിനും മറ്റു ലക്ഷണങ്ങൾക്കും മാറ്റമുണ്ടാവുന്നു. വയറുവേദനയ്ക്കു പകരം ശക്തിയായ നടുവേദന, വലതുകാലിനുവേദന എന്നിവയാണ് അപ്പെൻഡിക്സ് വൻകുടലിന്റെ പുറകുവശത്താണെങ്കിൽ അനുഭവപ്പെടുക. വയറിന്റെ അടിഭാഗത്താണെങ്കിൽ വയറിൽ കാര്യമായ വേദന അനുഭവപ്പെടാറില്ല. നീർവീക്കമുള്ള അപ്പെൻഡിക്സ് മലാശയത്തെ വ്രണപ്പെടുത്തുമ്പോൾ വയറിളക്കവും, മൂത്രസഞ്ചിയെ വ്രണപ്പെടുത്തുമ്പോൾ കൂടെക്കൂടെ മൂത്രംപോക്കും വേദനയും അനുഭവപ്പെടുന്നു.

അപ്പെൻഡിക്സിന്റെ സ്ഥാനചലനം കൂടാതെ അണുബാധയുടെ ഗൗരവമനുസരിച്ചും സങ്കീർണതകൾ ഉണ്ടാകുന്നതനുസരിച്ചുമൊക്കെ വേദനയുടെ കാഠിന്യം വ്യത്യാസപ്പെട്ടിരിക്കും. സങ്കീർണതകൾ ഉണ്ടാവുമ്പോൾ വേദന വയറു മുഴുവൻ വ്യാപിക്കുകയും ശക്തി കൂടുകയും ചെയ്യുന്നു. ചിലരിൽ വേദനയും മറ്റു ലക്ഷണങ്ങളും ശക്തിയായി പ്രകടമാകുന്നില്ല. പ്രായമായവരിൽ മിക്കപ്പോഴും വേദന അടിവയറിന്റെ വലതുവശത്തേക്കു മാറുന്നില്ല. കുട്ടികളിലാവട്ടെ വയറുവേദന, പനി, ഛർദി എന്നിവ കൂടുതലായി കാണുന്നു.

പരിശോധന സങ്കീർണം

രക്തപരിശോധനയിലൂടെ മാത്രം അപ്പെൻഡിസൈറ്റിസ് രോഗനിർണയം നടത്താനാവില്ല. വേദനയുടെ സ്വഭാവം, അതോടനുബന്ധിച്ചുള്ള മറ്റു ലക്ഷണങ്ങൾ, രക്തപരിശോധനയിൽ ശ്വേതരക്താണുക്കളുടെ വർധനവ്, മൂത്രം പരിശോധന, അൾട്രാസൗണ്ട് സ്കാൻ, ലഭ്യമെങ്കിൽ സിടി സ്കാൻ എന്നിവയെല്ലാം രോഗനിർണയത്തിനു വേണ്ടിവരും.

വീട്ടിൽ ശ്രദ്ധിക്കാം

വേദനയുടെ സ്വഭാവം, സ്ഥാനമാറ്റം, ഒപ്പം ഉണ്ടാവുന്ന മറ്റു ലക്ഷണങ്ങൾ എന്നിവ കൊണ്ട് അപ്പെൻഡിസൈറ്റിസ് ആണെന്നു സംശയം തോന്നിയാൽ ആഹാരം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കണം. കാരണം ആശുപത്രിയിലെത്തി അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നാൽ അനസ്തീഷ്യ നൽകുന്നതിന് ഇതു തടസമാകും. കൂടാതെ രോഗശമനത്തിനു സഹായിക്കുന്ന കുടലുകൾക്കുള്ള വിശ്രമം നഷ്ടപ്പെടുകയും ചെയ്യും.

ശസ്ത്രക്രിയ രണ്ടുതരം

ശസ്ത്രക്രിയയിലൂടെ അപ്പെൻഡിക്സിനെ മുറിച്ചു മാറ്റുകയാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. ശസ്ത്രക്രിയ രണ്ടു തരമുണ്ട്. വയറു തുറന്നുള്ള ശസ്ത്രക്രിയ (അപ്പെൻഡിസെക്ടമി), താക്കോൽദ്വാര ശസ്ത്രക്രിയ (ലാപ്രോസ്കോപ്പിക് അപ്പെൻഡിസെക്ടമി) എന്നിവ. താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കു ചെലവു കൂടുമെങ്കിലും വേദന കുറവാണ്. വളരെ പെട്ടെന്നു സുഖം പ്രാപിക്കുന്നു, വയറിന്റെ ഉൾഭാഗം മുഴുവൻ നിരീക്ഷണവിധേയമാക്കാം തുടങ്ങിയ മേന്മകളുമുണ്ട്. അടിവയറിന്റെ വലതുഭാഗത്തു ചെറിയ മുറിവുണ്ടാക്കിയാണു വയറു തുറന്നുള്ള ശസ്ത്രക്രിയ ചെയ്യുന്നത്. വയറു തുറന്നുള്ള ശസ്ത്രക്രിയയാണു നല്ലതെന്ന അഭിപ്രായവും ഉണ്ട്.

പ്രതിരോധിക്കാം

നാരുകൾ ധാരാളമടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നത് അപ്പെൻഡിസൈറ്റിസിനെ പ്രതിരോധിക്കാൻ സഹായിക്കും. നാരുകൾ മലബന്ധം ഇല്ലാതാക്കുക വഴി അപ്പെൻഡിക്സിനുള്ളിൽ മലം കട്ടിപിടിച്ചു ബ്ലോക്കുണ്ടാകാതെ സൂക്ഷിക്കുന്നു.

എല്ലാ വയറുവേദനയും രോഗമല്ല

വയറുവേദന, ഛർദി, ചെറിയ പനി, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളിൽ മിക്കവയും മറ്റു പല രോഗങ്ങളുടെയും കൂടി ലക്ഷണങ്ങളാണ്. പക്ഷേ, അപ്പെൻഡിസൈറ്റിസിൽ പ്രധാന ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഒരു പ്രത്യേക ക്രമത്തിലായിരിക്കും. ആദ്യം വയറുവേദനയും രണ്ടാമതു ഛർദിയും പിന്നീട് പനിയും എന്നീ ക്രമത്തിൽ. മറ്റു പല കാരണങ്ങൾ കൊണ്ടും അടിവയറ്റിന്റെ വലതുഭാഗത്തു വേദനയുണ്ടാവാം. മൂത്രത്തിൽ അണുബാധ, മൂത്രത്തിൽ കല്ല്, മീസെൻട്രിക് അഡിനൈറ്റിസ് (വയറ്റിനകത്തുള്ള ചില ലിംഫ് ഗ്രന്ഥികൾക്കുണ്ടാവുന്ന അണുബാധ), സ്ത്രീകളിലാണെങ്കിൽ വലതുവശത്തെ അണ്ഡാശയം, അണ്ഡാശയക്കുഴൽ എന്നിവയിലെ രോഗാവസ്ഥകൾ, അണ്ഡാശയക്കുഴലിലുണ്ടാവുന്ന ഗർഭധാരണം എന്നിവയാണ് അവയിൽ പ്രധാനം.

ഡോ. റ്റി. എം. ഗോപിനാഥപിള്ള

കൺസൾട്ടന്റ് സർജൻ,

ശാന്തിനികേതൻ, കെവിഎംഎസ് ഹോസ്പിറ്റൽ, പൊൻകുന്നം.