Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലദോഷം എന്ന സ്ഥിരം അതിഥി

497835726

ആഗോളതലത്തിൽ ഏറ്റവും അധികം മനുഷ്യരെ ബാധിക്കുന്ന, ഒരു വൈറസ് മൂലം ഉണ്ടാകുന്ന അണുബാധയാണ് കോമൺ കോൾഡ് (ജലദോഷം എന്നു നാടൻ ഭാഷ.) അതിനാൽത്തന്നെ ഹ്യൂമൻ ഡിസീസ് (Human disease) എന്നും പലരും ഇതിനെ വിശേഷിപ്പിക്കുന്നു. എല്ലാ പ്രായക്കാർക്കും വരാമെങ്കിലും കുട്ടികളിലാണ് ഇതു കൂടുതൽ.

കുട്ടികളിൽ ഒരു നിമിഷം എട്ടു മുതൽ 12 പ്രാവശ്യം വരെ ഈ രോഗം വരാം. മുതിർന്നവർക്ക് രണ്ടു മുതൽ എട്ടു പ്രാവശ്യം വരെ ഈ രോഗം ഉണ്ടാകാം എന്നാണു കണക്കുകൾ. പ്രായമായവരിലേക്കും മറ്റു രോഗങ്ങൾ കൊണ്ടു പ്രതിരോധശക്തി കുറഞ്ഞവരിലേക്കും ഇതു വളരെ എളുപ്പത്തിൽ പടർന്നു പിടിക്കാം. ഓരോ പ്രാവശ്യവും അണുബാധ വരുമ്പോഴും അത് ഒന്നോ രണ്ടോ ആഴ്ച നിലനിന്നേക്കാം. കുട്ടികൾക്കു ധാരാളം സ്കൂള്‍ ദിവസങ്ങൾ നഷ്ടപ്പെടുന്നു. മുതിർന്നവർക്ക് പ്രവൃത്തി ദിവസങ്ങളും.

കാരണം വൈറസ്

1950–ൽ ആണ് ജലദോഷമുണ്ടാക്കുന്ന വൈറസിനെ ആദ്യമായി കണ്ടുപിടിച്ചത്. 16–ാം നൂറ്റാണ്ടിൽ ഊജിപ്തിൽ പാപ്പിറസ് ഗ്രന്ഥങ്ങളിൽ ഇതിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. തണുപ്പുള്ള പ്രദേശങ്ങളിൽ ഈ അസുഖം കൂടുതലായി കാണുന്നതു കൊണ്ടാകാം കോൾഡ് അല്ലെങ്കിൽ കൊമൺ കോൾഡ് എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നത്.

മൂക്കൊലിപ്പ്, തുമ്മൽ, ചുമ, പനി, ശരീരവേദന, മസിലുകളിലുള്ള വേദന മുതലായവയാണ് ആദ്യലക്ഷണങ്ങൾ. രോഗബാധിതരുടെ മൂക്കിൽ നിന്ന് ഒരു സ്രവം (ദ്രാവകം) നിറയെ വൈറസുകൾ, വായുവിൽ കലർന്ന് (Droplet infection) മറ്റുള്ളവരുടെ ശ്വാസനാളത്തിൽ കൂടി അസുഖം പടർത്തുന്നു. രണ്ടു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ഒരാഴ്ചയോ ചിലപ്പോൾ പത്തു ദിവസം വരെയും ജലദോഷം നീണ്ടുനിൽക്കാം.

ശ്വസിക്കുമ്പോൾ അകത്തേക്ക് കടക്കുന്ന വൈറസ് മൂക്കിലോ തൊണ്ടയിലോ ഉള്ള ലൈനിങ് മ്യൂക്കസ് മെമ്പ്രോയിനിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ഉടനെതന്നെ, നമ്മുടെ പ്രതിരോധശക്തി (immune response) ഇതിനെ എതിർക്കാൻ ശ്രമിക്കുന്നു. ഇതു മൂക്കൊലിപ്പായി (Nassal Discharge) പുറത്തു കടക്കുന്നു. ഇതിൽ ധാരാളം വൈറസുകൾ ഉണ്ടാകും. ഈ പ്രക്രിയയുടെ ഭാഗമായി ധാരാളം ഊർജം നഷ്ടപ്പെടും.

ക്ഷീണം, തലവേദന, പനി മുതലായവ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ സമയത്ത് പുറത്തുകടക്കുന്ന വൈറസുകൾ, വായുവിൽ കൂടി കലർന്നു വളരെ വേഗം രോഗം പടർത്താൻ ശ്രമിക്കുന്നു. സ്കൂളുകളിലും ഓഫീസുകളിലും ഇതു പടർന്നു പിടിക്കാൻ അധിക സമയം ആവശ്യമില്ല.

സാധാരണയായി ഈ അണുബാധ വളരെയേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ല. രണ്ടാഴ്ചത്തെ വിഷമം മാത്രമേ ഉണ്ടാക്കുന്നുള്ളു. പക്ഷേ, പ്രതിരോധശക്തി കുറഞ്ഞവർക്കും മറ്റു ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്കും ന്യുമോണിയ, ബ്രോങ്കൈറ്റിസ് മുതലായവ വരാം. രോഗികളുടെ സ്രവങ്ങളിൽ നിന്നും മാത്രമല്ല, അവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, കസേര, മേശ പോലുള്ള സാധനങ്ങൾ എന്നിവയിൽ നിന്നും നമ്മുടെ കൈകളിലേക്കോ ശേഷം കൈയിൽ കൂടി, കണ്ണ്, മൂക്ക്, വായ എന്നിവയിലേക്കും രോഗം ബാധിക്കാം.

റൈനോവൈറസിന്റെ വരവ്

ഈ രോഗത്തിനു പ്രത്യേക മരുന്നുകളോ വാക്സിനേഷനോ ഇല്ല. കാരണം ഈ വൈറസിന്റെ ജനുസ്സിന്റെ ഏതാണ്ടു 200 സ്ട്രെയിനുകൾ ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് (30–80 ശതമാനം) റൈനോ വൈറസ് (Rino Virus) ആണ്. ഈ റൈനോ വൈറസിനും ഏതാണ്ട് 99 ഉപവിഭാഗങ്ങൾ ഉണ്ട്. അതിനാൽ ഓരോ പ്രാവശ്യവും ഈ രോഗം ഉണ്ടാകുമ്പോഴും അതു പല സ്ട്രെയിനുകൾ കൊണ്ടാകാം. ഈ കാരണം കൊണ്ടു ജലദോഷത്തിന്റെ കാര്യത്തിൽ വാക്സിനേഷൻ ഫലപ്രദമാകുന്നില്ല.

രോഗം പടരാതെ നോക്കാം

രോഗം പടരാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാം. ഏറ്റവും പ്രധാനം കൂടെക്കൂടെ കൈകൾ സോപ്പിട്ടു കഴുകി വൃത്തിയാക്കുന്നതാണ്. കഴിവതും ജലദോഷരോഗികളുമായുള്ള സമ്പർക്കം കുറയ്ക്കുക. ഫേസ് മാസ്ക് ഒരു പരിധിവരെ പ്രയോജനപ്പെടും.

പ്രത്യേക മരുന്നുകൾ ഇല്ലാത്തതിനാൽ ഈ സമയത്തുണ്ടാകുന്ന വിഷമങ്ങൾ കുറയ്ക്കുവാനുള്ള മരുന്നുകൾ മതിയാകും. തലവേദന, ദേഹവേദന, പനി മുതലായവയ്ക്ക് ആസ്പിരിൻ, ഇബുപ്രൂഫർ മുതലായ ഗുളികകൾ തല്‍ക്കാല ആശ്വാസം നൽകും. വിശ്രമവും വെള്ളം കുടിക്കുന്നതും ക്ഷീണമകറ്റും.