Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂച്ച കടിച്ചാൽ ഉടൻ ചെയ്യേണ്ടത്

cat

വീട്ടിൽ ഓമനിച്ചു വളർത്തുന്ന പൂച്ചകൾ പൊടുന്നനെ ഒരു ദിവസം അപകടകാരികളാവാതിരിക്കാൻ കാലേക്കൂട്ടി തയാറെടുപ്പു വേണം. പേവിഷ ബാധക്കെതിരെ പൂച്ചകൾക്കു മൂന്നു മാസത്തിലൊരിക്കൽ പരിശോധനയും പ്രതിരോധ കുത്തിവയ്‌പ്പും സ്വീകരിക്കാം. കേരളത്തിൽ പൂച്ചകളുടെ എണ്ണം വർധിച്ചതായാണ് ഒടുവിലത്തെ മൃഗസെൻസസിൽ കണ്ടെത്തിയിരിക്കുന്നത്. പൂച്ചകളെ വന്ധ്യംകരിച്ചു വീട്ടിൽ തന്നെ സംരക്ഷിക്കുകയാണു വേണ്ടതെന്നു വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.

അപകടകാരികളെ തിരിച്ചറിയാം

പേ പിടിച്ച മൃഗങ്ങളെ അവയുടെ സ്വഭാവം കൊണ്ടു തിരിച്ചറിയാനാകും. പ്രത്യേക പ്രകോപനമൊന്നും കൂടാതെ തന്നെ പട്ടിയോ പൂച്ചയോ ആക്രമിക്കാനൊരുങ്ങുന്നുവെങ്കിൽ സൂക്ഷിക്കണം. വായിൽനിന്ന് ഉമിനീരൊഴുകുക, കീഴ്‌ത്താടി തൂങ്ങിക്കിടക്കുക എന്നിവയും രോഗമുള്ള മൃഗങ്ങളുടെ ലക്ഷണമാണ്. പേ പിടിച്ച നായയുടെയും പൂച്ചയുടെയും ഉമിനീരിൽ ആറു ദിവസം മുൻപുതന്നെ രോഗാണുവിന്റെ സാന്നിധ്യമുണ്ടാകും. പനി, തലവേദന, കണ്ണിനു ചുവപ്പ്, ദേഹമാകെ ചൊറിച്ചിൽ, തൊണ്ടവേദന, വിറയൽ, ശ്വാസതടസ്സം, ശബ്‌ദവ്യത്യാസം, ഉറക്കമില്ലായ്‌മ, കാറ്റിനോടും വെള്ളത്തിനോടും ഭയം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വിദഗ്‌ധപരിശോധന നടത്തണം.

പൂച്ച കടിച്ചാൽ എന്തു ചെയ്യണം?

മുറിവ് ശുദ്ധജലം ഉപയോഗിച്ചു നന്നായി കഴുകണം. ഒഴുകുന്ന വെള്ളത്തിനു നേരെ കടിയേറ്റ ഭാഗം കുറേനേരം വയ്‌ക്കാം. അണുനാശിനി ഉപയോഗിച്ചു കഴുകുകയും വേണം. മുറിവിൽ നിന്നു രക്‌തം വരുന്നുണ്ടെങ്കിൽ വൃത്തിയുള്ള തുണികൊണ്ടു കെട്ടിവയ്‌ക്കാം. പ്രാഥമിക ശുശ്രൂഷയ്‌ക്കു ശേഷം കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ആഴം കൂടിയ മുറിവ്, മുറിവേറ്റ ഭാഗം ചുവന്നു തടിച്ചു നീരു വയ്‌ക്കുക എന്നീ ലക്ഷണങ്ങൾ അവഗണിക്കരുത്.

കടിയേറ്റാലുടനെ ഐഡിആർവി

പൂച്ചയുടെ കടിയും മാന്തലുമേറ്റു ഗുരുതരമായ നിലയിലെത്തുന്നവർക്ക് ഐഡിആർവി (ഇൻട്ര ഡെൽമൽ റാബീസ് ആന്റി വാക്‌സിനേഷൻ) കുത്തിവയ്‌പ്പാണു നൽകുന്നത്. ഇതോടൊപ്പം ടിടിയും എടുക്കുന്നു. നാലു തവണയായി ഒരു മാസം കൊണ്ടാണ് ഐഡിആർവി ഒരു കോഴ്‌സ് പൂർത്തിയാക്കുന്നത്. പ്രത്യേക പഥ്യമില്ല. അതേസമയം മദ്യം ഒഴിവാക്കണം. 200 രൂപയോളം വില വരുന്ന കുത്തിവയ്‌പ്പ് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമാണ്.