Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണത്തറിയാം ഓട്ടിസത്തെ

autism ചിത്രം മോഡലിനെ ഉപയോഗിച്ച് എടുത്തത്. കടപ്പാട്: ദ് വീക്ക് സ്മാർട്ട് ലൈഫ് മാഗസിൻ

അസ്വസ്ഥതയോടെയല്ലാതെ ഓട്ടിസമെന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാകില്ല ആർക്കും. കുഞ്ഞു സന്തോഷത്തിൻറെ നിറക്കൂട്ടിലേക്ക് അസ്ഥിരതയുടെ ചായ ചേർക്കുന്ന ഈ മൂന്നക്ഷരത്തിൻറെ മറവിലേക്ക് നമ്മുടെ കുട്ടി ചേർക്കപ്പെട്ടുവോയെന്നറിയുവാൻ ലളിതമായൊരു വഴിയുണ്ട്. കുട്ടികൾ മണത്തെ സമീപിക്കുന്ന രീതിയിലൂടെ ഓട്ടിസത്തിൻറെ സാമിപ്യം മനസിലാക്കാമെന്നാണ് ഇസ്രയേലിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ നോം സോബെലിൻറെ കണ്ടെത്തൽ. നല്ല മണമാണെങ്കിൽ സന്തോഷത്തോടെ അതിനെ ഉള്ളിലേക്കെടുക്കും നമ്മൾ മറിച്ചാണെങ്കിൽ എങ്ങനെയും അതിനെ ഒഴിവാക്കും. ഓട്ടിസം ബാധിച്ച കുട്ടികൾ പക്ഷ ഈ രണ്ടവസ്ഥയോടും ഒരേ രീതിയിലാകും പ്രതികരിക്കുക. സുഗന്ധത്തോടും മടുപ്പിക്കുന്ന മണത്തോടും അവരൊരുപോലെ പെരുമാറും.

വൈദ്യശാസ്ത്ര രംഗത്ത് ഏറ്റവും കൂടുതൽ പഠനം നടക്കുന്ന മേഖലകളിലൊന്നാണ് ഓട്ടിസം. ഈ അവസ്ഥയിലേക്കു വീണുപോകുന്ന കുഞ്ഞുങ്ങളെ സാധാരണഗതിയിലേക്ക് തിരികെയെത്തിക്കുക ഒരായുസിൻറെ പ്രയത്നം കൂടിയാണ്. ഓട്ടിസത്തെ തിരിച്ചറിയുകയെന്നത് അതിലേറെ വെല്ലുവിളി നിറഞ്ഞതും. ആ കടമ്പ പിന്നിടാൻ പോന്ന ഏറ്റവും എളുപ്പമായ മാർഗങ്ങളിലൊന്നാകുമിതെന്നു കരുതാം.

അമേരിക്കയിൽ 68 കുട്ടികളിൽ ഒരാൾക്ക് ഓട്ടിസം ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ. കൂടുതലും ആൺകുട്ടികളാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വൈകല്യമാണിത്. ഓട്ടിസം കണ്ടുപിടിക്കാൻ പോന്ന കൃത്യമായ പരിശോധനാ രീതികളൊന്നും വൈദ്യശാസ്ത്രത്തിൻറെ പക്കലില്ല. കുട്ടികളുടെ ചലനം, സംസാരം, കാര്യങ്ങൾ മനസിലാക്കുന്ന രീതി, പെരുമാറ്റം എന്നിവയിലെ വ്യതിയാനങ്ങൾ നിരീക്ഷിച്ച് നിഗമനത്തിലേക്കെത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. നോമിൻറെയും സംഘത്തിൻറെയും കണ്ടെത്തൽ ഇതിനു മാറ്റംകൊണ്ടുവരുമെന്നാണ് വിലയിരുത്തുന്നത്.

ഓട്ടിസമുള്ളവരിൽ ഇന്ദ്രിയങ്ങളുടെയും ചലനത്തിൻറയും നിയന്ത്രണം വരുന്ന തലച്ചോറിലെ ഭാഗത്തിന് ക്ഷയമുണ്ടാകാമെന്ന് നേരത്തെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതാണ് നോമിൻറെ പഠനത്തിനാധാരം. ഓട്ടിസം ബാധിച്ചതും അല്ലാത്തതുമായ പതിനെട്ടു കുട്ടികളിൽ വീതം മണം ഉപയോഗിച്ചുള്ള ടെസ്റ്റ് ചെയ്ത് നോക്കിയിരുന്നു. പഠന സംഘത്തിൻറെ വിലയിരുത്തലുകളെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ പ്രതികരണവും.

ഇവർ തന്നെ രൂപപ്പെടുത്തിയ ഒരുപകരണത്തിലൂടെ പത്തു മിനിറ്റ് നേരത്തേക്ക് നല്ലതും ചീത്തയുമായ മണം കടത്തിവിട്ടാണ് കുട്ടികളുടെ പ്രതികരണം മനസിലാക്കിയത്. സാധാരണഗതിയിലുള്ള കുട്ടികൾ 305 മില്ലിസെക്കൻഡ് സമയത്തിനുള്ളിൽ‌ മോശം മണത്തോട് അസ്വസ്ഥമായി പ്രതികരിക്കുന്നുണ്ട്. ഓട്ടിസമുള്ള കുട്ടികൾക്ക് എപ്പോഴും ഈ ഗവേഷക സംഘം നൽകിയ മണം നല്ലതു മാത്രവും. 81 ശതമാനം കൃത്യതയാണ് ഈ പരീക്ഷണത്തിൽ ശാസ്ത്രസംഘം ഉറപ്പുനൽകുന്നത്. എന്തായാലും ഓട്ടിസത്തെ വളരെ നേരത്തെ മനസിലാക്കിത്തരാൻ പോന്ന ഈ ടെസ്റ്റിന് നല്ല പ്രതികരണമുണ്ടാകുമെന്നും അത് ഈ മേഖലയിലെ ഗവേഷണത്തിന്‌‍ വേഗം കൂട്ടുമെന്നും കരുതാം.