Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവേദന വന്നിട്ടില്ലേ...

back-pain

80% പേർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന വന്നിട്ടുണ്ടാകും. 90% നടുവേദനയും തുടങ്ങി മൂന്നു മാസത്തിനകം പൂർണമായി സുഖപ്പെടുന്നവയാണ്. അതിൽതന്നെ 60 ശതമാനവും ഒരാഴ്ചകൊണ്ടു മാറും. മൂന്നു മാസം കഴിഞ്ഞും നീണ്ടുനിൽക്കുന്ന നടുവേദനയെ ഗൗരവമായി കണ്ട് ചികിൽസ തേടണം. നടുവേദന ഒരിക്കൽ വന്നാൽ 90 ശതമാനം പേർക്കും പെട്ടെന്നു തന്നെ മാറുമെങ്കിലും 50% ആളുകൾക്ക് ഇത് പിന്നീട് വീണ്ടും വന്നേക്കാം എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

*നടുവേദന വരുന്നത് *

അമിതവണ്ണമുള്ളവർക്ക്

പ്രായക്കൂടുതൽ ഉള്ളവർക്ക് (പ്രത്യേകിച്ചും ആർത്തവവിരാമം വന്ന സ്ത്രീകൾക്ക്)

ഭാരക്കൂടുതലുള്ള സാധനങ്ങൾ എടുക്കുന്ന തൊഴിലാളികൾക്ക്

വ്യായാമം ഒന്നുമില്ലാതെ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർക്ക്

സ്ഥിരം പുകവലിക്കുന്നവർക്ക്

വീഴ്ച സംഭവിച്ച് പരുക്കേറ്റവർക്ക്

നടുവേദന പലതരം

1. മയോ ഫേഷ്യൽ പെയ്ൻ (Myofascial pain)

മസിലിലുണ്ടാകുന്ന വേദനയാണിത്. ഏറ്റവും കൂടുതലായി നടുവേദന ഉണ്ടാകുന്നത് ഇങ്ങനെയാണ്. പക്ഷേ, അത്ര ഗുരുതരമല്ല. വിശ്രമവും വ്യായാമവും ആണ് ഇതിന് ആവശ്യം. എന്നിട്ടും കുറവില്ലെങ്കിൽ ചികിൽസ തേടണം.

2. ജോയിന്റ് പെയ്ൻ (Joint pain)

നട്ടെല്ലിന് ഇടയിലുള്ള ചെറിയ ജോയിന്റ് നട്ടെല്ലിനും ഇടുപ്പെല്ലിനും ഇടയിലുള്ള ജോയിന്റ് തേയ്മാനം, അല്ലെങ്കിൽ ഈ ഭാഗത്തുണ്ടാകുന്ന നീരിറക്കം എന്നിവ കാരണം വരുന്ന നടുവേദനയാണിത്.

3. ഡിസ്ക് (Inter vertebral disc) സംബന്ധമായ വേദന

ഡിസ്കിനുള്ള തേയ്മാനം കാരണമോ ഡിസ്ക് പുറകിലേക്ക് തള്ളി നാഡികളിൽ അമരുമ്പോഴോ ഉണ്ടാകുന്ന വേദനയാണിത്. നാലു ശതമാനം ആളുകൾക്ക് മാത്രമേ ഡിസ്ക് തള്ളുന്നതു മൂലമുള്ള നടുവേദന കാണാറുള്ളൂ. പക്ഷേ, ഈ നടുവേദന വന്നാൽ അതിന്റെ വേദനയും തരിപ്പും കാലിലും അനുഭവപ്പെടും.

4. *നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള വേദന *

കശേരുക്കൾ തെന്നിനീങ്ങുന്നത് കാരണമോ പൊട്ടലുകൾ കാരണമോ ഉണ്ടാകുന്ന നടുവേദനയാണിത്.

5. വാത സംബന്ധമായ ചില അസുഖങ്ങൾ നടുവേദനയായി വരാറുണ്ട്.

അതുകൂടാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടാകുന്ന ചില അസുഖങ്ങളും നടുവേദനയായി പ്രത്യക്ഷപ്പെടാം. ഉദാഹരണമായി സ്ത്രീകളിൽ ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ ചിലപ്പോൾ നടുവേദനയായി അനുഭവപ്പെട്ടേക്കാം.

*ഗുരുതരമായ നടുവേദനയുടെ ലക്ഷണങ്ങൾ *

50 വയസ്സിനു മുകളിലുള്ളവർക്ക് പെട്ടെന്ന് വരുന്ന ശക്തമായ നടുവേദന

പനി, വിറയൽ എന്നിവയോടു കൂടി വരുന്ന നടുവേദന

വിശപ്പില്ലായ്മ, ശരീരം മെലിയൽ എന്നീ അവസ്ഥകളോടൊപ്പം അനുഭവപ്പെടുന്ന നടുവേദന

നേരത്തെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കാൻസർ ഉള്ളവർക്ക് വരുന്ന നടുവേദന

നടുവേദനയുടെ കൂടെ വ്യക്തി അറിയാതെ തന്നെ മല,മൂത്ര വിസർജനം സംഭവിക്കുന്നത്

കാലുകളിൽ തളർച്ച അനുഭവപ്പെടുന്നത്

രാത്രി കാലത്ത് മാത്രം ഉണ്ടാകുന്ന അസഹനീയമായ നടുവേദന

ഈ ലക്ഷണങ്ങൾ നട്ടെല്ലിനുണ്ടാകുന്ന അണുബാധ, കാൻസർ, നട്ടെല്ലിന് ഏറ്റ ക്ഷതം, കോഡ ഇക്വിന സിൻഡ്രോം ഇതിൽ ഏതെങ്കിലും ആയേക്കാം. അതുകൊണ്ട് പെട്ടെന്ന് ചികിൽസ തേടണം. ഇല്ലെങ്കിൽ സുഷുമ്നാ നാഡിക്കോ ജീവനു തന്നെയോ ഭീഷണി ആയേക്കാം.

*വ്യായാമം *

നടുവിന്റെ മസിലിനു ശക്തി കൂട്ടുന്ന വ്യായാമമാണ് നിത്യവും ചെയ്യേണ്ടത്. ഇത് ഡോക്ടറുടെ നിർദേശ പ്രകാരം ചെയ്യുന്നതാണ് ഉത്തമം. യോഗ, നടത്തം തുടങ്ങിയവയൊക്കെ അഭികാമ്യമാണ്. നടുവേദനയുള്ളവർ ദിവസവും അര മണിക്കൂറെങ്കിലും വെയിൽ കൊള്ളണം. സൂര്യപ്രകാശത്തിൽനിന്നു ലഭിക്കുന്ന വിറ്റമിൻ ഡി എല്ലിനും മസിലിനും ഗുണം ചെയ്യും എന്നതാണ് ഇതിന്റെ പ്രയോജനം. പൊതുവേ നടപ്പ് നടുവിനു നല്ലതാണ്. നടുഭാഗത്തെ പേശികളെ ചലിപ്പിക്കുകയും ശക്തമാക്കുകയും ചെയ്യും. നടക്കുമ്പോൾ കൂടുതൽ ബലം പിടിച്ചു നടക്കേണ്ടതില്ലെന്നു മാത്രം. ചിലർക്കു കയറ്റം കയറുമ്പോഴും മറ്റും നടുവേദന അധികരിക്കാറുണ്ട്. ഇത്തരക്കാർ കയറ്റം ഒഴിവാക്കി നടക്കുക. ജോഗിങ്ങും നല്ലതാണ്. കിടപ്പ് നടുവിന് ഏറ്റവും നല്ലതാണ്. നടുവിന് ഏറ്റവും താങ്ങുകിട്ടുന്നതു മലർന്നുകിടക്കുമ്പോഴാണ്.

*നടുവേദന വരാതിരിക്കാൻ *

സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർ ബാക് സപ്പോർട്ട് ഉള്ള കസേരകൾ ഉപയോഗിക്കാനും കൃത്യമായ ഇടവേളകളിൽ അൽപം എഴുന്നേറ്റ് നടക്കാനും ശ്രദ്ധിക്കണം. അമിത വണ്ണമുള്ളവർ അത് കുറയ്ക്കണം. ആർത്തവവിരാമം വന്ന സ്ത്രീകൾ കാൽസ്യം അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. സ്ഥിരമായുള്ള ബൈക്ക് യാത്രയും മറ്റും നടുവേദന വരാൻ കാരണമാകും.

തെറ്റിദ്ധാരണകൾ മാറ്റണം

നടുവേദനയ്ക്ക് ഒരാഴ്ചയിൽ കൂടുതൽ വിശ്രമം ആവശ്യമില്ല. കൂടുതൽ ദിവസം വിശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

നടുവേദന ഉള്ളവർ അതു മാറാൻ ബെൽറ്റ് സ്ഥിരം ഉപയോഗിക്കണമെന്ന ധാരണ തെറ്റാണ്. നട്ടെല്ലിന് ക്ഷതം ഏറ്റവർ ഒഴികെയുള്ളവർ ബെൽറ്റ് സ്ഥിരം ഉപയോഗിക്കേണ്ടതില്ല. സ്ഥിരം ഉപയോഗം മസിലിന് ദോഷം ചെയ്യും.

ചികിൽസ

വ്യായാമം, മരുന്ന്, കുത്തിവയ്പ്... അങ്ങനെ നടുവേദനയ്ക്ക് പല രീതിയിലുള്ള ചികിൽസകളുണ്ട്. റേഡിയോ ഫ്രീക്വൻസി ചികിൽസ, ശസ്ത്രക്രിയ കൂടാതെ തന്നെ ഡിസ്കിന്റെ തള്ളൽ പരിഹരിക്കാവുന്ന ചികിൽസാ രീതി (ന്യൂക്ലിയോ പ്ലാസ്റ്റി) എന്നീ രീതികളും ഉണ്ട്. ശസ്ത്രക്രിയ കൂടാതെ എല്ലിന്റെ പൊട്ടൽ സുഖപ്പെടുത്താവുന്ന മാർഗവുമുണ്ട്. കശേരുവിന്റെ ഉള്ളിലേക്ക് സിമന്റ് കുത്തിവച്ച് ഉള്ള ചികിൽസാ രീതിയും (Vertebroplasty) ഉണ്ട്. നടുവേദന മൂലം കാലിനു തളർച്ച അനുഭവപ്പെടുന്ന സാഹചര്യത്തിലും കൂടുതലായി എല്ല് തെന്നി നീങ്ങുന്ന സാഹചര്യത്തിലും ശസ്ത്രക്രിയ വേണ്ടിവന്നേക്കും.

_വിവരങ്ങൾക്ക് കടപ്പാട്: _

ഡോ. പി.കെ. നിഷാദ്, ഇന്റർവെൻഷനൽ പെയ്ൻ ഫിസിഷ്യൻ, മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.