Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെലിയാൻ പച്ചില മരുന്നു കഴിച്ച യുവാവ് പ്രമേഹം കൂടി മരിച്ചു

manu-s-nair

ശരീരഭാരം കുറയ്ക്കാൻ നാടൻ പ്രയോഗങ്ങളും പരീക്ഷണങ്ങളും നടത്തുന്നവർ ഇതൊന്നു വായിക്കുക. ശരീരം മെലിയാൻ പച്ചില മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയിലായിരുന്ന യുവാവ് പ്രമേഹനില കുത്തനെ ഉയർന്നതിനെ തുടർന്നു മരിച്ചു. തൊടുപുഴ വലിയകണ്ടം രാജശ്രീ ഭവനിൽ ശശിയുടെ മകൻ മനു എസ്. നായരാണു (25) മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ‍ മരണം സ്ഥിരീകരിച്ചശേഷം മൃതദേഹം പൈനാവ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. പ്രമേഹനില കൂടിയതിനാലാണു മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന.

ആന്തരികാവയവങ്ങളുടെ പരിശോധനകൾക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. കട്ടപ്പനയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മനു. നാലുമാസമായി തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ശരീരം മെലിയാനുള്ള ചികിത്സയിലായിരുന്നുവെന്നു സുഹൃത്തുക്കൾ പറഞ്ഞു. സ്ഥാപനം നടത്തിയ ക്ലാസുകളിൽ പങ്കെടുത്തിരുന്ന മനു ഇവരുടെ ചികിത്സാ രീതിയിൽ ആകൃഷ്ടനായാണു മരുന്നുകൾ കഴിച്ചു തുടങ്ങിയതെന്നും സുഹൃത്തുകൾ പറയുന്നു. എന്നാൽ പിന്നീടു പ്രമേഹത്തിന്റെ തോത് ഉയർന്നു. പ്രമേഹം കുറയുന്നതിനും തൊടുപുഴയിലെ സ്ഥാപനത്തിൽ നിന്നു മരുന്നുകൾ കഴിച്ചിരുന്നു. ഒരു ഘട്ടത്തിൽ പ്രമേഹത്തോത് 500 വരെയെത്തി. രണ്ടു മാസത്തിനുള്ളിൽ മനുവിന്റെ ശരീരഭാരം 90 കിലോഗ്രാമിൽ നിന്ന് 52 ആയി കുറഞ്ഞു.

പ്രമേഹനില കൂടിയതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രമേഹത്തിനു പച്ചമരുന്നുകൾ കഴിക്കുന്നുണ്ടെന്നു പറഞ്ഞ് മനു ആശുപത്രിയിൽനിന്നു വീട്ടിലേക്കു മടങ്ങി. സ്ഥിതി മോശമായതിനെ തുടർന്നു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Your Rating: