Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളസ്ട്രോൾ അളവ് എത്രയാകാം?

cholesterol-limit

കോശഭിത്തികളുടെ നിർമിതിക്കും അനേകം ഹോർമോണുകളുടെയും വിറ്റാമിനുകളുടെയും ഉൽപാദനത്തിനും അത്യന്താപേക്ഷിതമായതിനാൽ നമ്മുടെ ശരീരം തന്നെ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നുണ്ട്. കരളാണു കൊളസ്ട്രോൾ ഫാക്ടറി. നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ 80 ശതമാനവും കരൾ ഉൽപാദിപ്പിക്കുന്നതാണ്. 20 ശതമാനം മാത്രമേ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നുള്ളൂ.

68 കി. ഗ്രാം ഭാരമുള്ള ഒരാളുടെ ശരീരത്തിൽ 35 ഗ്രാം കൊളസ്ട്രോൾ ഉണ്ട്. ഒരു ദിവസം ഏതാണ്ട് 1000 മി. ഗ്രാം കൊളസ്ട്രോൾ ശരീരം ഉൽപാദിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്നത് 200—300 മി. ഗ്രാം ആണ്.

രക്തത്തിലൂടെയാണു കൊളസ്ട്രോൾ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നത്. കൊളസ്ട്രോൾ രക്തത്തിൽ ലയിക്കുകയില്ല. കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലിപോപ്രോട്ടീൻ കണികകളായാണ് ഇതു രക്തത്തിലൂടെ സഞ്ചരിക്കുന്നത്.

കൊഴുപ്പ് നാലു വിധം

രക്തത്തിലെ കൊളസ്ട്രോൾ പ്രധാനമായും നാലു വിധം ലൈപോ പ്രോട്ടീനുകളായാണ് കാണുന്നത്. എൽഡിഎൽ കൊളസ്ട്രോൾ, എച്ച്ഡിഎൽ കൊളസ്ട്രോൾ, വിഎൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ് എന്നിവയാണവ. Mg/dl എന്ന യൂണിറ്റിലാണ് (100 മി. ലി. രക്തത്തിൽ ഇത്ര മി.ഗ്രാം കൊഴുപ്പ്) കൊഴുപ്പളവ് പറയുന്നത്.

പരിശോധന എങ്ങനെ?

രക്തത്തിലെ കൊളസ്ട്രോളിൻറെ അളവു വളരെ കൂടിയിരുന്നാലും കാര്യമായ ലക്ഷണങ്ങൾ കാണിച്ചെന്നു വരില്ല. അതിനാലാണ് കൊളസ്ട്രോൾ ഇടയ്ക്കിടെ പരിശോധിച്ചറിയണമെന്നു പറയുന്നത്. കൊളസ്ട്രോൾ കൂടുതലാണോ ചികിത്സ ആവശ്യമായ ഘട്ടത്തിലാണോ എന്നൊക്കെ തിരിച്ചറിയാൻ ശരിയായ രക്തപരിശോധന കൂടിയേ തീരൂ.

രണ്ടു വിധത്തിലുള്ള പരിശോധനകളാണ് പൊതുവേ കൊളസ്ട്രോൾ നിർണയത്തിനുള്ളത്. ഒന്ന് രക്തത്തിലെ ടോട്ടൽ കൊളസ്ട്രോൾ അളവു നിർണയം. LDL, HDL, , ട്രൈഗ്ലിസറൈഡിന്റെ അഞ്ചിൽ ഒന്ന് എന്നിവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയാണു ടോട്ടൽ കൊളസ്ട്രോൾ. എന്നാൽ നല്ല കൊളസ്ട്രോളായ HDLന്റെ അളവു വളരെ കുറഞ്ഞും ചീത്ത കൊളസ്ട്രോളായ LDL ന്റെ അളവു കൂടിയും ഇരിക്കുന്ന അപകടാവസ്ഥയിലും ടോട്ടൽ കൊളസ്ട്രോൾ സുരക്ഷിത നിലയിലായിരിക്കും. അതുകൊണ്ടു ലിപിഡ് പ്രൊഫൈൽ പരിശോധന (Lipid Profile) ആണ് വേണ്ടത്. LDL, HDL, TG, VLDL എന്നിവയുടെ വേർതിരിച്ചുള്ള കൃത്യമായ അളവു കാണിക്കുന്നതാണ് ലിപിഡ് പ്രൊഫൈൽ.

ടോട്ടൽ കൊളസ്ട്രോൾ പരിശോധന മാത്രം നടത്തുമ്പോൾ ചെലവ് വളരെ കുറവാണ്. എന്നാൽ ലിപിഡ് പ്രൊഫൈൽ പരിശോധനയ്ക്ക് 250 മുതൽ 350 രൂപ വരെ ചെലവു വരും. ശരിയായ ഫലം ലഭിക്കാൻ ഉപവാസവും വേണം. ലിപിഡ് പ്രൊഫൈൽ പരിശോധനകൾ നടത്തി കൊഴുപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള രോഗിക്ക് തൊട്ടടുത്ത പരിശോധനകളിൽ ടോട്ടൽ കൊളസ്ട്രോൾ മാത്രം നോക്കിയാലും മതിയാകും.

പരിശോധനയ്ക്ക് മുമ്പ്

കൊളസ്ട്രോൾ നില ശരിയായി മനസ്സിലാക്കുന്നതിനായി 9—12 മണിക്കൂർ ഉപവാസം വേണമെന്നാണു നിലവിലുള്ള നിർദേശം. ടോട്ടൽ കൊളസ്ട്രോളും HDL കൊളസ്ട്രോളും ഉപവാസമില്ലെങ്കിലും ശരിയായി തന്നെ കിട്ടും. എന്നാൽ LDL, ട്രൈഗ്ലിസറൈഡ്സ് എന്നിവ ഭക്ഷണത്തിനനുസരിച്ചു മാറും. അതുകൊണ്ടാണ് ഉപവാസം വേണമെന്നു പറയുന്നത്. പക്ഷേ വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നാൽ രാവിലെ പ്രഭാത ഭക്ഷണത്തിനു മുമ്പ് രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം.

ഇങ്ങനെയൊക്കെയാണെങ്കിലും കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഫ. ജോൺ ഡാനിഷ് നേതൃത്വം നൽകിയ, മൂന്നു ലക്ഷം ആൾക്കാരിൽ നടത്തിയ ഒരു പഠനത്തിൽ, ഉപവാസ ശേഷവും അല്ലാതെയുമുള്ള LDL ഏകദേശം ഒന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാലും പരിശോധനയ്ക്ക് ഉപവാസം വേണ്ടെന്ന നിർദേശം രാജ്യാന്തരതലത്തിൽ ഉണ്ടായിട്ടില്ല.

പരിശോധന എപ്പോൾ തുടങ്ങണം?

20 വയസ്സാകുമ്പോൾ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്തു തുടങ്ങണം. നോർമലാണെങ്കിൽ അഞ്ചു വർഷത്തിലൊരിക്കൽ ചെയ്താൽ മതി. അല്ലെങ്കിൽ കൊളസ്ട്രോൾ നിലയനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം ചുരുങ്ങിയത് വർഷാവർഷം പരിശോധന നടത്തണം. 40 വയസ്സു കഴിഞ്ഞയാൾ, കൊളസ്ട്രോൾ നില നോർമലാണെന്നു കണ്ടാലും വർഷത്തിൽ ഒരു തവണ പരിശോധന നടത്താൻ മടിക്കരുത്. നോർമൽ അളവുകൾ മറികടക്കുമെന്നു മനസ്സിലായാൽ ഭക്ഷണനിയന്ത്രണവും ശരിയായ വ്യായാമരീതികളും ആവശ്യമാണ്.

പ്രമേഹ രോഗികൾ, ഹൃദ്രോഗികൾ, പക്ഷാഘാതം വന്നവർ, പുകവലിക്കുന്നവർ, ഉയർന്ന രക്തസമ്മർദമുള്ളവർ, പരമ്പരാഗതമായി ഹൃദയാഘാത സാധ്യതയുള്ളവർ തുടങ്ങിയവർക്ക് പ്രായഭേദമെന്യേ കൊളസ്ട്രോൾ പരിശോധന അനിവാര്യമാണ്. കുട്ടികളിൽ 9—11 വയസ്സിനുള്ളിൽ ഒരു പ്രാവശ്യം ലിപിഡ് ചെയ്യണമെന്ന് അമേരിക്കൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്നു. പാരമ്പര്യമായി ഉയർന്ന കൊളസ്ട്രോൾ നില ഇങ്ങനെ തിരിച്ചറിയാം.

വ്യായാമം തൊട്ടുമുമ്പ് വേണ്ട

പരിശോധനയ്ക്കു മുമ്പു വ്യായാമം പാടില്ല എന്നൊരു വ്യവസ്ഥയുണ്ട്. കൊളസ്ട്രോൾ പരിശോധനയെക്കുറിച്ചുള്ള എല്ലാ മാർഗ നിർദേശങ്ങളും ഇതു ശരിവയ്ക്കുന്നു. പരിശോധനയ്ക്കുമുമ്പ് വ്യായാമത്തിലേർപ്പെട്ടാൽ കൊഴുപ്പ് ഊർജമായി മാറുന്നതിന്റെ തോത് വർധിക്കാം. കുറച്ചു ദൂരം നടന്നും മറ്റും ലബോറട്ടറിയിൽ പരിശോധനയ്ക്ക് എത്തുന്നവർ രക്തമെടുക്കുന്നതിനു മുമ്പായി അഞ്ചു മിനിറ്റ് വിശ്രമിക്കുന്നതും നല്ലതാണ്.

അപോ ബി പരിശോധന

എൽഡിഎൽ കൊളസ്ട്രോളിലെ ഒരു സുപ്രധാന ഘടകമാണ് അപോ ബി (Apo B)എന്ന അപോലിപോ പ്രോട്ടീൻ ബി. 40 മുതൽ 125 Mg/dl വരെയാണ് ഇതിന്റെ സാധാരണ നില. കൊളസ്ട്രോളിലെ ഈ ഘടകത്തിന്റെ നിർണയം ഹൃദ്രോഗബാധയുടെ സൂചന വ്യക്തമാക്കുന്നതാണ്. പക്ഷേ ഗവേഷണ മേഖലയിലാണ് ഈ പരിശോധന ഇപ്പോൾ കൂടുതലും നടക്കുന്നത്.

എത്ര വരെ കുറയാം?

ഒരു വ്യക്തിയുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് എത്രവരെ കുറയാം? കൊളസ്ട്രോൾ കൂടുതൽ കുറയുന്നതു നല്ലതല്ല എന്ന ധാരണ പലർക്കുമുണ്ട്. എന്നാലിതു ശരിയല്ലെന്നു പഠനങ്ങൾ തെളിയിക്കുന്നു.

ചീത്ത കൊളസ്ട്രോളായ LDLന്റെ സാധാരണ അളവ് 100 എന്നാണ് കണക്കാക്കുന്നത്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ബൃഹത്തായ ഒരു പഠനത്തിൽ 11 ശതമാനം ആളുകൾക്ക് LDLന്റെ അളവ് 40mg ൽ താഴെയായിരുന്നു. അവരിൽ അസുഖം ഉണ്ടാവാനുള്ള സാധ്യത 39 ശതമാനം കുറവാണെന്നായിരുന്നു പഠനത്തിൽ തെളിഞ്ഞത്. LDL ഇത്രയും കുറഞ്ഞതുകൊണ്ട് അവരിൽ ഒരു അസുഖവും കണ്ടിട്ടില്ല. കൊളസ്ട്രോൾ കുറയുന്നതു സുരക്ഷിതമാണെന്ന് ഈ പഠനം തെളിയിച്ചു.

നോൺ എച്ച്ഡിഎൽ

കൊളസ്ട്രോൾ ചികിത്സയിലെ ആദ്യ ലക്ഷ്യം എപ്പോഴും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ അളവ് കുറയ്ക്കുകയെന്നതാണ്. എൽഡിഎൽ കുറഞ്ഞിട്ടും ട്രൈഗ്ലിസറൈഡ് 200നു മുകളിലാണെങ്കിൽ രണ്ടാമത്തെ ലക്ഷ്യം നിശ്ചയിക്കണം. അതാണ് നോൺ എച്ച്ഡിഎൽ കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ ഒഴികെയുള്ള കൊളസ്ട്രോൾ അളവാണ് ഇത്.

എൽഡിഎൽനോട് 30 കൂട്ടിയാൽ കിട്ടുന്ന സംഖ്യ ആയിരിക്കണം ‘നോൺ എച്ച്ഡിഎൽ കൊളസ്ട്രോളി’ ൻറെ നോർമൽ അളവ്.

എന്താണ് ടോട്ടൽ കൊളസ്ട്രോൾ?

നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ, ചീത്ത കൊളസ്ട്രോളായ എൽഡിഎൽ, സാന്ദ്രത വളരെ കുറഞ്ഞ വിഎൽഡിഎൽ എന്നിവയുടെ അളവ് കൂട്ടിച്ചേർക്കുമ്പോൾ ലഭിക്കുന്നതാണ് ടോട്ടൽ കൊളസ്ട്രോൾ അളവ്.

വിഎൽഡിഎൽനു പകരം ട്രൈഗ്ലിസറൈഡിൻറെ (ടിജി) അളവിൻറെ അഞ്ചിൽ ഒന്ന് കൂട്ടിച്ചേർത്തു കണക്കാക്കുന്നതാണ് യഥാർഥരീതി. എന്നാൽ വിഎൽഡിഎൽ അളവും ടിജി യുടെ അഞ്ചിലൊന്നും പലപ്പോഴും തുല്യമാകാതെ വരാം. അതിനാൽ ആദ്യമാർഗം തന്നെയാണ് നല്ലത്.

ഡോ. എം. കെ. അനിൽകുമാർ

സീനിയർ കൺസൾട്ടൻറ്,

ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്

കൊയ്ലി ഹോസ്പിറ്റൽ, കണ്ണൂർ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.