Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അ‍ഞ്ച് വർഷം; മുംബൈയിൽ സിസേറിയൻ നിരക്ക് മൂന്ന് മടങ്ങിലേറെ

147969765

2010നും 2015നും ഇടയ്ക്കു മുംബൈയിലെ സ്വകാര്യ ആശുപത്രികളിൽ സിസേറിയൻ നിരക്ക് മൂന്നരമടങ്ങിലേറെ വർധിച്ചതായി വിവരാവകാശ രേഖ. 2010ൽ 9,593 സിസേറിയൻ നടന്നയിടത്ത് അഞ്ച് വർഷം പിന്നിട്ടപ്പോൾ 34,465 ആയി ഉയർന്നു. അതിനിടെ, കർണാടകയിലെ കലബുറഗി ജില്ലയിൽ സ്ത്രീകളെ അനാവശ്യമായി ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കു വിധേയരാക്കുന്നതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടു ദേശീയമനുഷ്യാവകാശ കമ്മിഷൻ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കു നോട്ടിസ് അയച്ചു.

ഇരു സംസ്ഥാനങ്ങളിലെയും അതിർത്തിഗ്രാമങ്ങളിലെ നിരക്ഷരരായ സ്ത്രീകളെ കച്ചവടതാൽപര്യങ്ങൾക്കുവേണ്ടി ശസ്ത്രക്രിയയ്ക്കു വിധേയരാക്കുന്നുവെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. മഹാരാഷ്ട്രയുടെ അതിർത്തിമേഖലയായ ഉസ്മാനാബാദ് ജില്ലയിലെ ഉമർഗയാണ് ശസ്ത്രക്രിയകൾ നടക്കുന്ന പ്രധാനകേന്ദ്രം.

മുംബൈ മുനിസിപ്പൽ കോർപറേഷൻ പൊതുആരോഗ്യവിഭാഗം അസിസ്റ്റന്റ് ഹെൽത് ഓഫിസർ സുബർണ ഘോഷാണു വിവരാവകാശ നിയമപ്രകാരം സിസേറിയൻ വിശദാംശങ്ങൾ തേടിയത്. സിസേറിയൻ പ്രസവങ്ങൾ ആശുപത്രികളും ഡോക്ടർമാരും ബിസിനസ് ആക്കിയിരിക്കുകയാണെന്നു ഘോഷ് ആരോപിച്ചു. ഇതിനെതിരെ അദ്ദേഹം change.org എന്ന വെബ്സൈറ്റിൽ തുടക്കമിട്ട ഓൺലൈൻ പെറ്റീഷന് ഇതിനകം 1.4 ലക്ഷം പേരുടെ പിന്തുണയാണു ലഭിച്ചിരിക്കുന്നത്.