Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കൻപോക്സിന് വാക്സിൻ എടുക്കുമ്പോൾ

455195407

മിക്കവർക്കും പേടിസ്വപ്നമാണ് ചിക്കൻപോക്സ് എന്ന രോഗം. ആരോഗ്യമുള്ളവർക്ക് ഈ രോഗം വന്നാൽ ഗുരുതരമായ അനുബന്ധരോഗങ്ങൾ ഉണ്ടാകാറില്ല. എന്നാൽ പ്രായമുള്ളവർ, അർബുദരോഗമുള്ളവർ, സ്റ്റീറോയ്ഡ് ഔഷധങ്ങൾ ഉപയോഗിക്കുന്നവർ തുടങ്ങിയവർക്ക് പിടിപെട്ടാൽ അപകടകരമായ ചിക്കൻപോക്സ് എൻസഫലൈറ്റിസ്, ചിക്കൻപോക്സ് ന്യൂമോണിയ എന്നീ രോഗങ്ങളായി മാറാം.

2005 മുതൽ എംഎംആർ വാക്സിന്റെ കൂടെയും ചിക്കൻപോക്സ് വാക്സിൻ കുഞ്ഞുങ്ങൾക്കു വേണ്ടി ലഭിച്ചുതുടങ്ങി. എന്നാൽ ചിക്കൻപോക്സ് വാക്സിൻ മാത്രമായി ഉപയോഗിക്കുന്നതാണു കൂടുതൽ ഫലപ്രദം എന്നു പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

എപ്പോൾ എടുക്കണം?
ചിക്കൻപോക്സ് വാക്സിൻ കുഞ്ഞുങ്ങൾക്കു പ്രതിരോധത്തിനായി നൽകുന്ന ഒരു കുത്തിവയ്പാണ്. കുഞ്ഞിന് 12 മുതൽ 15 മാസം പ്രായമുള്ളപ്പോൾ ആദ്യത്തെ ഡോസും അഞ്ചുവയസു പ്രായമുള്ളപ്പോൾ രണ്ടാമത്തെ ഡോസും കൊടുക്കാം. 13 വയസിനു മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും രണ്ടു ഡോസുകൾ വീതം ആവശ്യമാണ്. ഒന്നുമുതൽ രണ്ടു മാസക്കാലത്തെ ഇടവേളകളിലായിരിക്കണം ഈ കുത്തിവയ്പുകൾ നൽകേണ്ടത്.

കോടിക്കണക്കിന് രോഗികൾക്കാണ് ചിക്കൻപോക്സ് വാക്സിൻ നൽകിക്കഴിഞ്ഞിരിക്കുന്നത്. അതിനാൽ സുരക്ഷിതത്വം പൂർണമായി തെളിഞ്ഞ ഒരു പ്രതിരോധ കുത്തിവയ്പാണ് ഇത്. എന്നിരുന്നാലും ഏതൊരു ഔഷധത്തെയും പോലെ ഈ വാക്സിനും പാർശ്വഫലങ്ങളുണ്ട്. അലർജിവരാൻ സാധ്യതയുള്ളവരിലും പ്രതിരോധശക്തി നഷ്ടമായവരിലുമാണ് പാർശ്വഫലസാധ്യത കൂടുതൽ. ചിലർക്ക് കുത്തിവയ്പ് എടുത്തഭാഗത്ത് തടിപ്പ്, ചുവപ്പ് എന്നിവ ഉണ്ടാകാം.

ചിക്കൻപോക്സ് പിടിപെട്ടാൽ
ചിക്കൻപോക്സ് പിടിപെട്ടു കഴിഞ്ഞാൽ വാക്സിൻ പ്രയോജനം ചെയ്യുമോ? ഇല്ലതന്നെ. എന്നാൽ ചിക്കൻപോക്സ് ഉള്ള ഒരാളുമായി അടുത്തിടപഴകിയിട്ടുണ്ടെങ്കിൽ രോഗം വരുന്നതിനു മുമ്പ് പ്രതിരോധകുത്തിവയ്പ് പ്രയോജനം ചെയ്യുമോ? ചെയ്യും എന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്. ചിക്കൻപോക്സ് ഉണ്ടാക്കുന്നത് അന്തരീക്ഷത്തിലൂടെ പടരുന്ന ഒരു വൈറസ് വഴിയാണ്. അത് ഉള്ളിൽ കടന്ന് 72 മണിക്കൂറിനുള്ളിൽ (മൂന്നുദിവസം) പ്രതിരോധകുത്തിവയ്പ് എടുത്താൽ രോഗം 80 ശതമാനം വരെ പ്രതിരോധിക്കുവാൻ സാധിക്കും.

ആരംഭത്തിൽ മരുന്നു കഴിക്കണം
രോഗം വന്നുകഴിഞ്ഞാൽ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നാണ് അസിക്ലോവിർ. രോഗിയുടെ ശരീരഭാരത്തിനും പ്രായത്തിനും അനുസൃതമായി ഡോസ് നിർണയിക്കുന്നു. മുതിർന്നവർക്ക് 800 മി ഗ്രാം ഗുളിക ഒരു ദിവസം നാലുമുതൽ അഞ്ചു പ്രാവശ്യം വരെ, ഏകദേശം അഞ്ചു ദിവസം മുതൽ ഒരാഴ്ചവരെ കൊടുക്കേണ്ടിവരും. രോഗത്തിന്റെ ആരംഭത്തിലാണ് കഴിച്ചു തുടങ്ങുന്നതെങ്കിലും രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും തൊലിപ്പുറത്തുണ്ടാകുന്ന അടയാളങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനും കഴിയും. ചിക്കൻപോക്സിന്റെ സങ്കീർണതകൾ തടയാനും അത് സഹായിക്കുന്നു.

വൈറൽ രോഗങ്ങൾക്ക് ഫലപ്രദമായ മരുന്നുകൾ ഇല്ലാതിരിക്കെ, ചിക്കൻപോക്സിനു കാരണമായ ഹെർപ്പിസ് (വെരിസെല്ല) വൈറസിനെതിരെ അസിക്ലോവിൻ ആരംഭത്തിൽ ഉപയോഗിച്ചാൽ ഫലപ്രദമാണ്. അസിക്ലോവിർ പൂർണമായ ഡോസിൽ ഉപയോഗിക്കാതിരുന്നാലോ, രോഗം വന്നു വൈകിയാണ് ഉപയോഗം തുടങ്ങുന്നതെങ്കിലോ അതിന്റെ പൂർണ പ്രയോജനം ലഭിക്കില്ല.

ഡോ ജ്യോതിദേവേ് കേശവദേവ്
കൺസൽട്ടന്റ് ഇൻ ഡയബറ്റിസ് ആൻഡ് ജെറിയാട്രിക്സ്,
ഡോ ജ്യോതിദേവ്സ് ഡയബറ്റിസ് സെന്റർ,
തിരുവനന്തപുരം.

Your Rating: