Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷാദം വലയ്ക്കുന്നുണ്ടോ? ഒന്നു സ്വസ്ഥമായ് ഉറങ്ങിനോക്കൂ...!

better-sleep

‘മനുഷ്യന് ഉറക്കം വന്ന് ഭ്രാന്തു പിടിച്ചിരിക്കുമ്പോഴാ...’ പാതിവഴിയിൽ നിർത്തിയ ഇത്തരമൊരു പരാതിയോ പരിഭവമോ ദേഷ്യപ്രകടനമോ നടത്താത്തവർ അപൂർവമായിരിക്കും. ആവശ്യത്തിന് ഉറക്കം കിട്ടാതെ ജോലിയിലോ മറ്റേതെങ്കിലും വിധത്തിലുള്ള അധ്വാനത്തിലോ ഇടയ്ക്കെങ്കിലും പെട്ടുപോകുന്നവർ അത്രയേറെയുണ്ട്. പക്ഷേ ഇതത്ര നല്ലതിനല്ലെന്നാണ് ഗവേഷകർ പറയുന്നത്. എളുപ്പത്തിൽ രോഗാണുബാധയേൽക്കും വിധം ശരീരം ക്ഷീണിക്കാനും വിഷാദരോഗത്തിലേക്കു വരെ വീണുപോകാനും ഉറക്കമില്ലായ്മ കാരണമാകുമെന്നാണ് പുതിയ പഠനം.

നവജാതശിശുക്കൾ ദിവസം 16 മണിക്കൂർ വരെ ഉറങ്ങാറുണ്ട്. കൗമാരപ്രായക്കാർക്ക് അത് ശരാശരി ഒൻപതു മണിക്കൂറെങ്കിലും േവണം. മുതിർന്നവർക്കാകട്ടെ ഏഴു മുതൽ എട്ടുമണിക്കൂർ വരെയും. കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറക്കം വൈദ്യശാസ്ത്രം നിർബന്ധമായും നിർദേശിക്കുന്നുണ്ട്. ശരീരത്തെ മാനസികമായും ശാരീരികമായും പിന്തുണയ്ക്കുന്ന ‘ജൈവഘടികാരം’ താളം തെറ്റാതെ സൂക്ഷിക്കാൻ വേണ്ടിയാണ് ഇത്രയും കൃത്യമായ ഉറക്കം നിർദേശിക്കുന്നത്. എന്നാൽ ഒന്നോ രണ്ടോ ദിവസത്തെ ഉറക്കം മുറിയുന്നത് വിഷാദരോഗത്തിലേക്കു നയിക്കുകയോ രോഗിയാക്കുകയോ ചെയ്യില്ല. മറിച്ച് ആരോഗ്യകരമായ ജീവിതം നയിക്കുന്നത് ഈ ജൈവഘടികാരം ദിവസവും കൃത്യമായി പാലിക്കണമെന്നാണു നിർദേശം. അല്ലെങ്കിൽ പണിപാളും.

ഒട്ടേറെ പഠനങ്ങൾ നേരത്തേത്തന്നെ ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഉറക്കമില്ലായ്മയ്ക്കും മാനസിക സമ്മർദത്തിനും മരുന്നു തേടി തന്റെ ക്ലിനിക്കിലെത്തിയ ഒരു അമേരിക്കൻ പൗരന്റെ കേസ് ചൂണ്ടിക്കാട്ടി റിച്ചാർഡ് ഫ്രീഡ്മേൻ എന്ന ക്ലിനിക്കൽ സൈക്യാട്രി പ്രഫസർ ഒരു ലേഖനവുമെഴുതിയിരുന്നു. അടുത്തിടെ ന്യൂയോർക്ക് ടൈംസ് സൺഡേ റിവ്യൂവിൽ വന്ന ലേഖനത്തിൽ അദ്ദേഹം കുറിക്കുന്നതിങ്ങനെ–‘യൂറോപ്പ് മുഴുവൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതാണ് അദ്ദേഹം. പക്ഷേ കനത്ത വിഷാദാവസ്ഥയിലേക്ക് വീണു പോകുന്നുവെന്നു സംശയം തോന്നി. കാരണമന്വേഷിച്ചു വന്നപ്പോൾ യാത്രയെക്കുറിച്ചും പറഞ്ഞു. ഞാൻ ഉറക്കഗുളികകളൊന്നും കുറിച്ചുകൊടുക്കാൻ നിന്നില്ല. അദ്ദേഹത്തിനു വേണ്ടിയിരുന്നത് കൃത്യമായ ‘ഡോസിലുള്ള’ ഉറക്കവും പിന്നെ രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കലുമായിരുന്നു. എല്ലാ അസുഖങ്ങളും അതോടെ മാറി’’.

ഹോർമോണുകളുടെ പ്രവർത്തനം, ശരീരതാപം നിയന്ത്രിക്കൽ, ദഹനം ഇതെല്ലാം പ്രസ്തുത ‘ജൈവഘടികാര’ത്തെ ആശ്രയിച്ചാണു നടക്കുക. 2001ൽ മിലാനിൽ നടന്ന ഒരു പഠനത്തെപ്പറ്റിയും ഫ്രീഡ്മേൻ പറയുന്നു.  ഉന്മാദവും വിഷാദവും മാറി മാറിവരുന്ന അവസ്ഥയായ ബൈപോളാർ ഡിസോർഡർ ബാധിച്ചവരിലായിരുന്നു ഗവേഷണം. അത്തരക്കാരില്‍ കിഴക്കോട്ട് തിരിഞ്ഞുള്ള മുറികളുള്ളവർ പടിഞ്ഞാറോട്ട് തിരിഞ്ഞ് മുറികളുള്ളവരെക്കാൾ നേരത്തേ ആശുപത്രി വിട്ടുവെന്നാണ് കണ്ടെത്തിയത്. അതായത് പ്രഭാതസൂര്യന്റെ പ്രകാശം ഒരു പ്രകൃതിദത്ത ‘ആന്റി ഡിപ്രസന്റ്’ ആയി പ്രവർത്തിക്കുന്നുവെന്നർഥം.

മരുന്നുകളെക്കാൾ വിഷാദരോഗികൾക്ക് കൃത്യമായ സമയത്ത് ഉറക്കവും ആവശ്യത്തിന് പകൽവെളിച്ചവും നൽകിയുള്ള ചികിത്സകളും പല ആശുപത്രികളിലും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂര്‍ സമയത്തിനിടെ ഉറക്കത്തിനും ഉണർവിനും ഓരോ ദിവസവും കൃത്യമായ ടൈംടേബിൾ സൂക്ഷിക്കുന്നതോടെ ഭൂരിപക്ഷം പേരുടെയും പ്രശ്നങ്ങൾ മാറുമെന്ന് അനുഭവസാക്ഷ്യങ്ങളുമേറെ. ഭക്ഷണത്തിൽ മഗ്നീഷ്യത്തിന്റെ അളവു കൂട്ടുന്നതും നല്ലതാണെന്നു പറയുന്നു ഗവേഷകർ. ശരീരത്തിന്റെ ജൈവഘടികാരത്തെ രാത്രിക്കും പകലിനും അനുസരിച്ച് ‘അഡ്ജസ്റ്റ്’ ചെയ്യുന്നതിൽ ഇത് നിർണായക പങ്കു വഹിക്കുന്നതാണു കാരണം.

Your Rating: