Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്രൈറ്റിസിനു പ്രായപരിധിയുണ്ടോ?

arthritis-thyrocare

ആർത്രൈറ്റിസ് അഥവാ വാതം ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത ഒന്നാണെന്ന ധാരണയാണ് പലർക്കുമിടയിലുള്ളത് എന്നാൽ ഇതു പൂർണമായും തെറ്റാണ്. രോഗത്തിന്റെ തുടക്കത്തിലേ കണ്ടെത്താനായാൽ കൃത്യമായ ചികിത്സയിലൂടെ വൈകല്യങ്ങൾക്കിടയാക്കാതെ, രോഗം പൂർണമായി നിയന്ത്രിച്ചുനിർത്താനാകും. ഈ രോഗം ആരംഭിച്ച് ആദ്യ ആറുമാസത്തിനുള്ളിൽ കണ്ടെത്തിയാൽ , 20 മുതൽ 30 ശതമാനം പേരിൽ , ചികിത്സതുടങ്ങി ഒന്നു രണ്ടു വർഷത്തിനുള്ളിൽ പൂർണ സുഖപ്രാപ്തി ഉണ്ടാകും. തുടർന്നു മരുന്നു കഴിക്കേണ്ടി വരില്ല. ബാക്കിയുള്ളവരിൽ, രോഗം ഉണ്ടാക്കിയേക്കാവുന്ന വൈകല്യങ്ങളും കഷ്ടപ്പാടുകളും പൂർണമായി ഒഴിവാക്കി ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കും.

എന്താണ് ആർത്രൈറ്റിസ്?

സന്ധികളിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ സൂചിപ്പിക്കാനാണ് ആർത്രൈറ്റിസ് എന്ന പദം ഉപയോഗിക്കുന്നത്. ആർത്രൈറ്റിസ് എന്ന വാക്കിന്റെ അർഥം തന്നെ സന്ധികളിലെ വീക്കം എന്നാണ്. പനി പോലെ തന്നെ ആർത്രൈറ്റിസും ഒരു രോഗലക്ഷണമാണ്. വിവിധ സന്ധിരോഗങ്ങളിലേക്കുള്ള ചൂണ്ടുപലകയാണിത്. ഏതാണ്ട്, 200 —ഓളം രോഗങ്ങളുടെ ലക്ഷണമായി ആർത്രൈറ്റിസ് വരാം. ഈ രോഗങ്ങളുടെയെല്ലാം ലക്ഷണങ്ങൾ ഏതാണ്ട് ഒരു പോലെയാണ്. അതുകൊണ്ട്, ഒരു വിദഗ്ധന്റെ പരിശോധനയിലൂടെയേ രോഗിയെ ബാധിച്ചിരിക്കുന്നത് ഏത് ആർത്രൈറ്റിസാണെന്നു തിരിച്ചറിയാനാവൂ. കേരളത്തിൽ പൊതുവായി കണ്ടു വരുന്ന ആർത്രൈറ്റിസുകൾ റുമറ്റോയ്്ഡ് ആർത്രൈറ്റിസും (ആമവാതം) ഓസ്റ്റിയോ ആർത്രൈറ്റിസു (സന്ധിവാതം)മാണ്. ഇതുകൂടാതെ , ആങ്കെലോസിങ് സ്പോണ്ടെലിറ്റിസ് . ഹുമാറ്റിക് ആർത്രൈറ്റിസ്, സിസ്റ്റമിക് ലൂപസ് എറിതെമാറ്റോസിസ് (എസ്എൽഇ), ഗൗട്ട് തുടങ്ങി വേറേയും ആർത്രൈറ്റിസുകളുണ്ട്.

ലക്ഷണങ്ങൾ

കാൽമുട്ടിലോ ഇടുപ്പിലോ അനുഭവപ്പെടുന്ന അസ്വസ്ഥതയോ പിടിത്തമോ ആയിട്ടാണ് സന്ധിവാതം തുടങ്ങുക. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം വരും. ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടാം. പ്രഭാതത്തിലാണ് വേദന വരുന്നത്. എഴുന്നേറ്റ് നാലഞ്ചു മിനിറ്റു കഴിയുന്നതോടെ വിഷമതകൾക്കു കുറവു വരും. കൂടൂതലും പ്രായമായവരിലാണ് ഇത്തരം അസ്വസ്ഥതകൾ വരിക. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന സന്ധിവാതങ്ങളിലധികവും കാൽമുട്ടിനെ ബാധിക്കുന്നതാണ്. നട്ടെല്ലിലെയും ഇടുപ്പിലേയും കൈകളിലേയും കാലിലെ തള്ളവിരലിലേയും സന്ധികളേയും രോഗം ബാധിക്കാം

ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെ പോലും ആർത്രൈറ്റിസ് ബാധിക്കാം. ജുവനൈൽ ആർത്രൈറ്റിസ് തന്നെ ഉദാഹരണം. സന്ധിവാതം പ്രായമായവരിലാണ് കൂടുതൽ വരുന്നതെങ്കിലും ആമവാതം , എസ് എൽ ഇ പോലുള്ളവ ചെറുപ്പക്കാരിലും വരാം. റുമാറ്റിക് ഫീവറുമായി (വാതപ്പനി) ബന്ധപ്പെട്ടുണ്ടാകുന്ന റുമാറ്റിക് ആർത്രൈറ്റിസ് 15— 16 വയസ്സിലാണ് വരുന്നത്. അതുകൊണ്ട്, ചെറുപ്പമാണെന്നു കരുതി സന്ധിവേദന അവഗണിക്കരുത്.

മാതാപിതാക്കളിൽ നിന്നും കിട്ടിയ ജീനും ആർത്രൈറ്റിസുമായി ബന്ധമുണ്ട്. അച്ഛനും അമ്മയ്ക്കും ആർത്രൈറ്റിസ് ഉണ്ടെങ്കിൽ നിങ്ങൾക്കും രോഗം വരാൻ സാധ്യത കൂടുതലാണ്.

ആർത്രൈറ്റിസിനു കാരണം?

എന്താണ് ആർത്രൈറ്റിസിനു കാരണമാകുന്നതെന്നതിന് ഒറ്റവാക്കിൽ ഒരുത്തരം നൽകാൻ പ്രയാസമാണ്. ഒന്നിലധികം ഘടകങ്ങൾ ചേർന്നാണ് ആർത്രൈറ്റിസ് ആയി മാറുക. ചിലരിൽ ജനിതകമായ രൂപപ്പെടലിനനുസരിച്ച് ക്രമക്കേടുകൾക്കുള്ള സാധ്യതയുണ്ട്. ഇങ്ങനെയുള്ളവരിൽ പുറമേ നിന്നുള്ള വിവിധഘട്ടങ്ങൾ (ഉദ. ശാരീരികമായ പരിക്കുകൾ , അണുബാധ, പുകവലി, ശാരീരിക ആയാസം കൂട്ടുന്ന തൊഴിലുകൾ )കൂടി പ്രവർത്തിക്കുമ്പോൾ ആർത്രൈറ്റിസ് സാധ്യത കൂടാം.

ആർത്രൈറ്റിസ് രോഗമുള്ളവർ ശ്രദ്ധിക്കേണ്ടത്?

∙ ഉറങ്ങുമ്പോൾ തലയണ മുട്ടിനു താഴെ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ടു നിവർന്നു കിടക്കണം. ചരിഞ്ഞും ഒടിഞ്ഞുമൊക്കെ കിടന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ പേശീകൾക്ക് മുറുക്കവും പിടുത്തവുമൊക്കെ അനുഭവപ്പെടാം
∙ രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നുകൊണ്ടു തന്നെ കൈകയിലേയും കാലിലേയും പേശികൾ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രെച്ചിങ് വ്യായാമം ചെയ്യാം.
∙ എഴുന്നേൽക്കുമ്പോഴെ ചെറുചൂടൂള്ള സോപ്പുവെള്ളത്തിൽ കൈ കഴുകാം. ഇത് പേശികൾക്ക് വഴക്കം നൽകും.
∙ മുട്ടിന് വേദനയും പ്രശ്നമുള്ളവർ പടികൾ കയറുന്നത് കാലിലെ സന്ധികൾക്ക് അമിത ആയാസം നൽകും ഇവർ കുത്തിയിരിക്കുന്നതും ചമ്രം പടിഞ്ഞിരിക്കുന്നതും ഒഴിവാക്കണം.
∙ ഇന്ത്യൻ ടോയ്‌ലറ്റിനു പകരം യൂറോപ്യേൻ ടോയ്ലറ്റ് ഉപയോഗിക്കാം.
∙ വേദനയുണ്ടാക്കുന്ന പ്രവർത്തികൾ ഒഴിവാക്കുക
∙ കഴുത്തിനു വേദനയുള്ള രോഗികൾ അധികം ഭാരമുള്ള ബാഗ് തൂക്കി നടക്കരുത്. ഫർണിച്ചർ പോലെ കനമുള്ളവ ഉയർത്തരുത്. ടെന്നീസ് എൽബോ രോഗമുള്ളവർ ടെന്നിസും ബാഡ്മിന്റണും പോലുള്ള തോളിന് ആയാസമുണ്ടാക്കുന്ന കളികൾ ഒഴിവാക്കണം. ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ളവർ വീഴാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം
ശക്തിയുള്ളതും വലുതുമായ സന്ധികൾ ഉപയോഗിച്ച് ജോലി ചെയ്യുക
∙ വിരലിന് ആർത്രൈറ്റിസ് ബാധിച്ചവർ കൈപ്പത്തിയോ കൈത്തണ്ടയോ ഉപയോഗിക്കുക. ഉദാ. രോഗമുള്ളവർ വീതിയുള്ള പിടിയുള്ള സ്പൂണുകൾ ഉപയോഗിക്കുക. ഭാരം എടുക്കാനും മറ്റും ഒന്നിലധികം സന്ധികളുപയോഗിക്കാം. ഉദാഹരണത്തിന് രണ്ടു കൈകളും കൊണ്ട് സാധനങ്ങൾ എടുക്കുക.
വാക്കിങ് സ്റ്റിക്ക് , കൈപ്പിടിയുള്ളതും സീറ്റ് ഉയർന്നതുമായ കസേരകൾ ,പ്രത്യേക സോളുകളുള്ള ചെരുപ്പുകൾ എന്നിവ സന്ധികളുടെ ആയാസം കുറയ്ക്കും 

വിവരങ്ങൾക്കു കടപ്പാട് : തൈറോകെയർ