Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിയേഴ്സ് ദോഷവും ശാസ്ത്രീയതയും

cheers

ചന്ദ്രനിൽ വെള്ളമുണ്ടെന്നു വാർത്ത വന്ന ദിവസം. അന്നു മൊബൈലിൽ പാഞ്ഞ ഒരു എസ് എം എസ് ഇതായിരുന്നു. ഒരു പൈന്റും കുറച്ചു ടച്ചിങ്സുമായി സ്വസ്ഥമായി പോയിരുന്ന് അടിക്കാൻ ഒരിടമായി. ചന്ദ്രയാന്റെ വിജയാഘോഷത്തിനിടെ ഇങ്ങനെയൊരു എസ് എം എസ് മലയാളി ബുദ്ധിയിലേ വിരിയൂ. കാരണം, ദേശസ്നേഹത്തിന്റെ സ്പിരിറ്റിലും മലയാളി മനസിനു മദ്യം ഒഴിവാക്കാനാകുന്നില്ല.

മദ്യമൊഴുകുന്ന കേരളം

ടെൻഷൻ മാറാൻ, ആഘോഷവേളകൾ ഉല്ലാസപ്രദമാക്കാൻ, വൈകിട്ടെന്താ പരിപാടിയെന്നു ചോദിച്ച സുഹൃത്തിനു കമ്പനി കൊടുക്കാൻ, വിജയപരാജയങ്ങളിൽ ആഘോഷിക്കാൻ, (പരാജയവും ആഘോഷിക്കാനുള്ളതാണെന്നതു മലയാളിയുടെ ഒരു ബാർ കണ്ടുപിടുത്തമാണ്), ഭാര്യയെ പേടിക്കാതെ വീട്ടിൽച്ചെല്ലാൻ, ബോറടി മാറ്റാൻ... മദ്യപിക്കാൻ മലയാളിക്ക് ഒന്നല്ല, ഒരായിരം കാരണങ്ങളുണ്ട്. അരിക്കു ചെലവാക്കുന്നതിനേക്കാൾ കൂടുതൽ പണം മദ്യത്തിനു ചെലവാക്കുന്നവരാണു നമ്മൾ.

എത്ര കുടിച്ചാലും കിക്കാവാത്തവർക്കായി സ്പെഷ്യൽ കലക്കൻ (ലഹരി കൂട്ടാനായി കലക്കുന്നവ) മദ്യങ്ങൾ, ഒരു പെഗ്ഗിന് ഒരു മുട്ട ഫ്രീ, മൂന്ന് ബിയർ ഫ്രീ, ഒരു ഫുള്ളിനു ഫുഡ് ഫ്രീ.... ഇങ്ങനെ മദ്യപന് ഇത്രയധികം പ്രോത്സാഹനം ലഭിക്കുന്ന മറ്റേതൊരു നാടുണ്ട്.

എന്തായാലും മലയാളി ദൂഷ്യവശങ്ങളില്ലാതെ മദ്യമുപയോഗിക്കാനുള്ള മാർഗങ്ങൾ മനസിലാക്കാനുള്ള സമയമായെന്നു തോന്നുന്നു. ഇതു കുടിയന്മാർക്കുള്ള പ്രോത്സാഹനമല്ല. മറിച്ച് മദ്യപാനം ഒരു ആചാരം പോലെ ഒഴിച്ചു കൂടാനാവാത്തവർക്കു ദോഷം കുറച്ച് എങ്ങനെ ഉപയോഗിക്കാമെന്ന വിദഗ്ധ നിരീക്ഷണങ്ങളാണ്.

സായിപ്പിന്റെ കുടി

സിപ്പ്... സിപ്പ്.... ഇങ്ങനെ ഇഴഞ്ഞിഴഞ്ഞുള്ള സിപ്പുകൾക്കിടെ സായിപ്പിന്റെ കുടി പുരോഗമിക്കുമ്പോൾ ലഹരിയുടെ അവസാന തുള്ളി വരെ അവർ ഉപയോഗിക്കുന്നു. വിദേശികളുടെ ഈ രീതിയിൽ നിന്നു മലയാളി പഠിക്കേണ്ടതിതാണ്. മട... മടാ കുടിച്ചു സുഹൃത്തുക്കളുടെ തോൾപ്പല്ലക്കിലേറുകയോ മൈൽക്കുറ്റിയെ പുണർന്നുറങ്ങുകയോ ചെയ്യാതിരിക്കാനും, ശരീരത്തിനു ദോഷങ്ങൾ എള്ളോളമെങ്കിലും കുറയ്ക്കാനും ഈ സിപ്പൻ രീതി മലയാളിക്കുമാവാം.

ഈ സിപ്പ് രീതിയെ വിദഗ്ധർ അംഗീകരിക്കുന്നുണ്ട്. അതായതു മദ്യം കുടിക്കുകയല്ലാതെ ഒന്നാകെ വിഴുങ്ങുമ്പോൾ രക്തത്തിൽ ആൽക്കഹോളിന്റെ (ഈതൈൽ ആൽക്കഹോൾ) അളവു വല്ലാതെ കൂടുന്നു. 100 മില്ലി രക്തത്തിൽ 400 മി. ഗ്രാം ഈതൈൽ ആൽക്കഹോൾ ആയാൽ മരണം വരെ സംഭവിക്കാം.

ലാർജുകൾ തുടരെത്തുടരെ വേണ്ട. സ്മോളുകൾ സമയമെടുത്തു നുണഞ്ഞിറക്കുക. കുറച്ചു കഴിക്കുമ്പോൾത്തന്നെ ലഹരി കിട്ടും. ആരോഗ്യമുള്ള ഒരു പുരഷനു മുപ്പതു മില്ലി ശുദ്ധ ആൽക്കഹോൾ ശരീരത്തിൽ ചെന്നു കഴിഞ്ഞാൽ ശരീരം അത് ഉപാപചയ പ്രവർത്തനങ്ങളിലൂടെ പുറന്തള്ളാൻ ഒരു മണിക്കൂർ സമയമെടുക്കും. ഇങ്ങനെ മുപ്പതു മില്ലി വീതം ഒരു മണിക്കൂർ സമയമെടുത്തു കഴിച്ചാൽ അതു ശരീരത്തെ ദോഷകരമായി ബാധിക്കില്ല. ഇതിൽ കൂടുതൽ അളവിൽ മദ്യം ഉള്ളിൽച്ചെന്നാൽ അതു നിശ്ചയമായും അവയവങ്ങളുടെ രോഗാവസ്ഥകൾക്കു വഴിവെയ്ക്കും.

പേഴ്സണൽ മദ്യം

പ്രത്യേക ബ്രാന്റുകളായി മദ്യത്തെ തരം തിരിച്ചിട്ടുണ്ടല്ലോ. മദ്യത്തിനു തനതു രുചിയും മണവും ചവർപ്പും കുത്തലില്ലായ്മയും എല്ലാം നൽകുന്നത്, ആ ബ്രാന്റ് വൈവിധ്യത്തിനായി ചേർക്കുന്ന കൺജനറുകൾ എന്നറിയപ്പെടുന്ന രാസപദാർഥങ്ങളാണ്. കൺജനറുകളോടുള്ള അലർജിയാണു ചിലർക്കു ചില ബ്രാന്റുകൾ കഴിച്ചാൽ തലവേദന, തുമ്മൽ, ചൊറിച്ചിൽ തുടങ്ങിയവയായി അനുഭവപ്പെടുന്നത്. അതിനാൽ എല്ലാ ബ്രാന്റുകളും എല്ലാവർക്കും പിടിക്കണമെന്നില്ല. അലർജിയുണ്ടാക്കുന്നവയും തലവേദനിപ്പിക്കുന്നവയും ഒഴിവാക്കി അവനവന് ഇണങ്ങുന്ന, ആൽക്കഹോളിന്റെ അളവു കുറഞ്ഞ മദ്യം തിരഞ്ഞെടുക്കുന്നതാണ് ആരോഗ്യകരം.

ഭക്ഷണം മുമ്പേ

വൈകുന്നേരം ഒരു തളർച്ച, ഉന്മേഷം ചോർന്നു പോയതു പോലെ... നേരെ ബാറിലേക്കോടുകയായി. വിശപ്പ്, ക്ഷീണം തുടങ്ങിയവയൊക്കെയാണു മദ്യത്തിലേക്കു ഭൂരിപക്ഷം പേരെയും ആകർഷിക്കുന്ന ഘടകങ്ങൾ.

ഭക്ഷണം കഴിക്കുന്നതിനു മുമ്പേ മദ്യപിക്കുന്നതാണു മലയാളിയുടെ രീതി. ഈ രീതി ശരീരത്തിനു ദോഷം ചെയ്യുന്നതു മാത്രമല്ല, കൂടുതൽ മദ്യം അകത്താക്കാൻ വിശപ്പു പ്രേരിപ്പിക്കുകയും ചെയ്യും. മദ്യം കഴിക്കണമെന്നു തോന്നുമ്പോൾ നല്ലവണ്ണം ഭക്ഷണം കഴിക്കുക. അതിനുശേഷം നിർബന്ധമാണെങ്കിൽ മദ്യപാനമാകാം.

ഭക്ഷണം കഴിച്ചതിനു ശേഷം മദ്യം കഴിച്ചാൽ അതു മദ്യത്തിന്റെ ശരീരത്തിലെ പ്രവർത്തനം പതുക്കെയാക്കും, അതായതു ശരീരത്തിലേക്കു മദ്യം വളരെ പതുക്കയേ ആഗിരണം ചെയ്യപ്പെടുകയുള്ളൂ.

ഭക്ഷണം കഴിച്ചശേഷം മദ്യപിക്കുന്നതു വഴി മദ്യപാനം മൂലം വയറിനുണ്ടാകുന്ന രോഗങ്ങളെ ഒഴിവാക്കാം. കുടൽ ഭിത്തിയിലേക്കു നേരിട്ടു മദ്യം പ്രവർത്തിക്കാതിരിക്കാൻ മദ്യപിക്കുന്നതിനു മുമ്പു നന്നായി ഭക്ഷണം കഴിച്ചാൽ മതി. ഭക്ഷണം കഴിച്ചതിനു ശേഷം മദ്യപിച്ചാൽ വയറിന് ഒരു സംരക്ഷണം കിട്ടും എന്നു കരുതാം. എന്തായാലും വെറും വയറ്റിൽ മദ്യപിക്കുന്നത് ഒഴിവാക്കണം.

കുടിയും കരളും

രണ്ടു ലാർജിൽ ഛർദി പാസാക്കുന്നവൻ സുഹൃത് സംഘത്തിലെ ദുർബലനാണ്. എത്രയടിച്ചാലും പാറ പോലെ ഉറച്ചു നിൽക്കുന്നവനാണു ഹീറോ. എന്നാൽ, കൂടുതൽ മദ്യപിച്ചാൽ ഛർദിക്കുന്നതു കരളിന് ആരോഗ്യമുണ്ടെന്നു തെളിയിക്കുന്നു. പഹയാ നിന്റെയൊരു കപ്പാസിറ്റി എന്ന ആശംസ കേൾക്കുന്നവർ ഭയക്കണം. ഇവരുടെ കരൾ പ്രവർത്തന നിരതമായിരിക്കില്ല. കരളിന്റെ ആരോഗ്യം ടെസ്റ്റ് ചെയ്തു നോക്കാൻ ഇവർ ശാസ്ത്രീയ മാർഗങ്ങൾ തേടണം. കുടിച്ചാൽ വയറ്റിൽക്കിടക്കണമെന്ന ശാസന സ്ഥിരം കേൾക്കുന്നവരും കപ്പാസിറ്റി വീരന്മാരെന്നു പേരെടുത്തവരും ഇതൊക്കെ കേൾക്കുന്നുണ്ടോ?

നിൽപ്പൻ മലയാളി

ബാർ കൗണ്ടറിലേക്കു ശരവേഗത്തിൽ. ഒഴിക്കലും കുടിക്കലും രണ്ടു നിമിഷം കൊണ്ട്... മുഖം തുടച്ചു. രണ്ടു പെഗ്ഗു കൂടി. എരിവുള്ള അച്ചാർ ഒന്നു തൊട്ടു നക്കുമ്പോൾ ഒന്നുകൂടി. ഇതാണു പേരുകേട്ട നിൽപ്പൻ കുടി. സംസ്ഥാനത്തെ ഭൂരിപക്ഷം ബാറിലും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതു നിൽപ്പൻ കൗണ്ടറിലാണ്. വൈകുന്നേരങ്ങളിൽ വീട്ടിലേക്കുള്ള ഓട്ടത്തിനിടെ നിൽപ്പ് കൗണ്ടറിൽ കണ്ണടച്ചു തുറക്കുന്ന ലാഘവത്തിൽ നാലു ലാർജ് പൂശി പോവുന്ന തിരക്ക്.

ഈ നിൽപ്പൻ എത്രത്തോളം മാരകമാണെന്നു നമുക്കറിയില്ല. ഇരുന്നുള്ള മദ്യപാനം തന്നെയാണു ശാസ്ത്രീയം. ഇരിക്കുമ്പോൾ വയർ മടങ്ങി, ആമാശയത്തിനു താഴെ നിന്നു മുകളിലേക്കൊരു തള്ളലുണ്ടായി വയർ അൽപ്പമെങ്കിലും നിറഞ്ഞ അവസ്ഥയായിരിക്കും. എന്നാൽ, നിൽക്കുമ്പോഴോ എത്ര കുടിച്ചാലും വയർ നിറയാത്ത അവസ്ഥ. എത്ര കുടിച്ചാലും തികയില്ല. യൂറോപ്പിൽ നിന്നു കൊണ്ടുള്ള മദ്യപാനം എന്നേ നിയമം മൂലം നിരോധിച്ചു കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.