Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാൻ ചുമലിലേറ്റി നടന്നത് ‘സ്വന്തം ഹൃദയം’

stan-larkin Image Courtesy : University of Michigan Health System

തോളിലിട്ട ബാഗിൽ തന്റെ 'ഹൃദയ'വുമായി നടക്കുക. ഒരു വർഷത്തിലധികമായി ഈ രീതിയിൽ ദൈനംദിന കൃത്യങ്ങളിൽ ഏർപ്പെടുക. സ്റ്റാൻ ലാർകെനിന്റെ ജീവിതം ഒരേ സമയം അത്ഭുതകരവും ഹൃദ്രോഗികളില്‍ പ്രത്യാശ നല്‍കുന്നതുമാണ്.

ഹൃദയത്തിന്റെ മിടിപ്പ് നിലച്ചാലും ജീവന്റെ സ്പന്ദനങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് ലാർകെനിന്റെ കൃത്രിമ ഹൃദയം നിർമ്മിച്ചത്. ആറു കിലോയോളം ഭാരമുള്ള ഹൃദയം ശരീരത്തിന് പുറത്ത് സ്ഥാപിച്ച് യുവാവ് ദിവസങ്ങൾ തള്ളിനീക്കുകയായിരുന്നു. ഇതിനിടെ ബാസ്ക്കറ്റ് ബോൾ പോലും സ്റ്റാൻ ഇടക്ക് കളിച്ചു എന്നറിയുമ്പോഴാണ് ഇതിലെ ആശ്ചര്യം ഏറുക. മറ്റൊരു ദാതാവിൽ നിന്ന് ഉചിതമായ ഹൃദയം ലഭിക്കാനായി ഒരു വർഷത്തിലധികമാണ് സ്റ്റാനിന് കാത്തിരിക്കേണ്ടതായി വന്നത്. അത്രയും നാൾ തന്റെ കൃത്രിമഹൃദയം ചുമലിലേറ്റി സ്റ്റാൻ നടന്നു.

കൗമാരകാലത്തു ബാധിച്ച കാർഡിയോ മയോപ്പതിയുമായാണ് സ്റ്റാനും സഹോദരനും ആശുപത്രിയിൽ ചികിത്സ തേടിയത്. രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയപേശികളുടെ കഴിവ് കുറയുന്നതാണ് കാര്‍ഡിയോ മയോപ്പതി. ഹൃദയം മാറ്റി വയ്‌ക്കുകയല്ലാതെ ഇതിനു മറ്റു മാര്‍ഗമില്ല. സ്റ്റാനിന്റെ സഹോദരന് ഹൃദയശസ്ത്രക്രിയ വിജയകരമായി 2015 ൽത്തന്നെ പൂർത്തിയാക്കാനായി. എന്നാൽ സ്റ്റാനിന് ഹൃദയം ലഭിക്കാതെ ആരോഗ്യനില അപകടകരമായതോടെ കൃത്രിമ ഹൃദയം വച്ചുപിടിപ്പിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ 555 ദിവസമാണ് ഈ കാത്തിരിപ്പ് നീണ്ടത്.

ആശുപത്രിയിൽ കഴിയുന്നത് ഒഴിവാക്കാനാണ് എവിടെയും വഹിച്ചുകൊണ്ടു പോകാവുന്ന ആറു കിലോയോളം ഭാരമുള്ള കൃത്രിമ ഹൃദയം ശരീരത്തിൽ ഘടിപ്പിച്ചത്. ഇപ്പോള്‍ മിഷിഗണിലെ കാർഡിയോ വാസ്കുലർ സെന്ററിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം ലാർക്കിൻ സുഖം പ്രാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഏതാനും ദിവസത്തിനകം ആശുപത്രി വിടാനാകും. 

Your Rating: