Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്തമയ്ക്കുള്ള മരുന്ന്

asthma-syrup

ചുമ, വലിവ്, ശ്വാസതടസം തുടങ്ങിയ പ്രശ്നങ്ങളുമായാണ് ആ യുവതി നെഞ്ചുരോഗവിദഗ്ധനെ കാണാനെത്തിയത്. കുടുംബ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിലും അസുഖം വിട്ടുമാറുന്നില്ല. അതുകൊണ്ടാണ് പുതിയ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.

രോഗിയെ വേണ്ടവിധം പരിശോധിച്ചശേഷം പഴയ പ്രിസ്ക്രിപ്ഷന്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ഡോക്ടര്‍ തിരക്കി. കഴിച്ചുകൊണ്ടിരിക്കുന്നത് ഉചിതമായ മരുന്നുകള്‍ തന്നെയാണെന്ന് അതില്‍ നിന്നും അദ്ദേഹത്തിന് മനസിലായി. പിന്നെ എവിടെയാണ് ചികിത്സ പിഴച്ചത്.

അതു മനസിലാക്കാന്‍ മറ്റു ചില വിവരങ്ങള്‍ കൂടി മനസിലാക്കാനായി ഡോക്ടറുടെ ശ്രമം.

ചോദ്യം : വായിലൂടെ വലിച്ചുപയോഗിക്കേണ്ട രണ്ടു മരുന്നുകള്‍ നിങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇപ്പോഴും അവ ഉപയോഗിക്കുന്നുണ്ടോ? ഉത്തരം : ആദ്യത്തെ മരുന്ന് ഇപ്പോഴും രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍, ശ്വാസതടസം വരുമ്പോള്‍ ഞാന്‍ ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ അല്‍പം ആശ്വാസം കിട്ടുമെങ്കിലും എനിക്ക് തൃപ്തി കിട്ടുന്നില്ല.

ചോദ്യം: പക്ഷേ, മുറതെറ്റാതെ രാവിലെയും വൈകിട്ടും വലിച്ചുശ്വസിക്കേണ്ട മറ്റേ മരുന്നോ? ഉത്തരം: ഡോക്ടര്‍, ഒരുമാസം ഞാന്‍ ആ മരുന്ന് ഉപയോഗിച്ചു. കുറച്ചു ഭേദം കണ്ടതുകൊണ്ടു പിന്നീടു നിര്‍ത്തി. ഡോക്ടര്‍ പറഞ്ഞിരുന്നതുപോലെ വീണ്ടും കാണാനോ മരുന്നു തുടരാനോ കഴിഞ്ഞില്ല.

ഡോക്ടര്‍ മേശവലിപ്പില്‍ നിന്ന് ഒരു ഇന്‍ഹേലര്‍ എടുത്തിട്ട്, സാധാരണ ഉപയോഗിക്കും പോലെ അതൊന്നു വായിലൂടെ വലിച്ചുപയോഗിക്കാന്‍ പറഞ്ഞു.

ചെറിയൊരു ചമ്മലോടെ യുവതി രണ്ടു പ്രാവശ്യം ഇന്‍ഹേലര്‍ വലിച്ചു കാണിച്ചു.

ഡോക്ടര്‍: നിങ്ങളുടെ അസുഖം വിട്ടുമാറാത്തതിന്റെ കാരണം പിടികിട്ടി. നിങ്ങള്‍ക്കു രണ്ടു പ്രശ്നങ്ങളാണ്. ഒന്ന്, നിങ്ങളുടെ ഇന്‍ഹേലേഷന്‍ വേണ്ടപോലെയല്ല. ഫലമോ? വേണ്ടത്ര മരുന്ന് ഉള്ളില്‍ ചെല്ലുന്നില്ല. പിന്നെ, ഡോക്ടര്‍ കുറിച്ചുതന്ന രണ്ടാമത്തെ മരുന്നു രോഗലക്ഷണങ്ങളെ തടയുന്നതിനുള്ള പ്രതിരോധമരുന്നാണ്. നിങ്ങള്‍ കുറച്ചുകാലം കൂടി കഴിക്കണമായിരുന്നു. അതുകൊണ്ടാണ് രോഗം അടിക്കടി വന്നു കൊണ്ടിരിക്കുന്നത്. പഴയ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യതയോടെ അനുസരിക്കുകയായിരുന്നു വേണ്ടിയിരുന്നത്.

ആസ്തമയെന്ന രോഗം

ചുമയോടുകൂടിയ വലിവും ശ്വാസതടസവും ചേര്‍ന്ന് പെട്ടെന്നാണ് ആസ്തമയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ശരിയായ മരുന്നുകള്‍ തക്കസമയത്ത് ഉപയോഗിച്ചാല്‍ ഇത്തരം ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കും. അലര്‍ജിയുണ്ടാക്കുന്ന പദാര്‍ഥങ്ങള്‍, പൊടി, പുക മുതലായവയടക്കം പൊതുവേ രോഗലക്ഷണങ്ങളെ തീവ്രമാക്കാനുള്ള കഴിവുണ്ട്. ശക്തമായ രോഗാവസ്ഥയില്‍ ശരീര ആയാസം പോലും രോഗലക്ഷണങ്ങളെ വര്‍ധിപ്പിക്കും.

മരുന്ന്: ലക്ഷണത്തിനും പ്രതിരോധത്തിനും

രണ്ടു വ്യത്യസ്തതരം മരുന്നുകളാണ് ഈ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി ഉപയോഗിക്കുന്നത്. പെട്ടെന്ന് ആശ്വാസം നല്‍കുന്നവയും രോഗപ്രതിരോധത്തിനു സഹായിക്കുന്നവയും.

പെട്ടെന്ന് ആശ്വാസം കിട്ടാന്‍

സങ്കോചിച്ചിരിക്കുന്ന ശ്വാസനാളത്തെ വികസിപ്പിച്ച് പ്രാണവായുവിന്റെ പ്രവാഹം സുഗമമാക്കുന്ന ബ്രോങ്കോഡയലേറ്റേസ് മരുന്നുകള്‍ ലക്ഷണങ്ങളെ പെട്ടെന്ന് കുറച്ച് ആശ്വാസം നല്‍കും. അങ്ങനെ വായുവിന്റെ വഴി സുഗമമാകുന്നു. ആശ്വാസമായാല്‍ മരുന്നു നിര്‍ത്താം. ഒരു തവണ ഉപയോഗിച്ചിട്ട് ആശ്വാസമില്ലെങ്കില്‍ ഒരിക്കല്‍ക്കൂടി ഉപയോഗിക്കുകയും ചെയ്യാം.

വളരെ പെട്ടെന്ന്, അതായത് 10,15 മിനിട്ടിനുള്ളില്‍ രോഗിക്ക് ആശ്വാസം കിട്ടും. മണിക്കൂറുകളോളം മരുന്നിന്റെ പ്രവര്‍ത്തനം നിലനില്‍ക്കുകയും ചെയ്യും. അസുഖലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ ഉപയോഗിക്കേണ്ടവയാണ് ഇവയെന്ന് മനസിലായിക്കാണുമല്ലോ. സാല്‍ബുട്ടമോളോ, ടെര്‍ബ്യൂറ്റാലിനോ പ്രധാന ചേരുവയായുള്ള മരുന്നാണ് ഈ വിഭാഗത്തിലുള്ളത്. അസ്താലിന്‍, സാല്‍ബെയര്‍, അസ്താകൈന്‍ഡ്, ബ്രിക്കാനില്‍, വെന്‍ട്രോലിന്‍എന്നീ ബ്രാന്‍ഡ് പേരുകളില്‍ ഇവ ലഭ്യമാണ്.

ലക്ഷണങ്ങളെ പ്രതിരോധിക്കുന്നവ

ശ്വാസനാളത്തിലുള്ള നീര്‍വീക്കത്തെ കുറയ്ക്കുന്നതുവഴി ലക്ഷണങ്ങള്‍ക്ക് കാരണക്കാരായ പുറത്തുനിന്നുള്ള അലര്‍ജനുകളോടുള്ള അമിതപ്രതികരണത്തെ അമര്‍ത്തിവെയ്ക്കുന്ന മരുന്നുകളാണ് രണ്ടാമത്തെ വിഭാഗം. രോഗം അടിക്കടിവരാതെ ഇവ പ്രതിരോധിക്കുന്നു. ഇവ മുടക്കം കൂടാതെ കുറച്ചുമാസങ്ങളോളം തുടര്‍ച്ചയായി കഴിക്കേണ്ടിവരും. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നു നിര്‍ത്താനും പാടില്ല.

ഈ വിഭാഗത്തില്‍ രണ്ടുതരം മരുന്നുകളാണ് ഉള്ളത്. ബിക്ളോമെത്താസോണ്‍, ബ്യൂഡിസോണൈഡ് എന്നിവയിലൊന്ന് പ്രധാനചേരുവയായുള്ള മരുന്നുകളാണ് ഒന്നാമത്തേത്. ബെക്ളേറ്റ്, ബ്യൂഡികോര്‍ട്ട്, ബ്യൂഡെസ്, പല്‍മികോര്‍ട്ട്, ഫ്ലോഹേല്‍ മുതലായ ബ്രാന്‍ഡുകളില്‍ ഈ മരുന്ന് ലഭ്യമാണ്.

സോഡിയം ക്രോമോഗൈക്കേറ്റ് പ്രധാന ചേരുവയായ മരുന്നാണ് രണ്ടാമത്തെ വിഭാഗത്തിലുള്ളത്. ഇഫിറാല്‍, ഫിന്റാല്‍, ക്രോമാല്‍എന്നീ ബ്രാന്‍ഡു പേരുകളില്‍ ഈ മരുന്നു ലഭ്യമാണ്.

ഡോ ടി എസ് ഹരിഹരന്‍ ഫാര്‍മക്കോളജി വിഭാഗം മേധാവി, എം ഒ എസ് സി മെഡിക്കല്‍ കോളജ്, കോലഞ്ചേരി, കൊച്ചി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.