Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ പ്രമേഹം കൂടുന്നു

diabetes-general

സ്കൂൾ കുട്ടികൾക്കിടയിൽ പ്രമേഹരോഗികൾ വർധിക്കുന്നത് കേരളം തിരിച്ചറിയേണ്ട സത്യം. രോഗം പിടിപെടുന്നത് ഒൻപതും പത്തും വയസ്സിലാണെന്നതാണു ശ്രദ്ധേയം. ടൈപ്പ് 1 പ്രമേഹത്തിനൊപ്പം മുതിർന്നവർക്കു പിടിപെടുന്ന ടൈപ്പ് 2 പ്രമേഹവും സംസ്ഥാനത്ത് ഏറിയിട്ടുണ്ട്. വൃക്കരോഗികളുടെ എണ്ണത്തിൽ അടുത്ത കാലത്ത് വൻതോതിൽ വർധനയുണ്ടായത് പ്രമേഹത്തിന്റെ അനന്തരഫലമാണ്. വൃക്കരോഗികളിൽ 80 ശതമാനം വരെ പ്രമേഹരോഗികൾ. കാഴ്ചയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നും പ്രമേഹം തന്നെ.

കേരളത്തിൽ പ്രമേഹം കൂടാനുള്ള കാരണങ്ങൾ

അനാരോഗ്യകരമായ ഭക്ഷണരീതി– അരിയാഹാരം കൂടുതൽ കഴിക്കുന്നു.

പച്ചക്കറികൾ കുറവ്.

പ്രഭാതഭക്ഷണം പലപ്പോഴും ഒഴിവാക്കുന്നു – പ്രത്യേകിച്ചു സ്കൂൾ കുട്ടികൾ. (പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം 30% വരെ കൂടും. 80% ടൈപ്പ് 2 പ്രമേഹവും അമിതവണ്ണം മൂലമാണ്. ശരീരഭാരം കുറച്ചാൽ ടൈപ്പ് 2 പ്രമേഹം തടയാം.)

ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായവ, സോഫ്‌റ്റ്‌ ഡ്രിങ്ക്‌സ്, കൃത്രിമ മധുരം എന്നിവയുടെ അമിതോപയോഗവും പ്രമേഹസാധ്യത കൂട്ടുന്നു.

വ്യായാമക്കുറവ് – വ്യായാമം ജീവിതചര്യയുടെ ഭാഗമല്ല. സ്കൂൾ കുട്ടികൾക്ക് കളിസ്ഥലം പോലുമില്ല. സൈക്കിൾ ഉപയോഗം കുറഞ്ഞതോടെയാണ് പ്രമേഹരോഗികളുടെ എണ്ണം കൂടിയത്.

സ്ത്രീകളുടെ ശ്രദ്ധയ്ക്ക് – കേരളത്തിൽ 44 ശതമാനത്തിലേറെ സ്‌ത്രീകൾക്കും അരവണ്ണം കൂടുതലാണ് ഇതാണു ടൈപ്പ് 2 പ്രമേഹത്തിനു പ്രധാനകാരണം. അശാസ്‌ത്രീയമായ പ്രസവാനന്തര ശുശ്രൂഷ, വ്യായാമക്കുറവ്, ഗർഭിണികൾക്ക് ആവശ്യത്തിലേറെ ആഹാരം കൊടുക്കുന്ന പ്രവണത തുടങ്ങിയവയാണു കാരണം.

ചികിൽസ – പാർശ്വഫലങ്ങളില്ലാത്ത സുരക്ഷിത ഔഷധങ്ങൾ ലഭ്യം. ലോകത്ത് പ്രമേഹരോഗത്തിന്റെ ചികിൽസയ്ക്കായി ചെലവിടുന്നത് ബില്യൺ ഡോളർ. തുടക്കത്തിലേ കണ്ടെത്തിയാൽ പ്രമേഹത്തെ പൂർണമായും മാറ്റുന്ന മരുന്നുകൾ ലഭ്യമാണ്. പ്രമേഹം വിവാഹബന്ധത്തിനും പ്രസവത്തിനും തടസ്സമല്ല.

പ്രമേഹവും ആയുർവേദവും

ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി നടത്തികൊണ്ടിരിക്കുന്ന കഫം, പിത്തം, വാതം എന്നീ ത്രിദോഷങ്ങൾക്കും ഊർജ ഉൽപാദക ശക്‌തികളായി പ്രവർത്തിക്കുന്ന രസം, രക്‌തം, മാംസം, മേദസ്, അസിഥി, മജ്‌ജ, ശുക്ലം എന്നീ ധാതുക്കൾക്കും തകരാർ സംഭവിച്ചാണു പ്രമേഹമുണ്ടാകുന്നത്. ശരിയായ ആഹാരക്രമം, കൃത്യമായ വ്യായാമം, അനുയോജ്യമായ ശരീരഭാരം നിലനിർത്തൽ, ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ലഭ്യമാക്കൽ, സമചിത്തത എന്നിവയാണു ചികിൽസയിൽ ശ്രദ്ധിക്കേണ്ടവ.

നിശാകതകാദി കഷായം, കതകഖദിരാദി കഷായം, നീരുര്യാദി ഗുളിക, ശ്വേത ഗുഞ്‌ജാദി ഗുളിക, ശുദ്ധി ചെയ്‌ത കൻമദം, ധാന്വന്തര ഘൃതം തുടങ്ങി ആയുർവേദം നിഷ്‌ക്കർഷിക്കുന്ന ഔഷധങ്ങൾ ഒട്ടേറെ.

15 മി.ലീ. നെല്ലിക്കാനീരിൽ അര ടീ സ്‌പൂൺ മഞ്ഞൾപ്പൊടി ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഏറെ ഉത്തമമാണ്. ഏക നായകം ചതച്ചിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക, 15 മി. ലീ. കറുകനീര് രാവിലെ വെറുംവയറ്റിൽ കഴിക്കുക, പാവയ്‌ക്കാ നീര് അര ഗ്ലാസ് രാവിലെ വെറും വയറ്റിൽ സേവിക്കുക തുടങ്ങിയ ഒറ്റമൂലികളും ആയുർവേദം മുന്നോട്ടു വയ്‌ക്കുന്നു.

പ്രമേഹത്തിന് ചക്ക നല്ലതോ?

നല്ലതെന്നു പറയുന്നു ജാക്ക്ഫ്രൂട്ട് 365. കോം സ്ഥാപകനും ബ്രാൻഡ് അംബാസഡറുമായ ജയിംസ് ജോസഫ്.

പഴുക്കാത്ത ചക്കയിൽ നാരുകൾ എറെയുണ്ട്. ചോറിനു പകരമായി ചക്കപ്പുഴുക്ക് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നില്ലയെന്നു വ്യക്തമായിട്ടുണ്ട്. ജീവകങ്ങളും മൂലകങ്ങളും നാരുകളും കൊണ്ടു സമ്പന്നമായ നാടൻ ഫലമായ ചക്കയെ മറന്ന് ഓസ്ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓട്സിനു പിന്നാലെയാണ് ഇന്നു മലയാളിയെന്നും ജയിംസ് ജോസഫ് ചൂണ്ടിക്കാട്ടുന്നു.