Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ധൈര്യമായി ചോക്കളേറ്റ് കഴിച്ചോളൂ

dark-chocolate

ചോക്കളേറ്റ് പ്രേമികൾക്ക് ഇതാ ഒരു നല്ല വാർത്ത. രാത്രിയിൽ സുഖമായി ഉറങ്ങാൻ ഡാർക്ക് ചോക്കളേറ്റ് നിങ്ങളെ സഹായിക്കും. അതെങ്ങനെയെന്നല്ലേ? ഡാർക്ക് ചോക്കളേറ്റിൽ മഗ്നിഷ്യം അടങ്ങിയിട്ടുള്ളതിനാലാണിത്. മഗ്നിഷ്യം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ജൈവഘടികാരത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം.

യുകെയിലെ എഡിൻബർഗ് സർവകലാശാലയിലെയും കേംബ്രിഡ്ജ് സർവകലാശാലയിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് മഗ്നീഷ്യം അടങ്ങിയ ഭക്ഷണപദാർഥങ്ങളായ ഡാർക്ക് ചോക്കളേറ്റ്, നട്സ്, പച്ച നിറത്തിലുള്ള ഇലക്കറികൾ എന്നിവ ശരീരത്തിന്റെ സർക്കാഡിയൻ റിഥത്തെ സഹായിക്കുന്നുവെന്ന് കണ്ടെത്തിയത്.

ഉറക്കം, ഉണരൽ, ശരീരോഷ്മാവ് തുടങ്ങി എല്ലാ ശാരീരിക പ്രവർത്തനങ്ങളും ചിട്ടയായി നടക്കാൻ കാരണം ശരീരത്തിലെ ഈ ആന്തര ഘടികാരമാണ്. ജീവനുള്ളവയിലെ ക്രമമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം ഈ ജൈവഘടികാരമാണ്. നമ്മുടെ ആരോഗ്യം, രോഗങ്ങൾ ഇവയെയെല്ലാം ഇത് സ്വാധീനിക്കുന്നു. സൂക്ഷ്മജീവികളിലെയും വിളസസ്യങ്ങളിലെയും കോശസമൂഹങ്ങൾക്ക് തുലനം വളരെ പ്രധാനമാണ്.

ഫംഗസ്, ആൽഗ, മനുഷ്യകോശങ്ങൾ എന്നിവയിൽ പഠനം നടത്തി. കോശങ്ങൾ 24 മണി ഘടികാരത്തിലൂടെ കടന്നു പോകുമ്പോൾ, മഗ്നീഷ്യത്തിന്റെ സ്പന്ദനത്തിന്റെ അളവ് തൻമാത്ര അപഗ്രഥനത്തിലൂടെ മനസിലാക്കി.

ദിവസം മുഴുവൻ കോശത്തിന്റെ ഊർജം നിലനിർത്താൻ ഈ 24 മണിക്കൂർ ഓസിലേഷൻ പ്രധാനമാണ്. കോശങ്ങളിലെ മഗ്നീഷ്യത്തിന്റെ സാനിധ്യം ഉപാപചയ പ്രവർത്തനങ്ങളെ സഹായിക്കുന്നു. പോഷകങ്ങളെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയയുടെ കാര്യക്ഷമത കൂട്ടാൻ മഗ്നീഷ്യം സഹായകമാണ്.

ക്രോണോ തെറാപ്പിയുടെ വികാസത്തിനും ശരീരത്തിന്റെ റിഥം അനുസരിച്ചുള്ള ചികിത്സയ്ക്കും പ്രത്യേക കാലത്ത് വിളവെടുക്കുന്ന വിവിധയിനം വിളകൾ മെച്ചപ്പെടുത്തുന്നതിനും ഈ കണ്ടുപിടിത്തം സഹായിക്കും.

മനുഷ്യന്റെ ആരോഗ്യം മുതൽ കാർഷികോൽപ്പാദനം വരെ നീളുന്ന മേഖലകളിൽ നിരവധി ഗുണഫലങ്ങൾക്ക് ഈ പഠനം വഴിതെളിക്കും. മഗ്നീഷ്യം അടങ്ങിയ ഡാർക്ക് ചോക്കളേറ്റ് പോലുള്ള ഭക്ഷണപദാർഥങ്ങൾ ജൈവഘടികാരത്തിന്റെ പ്രവർത്തനത്തിനു സഹായിക്കും എന്ന ഈ പഠനം നേച്ചർ ജേണലിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.