Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രോസ്റ്റേറ്റ് വീക്കം നിസാരമാക്കല്ലേ...

prostate-cancer

അൻപതു വയസ് പിന്നിട്ട പുരുഷൻമാരിൽ പ്രോസ്‌റ്റേറ്റ് വീക്കത്തിനുള്ള സാധ്യത വർധിച്ചുവരുന്നതായി യൂറോളജി വിദഗ്‌ധർ. പ്രോസ്‌റ്റേറ്റ് കാൻസറിന്റെ നിരക്കിലും 2.5% വർധനവ് ഉണ്ടായതായി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ത്യൻ പുരുഷൻമാരിൽ കണ്ടുവരുന്ന അർബുദ രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് പ്രോസ്‌റ്റേറ്റ് കാൻസറിന്. വളരെ സവധാനത്തിൽ പടരുന്ന കാൻസറായതിനാൽ ഏറെ വൈകിയാവും ഈ രോഗം മിക്കപ്പോഴും തിരിച്ചറിയുക.

സാധാരണയിലും അധികമായി മൂത്രമൊഴിക്കണമെന്ന തോന്നലാണു പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന്റെ ലക്ഷണങ്ങളിൽ ഒന്ന്. അതുകൊണ്ടുതന്നെ രാത്രിയിൽ പലപ്രാവശ്യം ഉണരേണ്ടിവരുന്നു. ഉടൻ മൂത്രമൊഴിക്കണമെന്നു തോന്നുന്നതിനാൽ അതു മാറ്റിവയ്‌ക്കാൻ സാധിക്കാതെ വരുന്നു. അറിയാതെ മൂത്രം പോകുക, വളരെ കുറച്ചുമാത്രം മൂത്രം പോകുക, മുറിഞ്ഞ് മുറിഞ്ഞ് മൂത്രം പോകുക, മൂത്രമൊഴിക്കുന്നതിനായി ആയാസപ്പെടേണ്ടിവരിക, മൂത്രം പോകുന്നതിനിടെ നിന്നു പോകുകയും വീണ്ടും മൂത്രമൊഴിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പ്രോസ്‌റ്റേററ് ഗ്രന്ഥിവീക്കത്തിന്റെ മറ്റു ലക്ഷണങ്ങൾ.

പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജൻ (പിഎസ്‌എ) തിരിച്ചറിയുന്നതിനുള്ള ലളിതമായ രക്തപരിശോധനയിലൂടെ വളരെയെളുപ്പത്തിൽ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തിരിച്ചറിയാനാകും. വീക്കം മാത്രമേയുള്ളോ കാൻസറിന്റെ ലക്ഷണങ്ങളുണ്ടോയെന്നതും പരിശോധനയിലൂടെ മനസിലാക്കാം.

സ്‌ത്രീകളിലെ സ്‌തനാർബുദം പോലെതന്നെ പ്രധാനപ്പെട്ടതാണ് പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് കാൻസർ. രോഗ ലക്ഷണങ്ങൾ പുറത്തു പറയാൻ മടിക്കുന്നത് പലപ്പോഴും പ്രശ്‌നമാകാറുണ്ട്. നേരത്തെ രോഗം കണ്ടെത്തുകയും കൃത്യമായ ചികിത്സകൾ നടത്തുകയും ചെയ്‌താൽ പ്രോസ്‌റ്റേറ്റിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.
ജീവിതദൈർഘ്യം വർദ്ധിക്കുന്നതിന് അനുസരിച്ച് പ്രായമായ പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റിന്റെ വീക്കം കാണാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും ശരിയായ ചികിത്സ നടത്തുന്നതിനുമുള്ള ബോധവത്‌കരണത്തിലൂടെ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിനു മരുന്നുകൾ കഴിച്ചാൽ മതിയാകും. ശസ്‌ത്രക്രിയ, റേഡിയേഷൻ തെറപ്പി, മരുന്നുകൾ എന്നിങ്ങനെ പ്രോസ്‌റ്റേറ്റ് കാൻസറിന് വിവിധ ചികിത്സകൾ ലഭ്യമാണ്.

വിവരങ്ങൾ
ഡോ. സഞ്ജയ് ഭട്ട്,
പ്രഫസർ, കൺസൾട്ടന്റ് യൂറോളജിസ്‌റ്റ്,
രാജഗിരി ഹോസ്‌പിറ്റൽ, എറണാകുളം

ഡോ. ദാമോദരൻ നമ്പ്യാർ,
സീനിയർ കൺസൾട്ടന്റ് ഇൻ യൂറോളജി
എച്ച്.ഒ.ഡി യൂറോളജി വിഭാഗം,
ലിസി ഹോസ്‌പിറ്റൽ, എറണാകുളം