Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊക്കിൾക്കൊടി മുറിക്കാൻ വൈകിയാൽ?

umbilical-cord

കുഞ്ഞു ജനിച്ചാലുടൻ പൊക്കിൾക്കൊടി മുറിക്കുകയാണ് പതിവ്. എന്നാൽ‍ അൽപ്പംകൂടി വൈകി പൊക്കിൾക്കൊടി മുറിക്കുന്നതും കുഞ്ഞിൽ വിളർച്ചക്കുറവ് വരാനുള്ള സാധ്യതക്കുറവും തമ്മിൽ ബന്ധമുണ്ടെന്നു പഠനം.

ഇരുമ്പിന്റെ അഭാവവും വിളർച്ചയുമുള്ള കുട്ടികളിൽ നാഡീവികാസത്തിൽ തകരാറുകളുണ്ടാകാം. അത് പെരുമാറ്റത്തെയും ബൗദ്ധികവികാസത്തെയും ബാധിക്കും. ഭക്ഷണവും സപ്ലിമെന്റുകളും വഴി അയൺ ലഭിക്കാം. എന്നാൽ പൊക്കിൾക്കൊടി മുറിക്കാൻ കുറച്ച് വൈകിയാൽ പ്ലാസന്റയിൽ നിന്നും ധാരാളം അയൺ അടങ്ങിയ രക്തം കുഞ്ഞിലേക്കു ലഭിക്കുക വഴി കുഞ്ഞിന് അയണിന്റെ അഭാവം വരാതിരിക്കും.

പഠനത്തിനായി 540 കുട്ടികളുടെ വിവരങ്ങൾ പരിശോധിച്ചു. ഇതിൽ ചില കുഞ്ഞുങ്ങളുടെ പൊക്കിൾക്കൊടി മുറിക്കാൻ മൂന്നു മിനിറ്റെങ്കിലും വൈകിയപ്പോൾ ചിലരിൽ ജനിച്ച് ഒരു മിനിറ്റിനുള്ളിൽത്തന്നെ പൊക്കിൾക്കൊടി മുറിച്ചിരുന്നു.

പൊക്കിൾക്കൊടി മുറിക്കാൻ മൂന്നു മിനിറ്റ് വൈകിയ കുട്ടികൾക്ക് വിളർച്ച ഉണ്ടാകാനുള്ള സാധ്യത 11 ശതമാനം കുറവും ഇരുമ്പിന്റെ അഭാവത്തിനുള്ള സാധ്യത 42 ശതമാനവും കുറവുമായിരുന്നെന്ന് ജാമാ പീഡിയാട്രിക്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഗർഭപാത്രത്തിൽ കുഞ്ഞിന്റെ ശ്വാസകോശമായാണ് പ്ലാസന്റ പ്രവർത്തിക്കുന്നത്. എന്നാൽ ജനിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ‌‌കുഞ്ഞ് ശ്വസിച്ചു തുടങ്ങുന്നു.

പൊക്കിൾക്കൊടി നേരത്തേ മുറിക്കുകയാണെങ്കിൽ അതിന്റെതന്നെ രക്തം കുഞ്ഞിനു ലഭിക്കില്ല. ആദ്യ ഒരുവർഷം വിളർച്ചയിൽ നിന്നും ഇരുമ്പിന്റെ അഭാവത്തിൽനിന്നും ഈ അധികമുള്ള രക്തം കുഞ്ഞിനെ സംരക്ഷിക്കും.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഇരുമ്പിന്റെ അഭാവമാണ് ഏറ്റവും സാധാരണയായി കാണുന്ന പോഷകവൈകല്യം. വികസ്വര രാജ്യങ്ങളിൽ ഇതു സാധാരണയാണ്. പ്രധാനമായും ഇരുമ്പിന്റെ അഭാവംകൊണ്ട് ലോകത്ത് രണ്ടു ബില്യൺ ആളുകൾ വിളർച്ച ബാധിച്ചവരാണ്. ഇരുമ്പിന്റെ അഭാവം മലേറിയ, എച്ച്ഐവി, ഹുക്ക്‌വേം ഇൻഫെക്ഷൻ തുടങ്ങിയ രോഗങ്ങളിലേക്കു നയിക്കാം.

അമേരിക്കൻ കോൺഗ്രസ് ഓഫ് ഒബ്സ്റ്റെട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ്, പ്രസവശേഷം 30 മുതൽ 60 സെക്കൻഡിനുശേഷം പൊക്കിൾക്കൊടി മുറിക്കാൻ പറയുമ്പോൾ ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്നത് കുഞ്ഞ് ജനിച്ച് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും കഴിഞ്ഞേ പൊക്കിൾക്കൊടി മുറിക്കാവൂ എന്നാണ്.

എട്ടുമാസം പ്രായമായപ്പോൾ പരിശോധനയ്ക്കായി കൊണ്ടുവന്ന കുട്ടികളെ നിരീക്ഷിച്ചപ്പോൾ വൈകിമാത്രം പൊക്കിൾക്കൊടി മുറിച്ച കുഞ്ഞുങ്ങൾക്ക് വിളർച്ച ബാധിച്ചിട്ടില്ലെന്നും കണ്ടു.