Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാട്ടിസം രോഗമല്ല

Jothisha-mar1,17.indd ഡോ. സി.പി. അബുബക്കർ

ശൂന്യാകാശത്തകപ്പെട്ട കുട്ടിയെപ്പോലെയാണ് ഞാൻ, ഞാൻ നക്ഷത്രങ്ങളെ തൊടുന്നു, ഈ ലോകമെനിക്ക് അന്യമെന്ന് അറിയുന്നു, മറ്റുള്ളവരെന്തു ചിന്തിക്കുമെന്നെന്നാണെന്റെ ആശങ്ക, ആളുകൾ കളിയാക്കി ചിരിക്കുമ്പോൾ ഞാൻ കരയുന്നു, അതെന്നെ ചുരുക്കിച്ചെറുതാക്കുന്നു.

ഒാട്ടിസം ഉള്ള, അതിന്റെ പേരിൽ സമൂഹത്തിൽ ഒറ്റയാക്കപ്പെടുന്ന ഒരു കുഞ്ഞിന്റെ സങ്കടമാണ് ഈ കവിത. ഈ വേദന നമുക്ക് ഒരിക്കലും മനസ്സിലാവില്ലായിരിക്കാം. എന്നാൽ ഈ വേദനയുടെ ആഴമറിഞ്ഞ്, വർഷങ്ങളായി ഇത്തരം കുട്ടികൾക്കായി ജീവിതം സമർപ്പിച്ചിരിക്കുന്ന ഒരാളുണ്ട്. മലപ്പുറം തിരൂർ സ്വദേശിയായ ഡോ. സി.പി. അബുബക്കർ. താൻ കണ്ട നൂറുകണക്കിനുള്ള ജീവിതങ്ങളെ സാക്ഷ്യപ്പെടുത്തി ഡോക്ടർ പറയും ഒ‍ാട്ടിസം ഒരു രോഗമല്ല, അതിന് ചികിത്സ ആവശ്യമില്ല എന്ന്. എന്തോ കുഴപ്പമുണ്ടെന്നു കരുതി നിങ്ങളുടെ കുഞ്ഞിനെ മാറ്റിനിർത്തുകയല്ല വേണ്ടത്, വ്യത്യസ്തമായ കഴിവുകളുണ്ടെന്നു പറഞ്ഞ് ചേർത്തു പിടിക്കുകയാണ് വേണ്ടെതെന്ന്. ഒാട്ടിസമുള്ള കുട്ടികളോടൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും ഒാട്ടിസത്തെക്ക‍ുറിച്ചും ഡോക്ടർ തന്നെ പറയുന്നു.

2005–ൽ സിവിൽ സർജനായുള്ള സേവനകാലത്താണ് ഒാട്ടിസമുള്ള കുട്ടികളുമായി ഇടപഴകുന്നത്. വൈകല്യം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിൽ ഒപ്പു വാങ്ങാൻ ബുദ്ധിവൈകല്യമുള്ള കുട്ടികളേയും കൊണ്ട് മാതാപിതാക്കൾ വരും. ഒരുപാട് സർട്ടിഫിക്കറ്റ‍ുകളിൽ ഒാട്ടിസമെന്നു കണ്ടു. അങ്ങനെയാണ് ഒാട്ടിസമെന്നാൽ എന്താണ് എന്ന് അന്വേഷിച്ചുതുടങ്ങുന്നത്. കേരളത്തിലെ ഡോക്ടർമാർക്ക് ഇതിനെക്കുറിച്ചു കൂടുതലൊന്നും അറിയില്ല. പുസ്തകങ്ങളെന്നു പറയാൻ ആകെയുണ്ടായിരുന്നത് ഒന്നോ രണ്ടോ എണ്ണമാണ്. അവയിലാകട്ടെ ൊട്ടിസത്തെക്ക‍ുറിച്ചുള്ള പ്രാഥമികമായ വിവരങ്ങൾ മാത്രമേ ഉള്ള‍ു. അങ്ങനെ വിദേശത്തു നിന്നുള്ള പുസ്തകങ്ങൾ ശേഖരിച്ചു. ഒാട്ടിസത്തെക്കുറിച്ച് ധാരാളം വായിച്ചു പഠിച്ചു.

എന്നാൽ എന്റെ ഏറ്റവും മികച്ച പാഠപുസ്തകങ്ങൾ ഒാട്ടിസമുള്ള കുട്ടികളാണെന്നു പറയും. ഒാട്ടിസമുള്ള നൂറുകണക്കിനു കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കണ്ടു സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. പല കുട്ടികളും പല ലക്ഷണമാണ് കാണിക്കുന്നത്. ചില കുട്ടികൾ ഒരിടത്തും അടങ്ങിനിൽക്കില്ല, ചിലർ അവിടെയുള്ള ഡപ്പയോ ടിന്നോ കൊ‍ട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും, ചില കുട്ടികൾ ഏതെങ്കിലും മൂലയ്ക്ക് മാറിയിരുന്ന്തനിച്ചു കളിച്ചുകൊണ്ടിരിക്കും. ഇങ്ങനെ കുട്ടികളുടെ പ്രത്യേകമായ പെരുമാറ്റങ്ങളും പ്രതികരണങ്ങളും കൂടുതൽ നിരീക്ഷിച്ചു.

ഒാട്ടിസമുള്ള കുട്ടികളു‌ടെ ഒരു പ്രധാനലക്ഷണം സോഷ്യൽ സ്മൈൽ ഇല്ലാതിരിക്കുകയാണ്. ശബ്ദം കേൾക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുക, മുഖത്തുനോക്കി ചിരിക്കാതിരിക്കുക ഇതിന്റെ ഒരുകാരണം ഒാട്ടിസമാണ്.

പരിചിതലോകത്തെ അപരിചിതർ

ഒാട്ടിസത്തിന്റെ കൃത്യമായ കാരണം കണ്ടുപിടിച്ചിട്ടില്ല. എങ്കിലും തലച്ചോറിലെ ആദ്യകാല വളർച്ചയുമായി ഒാട്ടിസത്തിനു ബന്ധമുണ്ട് എന്നാണ് ഇതുവരെയുള്ള അറിവ്. കുഞ്ഞുങ്ങളുടെ വളർച്ചയുടെ ആദ്യത്തെ മൂന്നുവർഷം തലച്ചോറിന്റെ വികാസം അതിവേഗതയിലായിരിക്കും. ഈ സമയത്താണ് തലച്ച‍ോറിൽ ന്യൂറോൺ കണ്ക്ഷനുകൾ രൂപപ്പെടുന്നത്. ഒാട്ടിസമുള്ള കുട്ടികളിൽ ഈ കണക്ഷനുകൾ വികലമായിട്ടാകും ഉണ്ടാവുക. ചിന്തയും ചലനവുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗമായ സെറിബല്ലം, അനുഭവങ്ങളെ പ്രത്യേക വികാരങ്ങളുമായി കോർത്തിണക്കുന്ന ലിംബിക് ഭാഗം എന്നിവിടങ്ങളിൽ കണ്ക്ഷൻ തകരാറുകൾ ഉണ്ടാവുന്നെന്നു കരുതുക. ഇതു കുഞ്ഞുങ്ങളെ സാമൂഹിക ഇടപഴകളിൽ നിന്നും ചുറ്റുപാടിൽ നിന്നും അകറ്റിനിർത്തും.

ഇതിനെക്കുറിച്ച് പറഞ്ഞുകേട്ട മനോഹരമായ ഒരുദാഹരണം പറയാം. നമ്മൾ തീരെ അപരിചിതമായ ഒരു രാജ്യത്തേക്കു പോകുന്നെന്നു കരുതുക. അവിടുത്തെ പെരുമാറ്റനിയമങ്ങൾ നമ്മുടെ നാട്ടിലെ പോലെ അല്ല. അവയുടെ അർഥമെന്താണെന്നോ അവിടെ എങ്ങനെ പെരുമാറണമെന്നോ പറഞ്ഞുതരാനും ആരുമില്ല. ഇതേ നിസ്സഹായതയിലൂടെയാണ് ഒാട്ടിസമുള്ള കുട്ടികൾ കടന്നുപോകുന്നത്. നമ്മുടെ ലോകത്ത് ജീവിക്കുന്നുവെങ്കിലും ആ ലോകം അപരിചിതമാണ് അവർക്ക്. ലോകവും അവരെ അപരിചിതരായി കാണുമ്പോൾ ഒറ്റപ്പെടൽ പൂർണമാകുന്നു.

ഇന്ദ്രിയാനുഭവങ്ങളിലെ പ്രശ്നം

ഒാട്ടിസമുള്ള കുട്ടികളിലെ മറ്റൊരു പ്രധാനപ്രശ്നം ഇന്ദ്രിയസംവേദനവുമായി (Sensory Perceptions and sensitivities) ബ‍ന്ധപ്പെട്ടതാണ്. പ‍ഞ്ചന്ദ്രിയങ്ങളെക്ക‍ുറിച്ച് എല്ലാവർക്കുമറിയാം. അതുകൂടാതെ കുറഞ്ഞത് ഏഴ് എട്ട് സെൻസേഷനുകൾ കൂടിയുണ്ട്. ചർമത്തിൽക്കൂടി മാത്രം അഞ്ച് എണ്ണം സ്പർശനം, താപം, തരംഗസ്പർശനം, അമർത്തിയുള്ള സ്പർശനം, വേദന എല്ലാം അടിസ്ഥാനപരമായി സ്പർശനമാണെങ്കിലും തലച്ചോറിലുള്ള അവയുടെ സ്വീകരിണികൾ വ്യത്യസ്തമാണ്. പിന്നെയുള്ളത് ബാലൻസ് ബോധവും സന്ധിബോധവും (belance sense, joint sense) പേശികൾ വഴിയുള്ള സംവേദനവുമാണ് (musclw length and tension). ഈ ഇന്ദ്രിയങ്ങളിലൂടെ നമ്മുടെ തലച്ചോറിന് നിരന്തരമായി വിവരങ്ങൾ ലഭിക്കുന്നു. ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന ഈ ഇന്ദ്രിയാനുഭവങ്ങളെ കോർത്തിണക്കി അവയെ വിശകലനം ചെയ്ത് പ്രതികരണങ്ങൾ രൂപപ്പെടുത്ത‍ുന്നത് തലച്ചോറാണ്. ഇന്ദ്രിയ ഏകോപനത്തിൽ ഉണ്ടാകുന്ന തകരാറുകൾ പലരീതിയിൽ പ്രകടമാകും.

ഒാട്ടിസക്കാരിൽ കാണുന്ന, ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട അധികം സംവേദനവും (hyper sensitive) കുറവ് സംവേദനവും (hypo sensitive) ഇതിന്റെ ഫലമാണ്. ഉദാഹരണത്തിനു ചിലർക്ക് വേദനാനുഭവം കുറവായിരിക്കും അവരെ പിച്ചിയാലും മാന്തിയാലുമൊന്നും അവർക്ക് പ്രശ്നമുണ്ടാകില്ല. തരംകിട്ടിയാൽ മറ്റുള്ളവരെ പിച്ചിയെന്നും വരും. ചിലർക്ക് സ്പർശന അനുഭവം കൂടുതലാകും. ഇവരെ കെട്ടിപ്പിടിക്കുന്നതും എന്തിന് ഒരു സ്പൂൺ ചുണ്ടോട് ചേർക്കുന്നതുപോലും അസഹ്യമായി തോന്നും. ചിലതരം ഭക്ഷണങ്ങളോട് അമിതതാൽപര്യം (ഡയറ്റ് സസെൻസിറ്റിവിറ്റി) ശബ്ദവുമായി ബന്ധപ്പെട്ട സംവേദനപ്രശ്നങ്ങൾ (പറഞ്ഞത് തന്നെ പിന്നെയും പറയുക), എന്നിവയും കാണാം. ഭാഷയും സംസാരവുമായി ബന്ധപ്പെട്ട ശേഷികളുടെ വികാസം താമസിക്കാം. ശ്രദ്ധ കുറയാം, എടുത്തുചാട്ടക്കാരനാകാം. കാഴ്ചയുമായി ബന്ധപ്പെട്ട അമിതസംവേദനം ഉള്ള കുട്ടികൾ പ്രകാശത്തിലേക്കു നോക്കാൻ സാധിക്കാത്തതുമൂലം നിലത്തുനോക്കി നടക്കാം.

നമ്മുടെയൊക്കെ തലച്ചോറിൽ ഒരു അരിപ്പയുണ്ടെന്നു പറയാം. ഒരുപാട് ഇന്ദ്രിയസംവേദനങ്ങളിൽ നിന്ന് വേണ്ടതുമാത്രം തിരഞ്ഞെടുത്ത് പ്രാധാന്യം നൽകി അനുഭവപ്പെടുത്തുന്നത് ഈ സംവിധാനമാണ്. ഒാട്ടിസമുള്ളവരിൽ ഈ സംവിധാനവും ദുർബലമായിരിക്കും. ഒരാളുടെ മുഖത്തുനോക്കി അയാൾ പറയുന്നത് കേൾക്കുക എന്നത് ഒട്ടിസമുള്ളവർക്ക് അസാധ്യമാകുന്നത് ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന സവംേദനങ്ങളുടെ അമിതഭാരം മൂലമാണ്. ഇതുപോലെ വിചിത്രമെന്നു നമുക്കു തോന്നുന്ന പല പെരുമാറ്റങ്ങളുടെയും പിന്നിൽ ഇങ്ങനെ ചില പൊരുളുകളുണ്ട്. വയനാടുകാരി ഒരു പെൺകുട്ടിയുണ്ട്. അവൾ വീട്ടിലിരിക്കില്ല, എപ്പോഴും പുറത്തുപോകും. ദിവസങ്ങൾക്കു ശേഷം അവളുടെ അമ്മ കണ്ടെത്തി, അവൾക്ക് പച്ച നിറം ഇഷ്ടമാണെന്ന്. പച്ചപ്പു കാണാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടാണ് പുറത്തേക്കുപോകുന്നത്. വീട്ടിലെ ബൾബുകൾ പച്ചവർണക്കടലാസുകൊണ്ട് പൊതിഞ്ഞതോടെ അവളുടെ പുറത്തേക്കോട്ടവും നിന്നു.

അതിമാനുഷികരുടെ ലോകം

ഒാട്ടിസക്കാരെന്നു മുദ്രകുത്തി തഴയപ്പെട്ടുകിടക്കുന്ന കുട്ടികളിൽ വലിയ പ്രതിഭകളുണ്ട്. ചങ്ങനാശേരിക്കാരൻ ചന്ദ്രകാന്ത് എന്നൊരുകുട്ടിയുണ്ട്. നമ്മളെ കാണുന്നപാടെ നമ്മുടെ പേരുൾപ്പെ‌ടെ പല വിവരങ്ങളും അവൻ ഇങ്ങോട്ടുപറയും. മലപ്പുറത്ത് ഒരു മൂന്നുവയസ്സുകാരനുണ്ട്. ലോകത്തെമിക്ക രാജ്യങ്ങളുടെയും തലസ്ഥാനം അവൻ കാണാതെ പറയും. കോഴിക്കോടുകാരൻ കുട്ടിയുണ്ട്. ഞാൻ കാണുമ്പോൾ അവന് ആറു വയസ്സാണ് പ്രായം. അന്നവൻ മുന്നൂറിലേറെ പേരുടെ ജന്മദിനം തെറ്റാതെ ഒാർത്തു പറയുമായിരുന്നു. 10–12 വയസ്സിനുള്ളിൽ തന്നെ കവിതാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചവർ, 75 വർഷത്തെ കലണ്ടർ ഒാർമയിൽ സൂക്ഷിക്കുന്നവർ, അസാധ്യമായി സംഗീതോപകരണങ്ങൾ വായിക്കുന്നവർ– ഒാട്ടിസമുള്ളവരിൽ ഇങ്ങനെ എത്രയെത്ര അതിമാനുഷരുണ്ടെന്നോ?

അമ്മമാർ തെറപ്പിസ്റ്റുകൾ

നിർഭാഗ്യമെന്നു പറയട്ടെ. അപൂർവമായ ഇത്തരം കഴിവുകളെ വികസിപ്പിക്കാൻ ലോകം അവരെ സമ്മതിക്കുന്നില്ല. കളിച്ചുവളരേണ്ട പ്രായത്തിൽ പിരുപിരുപ്പാണ്, അല്ലെങ്കിൽ വ്യത്യസ്തമായ സ്വഭാവം കാണിക്കുന്നു എന്നൊക്കെ പറയുമ്പോൾ ഡോക്ടർമാർ മരുന്നെഴുതി നൽകും. ഇവയിൽ പലതും ഭ്രാന്തന്മാരെ മയക്കിക്കിടത്താനുള്ള മരുന്നാണ്. ഇതുകഴിച്ച് പാവം കുട്ടികൾ തളർന്നുകിടക്കും. അല്ലെങ്കിൽ വിവിധ തെറപ്പികളുടെ പേരിൽ അക്ഷരാർഥത്തിൽ പീഡിപ്പിക്കപ്പെടും.

വീണ്ടും പറയട്ടെ, ഒാട്ടിസം രോഗമല്ല, അമ്മയാണ് ഏറ്റവും നല്ല തെറപ്പിസ്റ്റ്. ഞാനീ പറയുന്നതിനൊക്കെ എന്താണ് തെളിവെന്നു തോന്നാം. ഇത്രയും കാലത്തിനിടയിൽ എെന്ന വിശ്വസിച്ച് മരുന്നും മന്ത്രവുമൊക്കെ മാറ്റിവച്ച് കുട്ടികളെ പരിപാലിച്ച അച്ഛനമ്മമാരുണ്ട്. മരുന്നു നിർത്തിയിട്ട് ഇതുവരം ആ കുട്ടികൾക്ക് ഒന്നും സംഭവിച്ചിട്ടില്ല.

പലരും എന്നോടും തെളിഞ്ഞും മറഞ്ഞുമൊക്കെ പറയാറുണ്ട്. റിട്ടയറായില്ലേ, വിശ്രമിച്ചു ക‍ൂടേയെന്ന്. അതിനുള്ള ഉത്തരം ഒന്നേയുള്ളു. എന്നാണേ‍ാ ഒാട്ടിസം സുഖക്കേടല്ല, മരുന്നു കൊണ്ട് ചികിത്സിക്കേണ്ടതില്ല എന്ന് മറ്റു ഡോക്ടർമാർ പറ‍ഞ്ഞുതുടങ്ങുന്നത്, അന്നുവരെ ഞാൻ ഈ മേഖലയിൽ നിൽക്കും. അതുവരെ, ഒാട്ടിസത്തെക്കുറിച്ച് മാറി ചിന്തിക്കാനുള്ള അവസരം പലയിടത്തും ഒരുക്കിക്കൊണ്ടേയിരിക്കും.

കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?

പിരുപിരുപ്പ് കൂടുതലാണ്, ക്ലാസ്സിൽ അടങ്ങിയിരിക്കില്ല എന്നാണു പരാതിയെങ്കിൽ രാവിലെ കുട്ടിയെ രണ്ടു റൗണ്ട് ഒാടാൻ വിടുക എന്നിട്ട് ക്ലാസ്സിലിരുത്തുക. അല്ലെങ്കിൽ രാവിലെ നിങ്ങൾ കുട്ടിയുമായി നടക്കാൻ പോവുക. മുഖത്തുനോക്കി സംസാരിക്കുന്നില്ലങ്കിൽ അതങ്ങനെ മതി എന്നു കരുതുക. മുഖത്തുനോക്കിയാലേ സംസാരം ശരിയാവ‍ൂ എന്നുണ്ടെങ്കിൽ കാഴ്ചയില്ലാത്തവർ മിണ്ടുമായിരുന്നില്ലല്ലോ. മറ്റു കുട്ടികളുടെയൊപ്പം തന്നെ പഠിപ്പിക്കുക. സുഖമില്ലാത്ത കുട്ടിയാണെന്നുകരുതി എല്ലാ വാശികളും അംഗീകരിച്ചു കൊടുക്കരുത്. ആവശ്യമുള്ള കാര്യങ്ങൾ ശിക്ഷ നൽക‍ാം. സാമ‍ൂഹികമായ അരുതുകൾ അവർക്കു മനസ്സിലാകണമെന്നില്ല, അവയെക്കുറിച്ചു ബോധ്യപ്പെടുത്തണം. സാധാരണ കുട്ടികളെപ്പോലെ തന്നെയോ അവരെക്കളുമോ കഴിവുള്ളവരാണ് ഒാട്ടിസമുള്ള കുട്ട‍ികളും. ജോലി ചെയ്യാനും വിവിഹം കഴിച്ച് ജീവിക്കാനുമൊക്കെ അവർക്കാവും.

ഫോൺ: 9847523464

Your Rating: