Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹരോഗി പേടിക്കണോ?

പ്രമേഹരോഗികളില്‍ ഏറ്റവും ഉത്കണ്ഠ ഉണ്ടാക്കുന്ന ലക്ഷണം ഒരുപക്ഷേ നീരുതന്നെയായിരിക്കും. കാലിലോ, മുഖത്തോ നീരു കാണുന്ന മാത്രയില്‍ തന്നെ പലരും ഓടിയെത്തുന്നു: ഡോക്ടറെ, കിഡ്നിക്ക് വല്ലതും...? ഇവരുട ഉത്കണ്ഠ അസ്ഥാനത്തല്ല. 30 ശതമാനത്തോളം രോഗികളില്‍ പ്രമേഹം വൃക്കകളെ ബാധിക്കുന്നു.

പ്രമേഹം വൃക്കകളെ എങ്ങനെ ബാധിക്കുന്നു?

രക്തത്തിലെ ഗൂക്കോസിന്റെ അളവ് അമിതമായി കൂടുന്ന അവസ്ഥയാണു പ്രമേഹം. ഈ സ്ഥിതി ദീര്‍ഘനാള്‍ തുടരുകയാണെങ്കില്‍ മൂത്രത്തില്‍ ആല്‍ബുമിന്‍ എന്ന മാംസ്യം (പ്രോട്ടീന്‍) കണ്ടുതുടങ്ങുന്നു. രക്തത്തില്‍ സാധാരണ കാണുന്ന ഈ പ്രോട്ടീന്‍ ആദ്യമൊക്കെ ചെറിയ അളവിലാണു മൂത്രത്തില്‍ കാണുന്നത്. നാളു കഴിയുന്തോറും കൂടുതല്‍ അളവില്‍ ആല്‍ബുമിന്‍ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. ഇതോടെ വൃക്കകളുടെ പ്രവര്‍ത്തനത്തിനു സാരമായ തകരാറുണ്ടാകുന്നു.

ദൂഷ്യവസ്തുക്കള്‍ പൂര്‍ണമായും വിസര്‍ജിക്കാനാകാതെ വരുന്നതിനാല്‍ രക്തത്തില്‍ ഇവയുടെ അളവു ക്രമാതീതമായി കൂടുന്നു. മാത്രമല്ല ശരീരത്തിലെ വിവിധ ലവണങ്ങളുടെ അളവില്‍ വ്യതിയാനവും സംഭവിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി രോഗിക്കു നീരും ക്ഷീണവും കലശലാകുന്നു. വൃക്കരോഗം ഗുരുതരമായി എന്നര്‍ഥം. ഈ ഘട്ടത്തില്‍ വൃക്കകളുടെ പ്രവര്‍ത്തനം ഡയാലിസിസിലൂടെ കൃത്രിമമായി നിര്‍വഹിച്ചേ മതിയാകൂ. അല്ലെങ്കില്‍ വൃക്ക തന്നെ മാറ്റിവച്ച് വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ പഴയതുപോലെ ആക്കിയാല്‍ മാത്രമേ ശരീരപ്രവര്‍ത്തനങ്ങള്‍ സാധാരണമാകാറുള്ളൂ. എന്നാല്‍ ഇങ്ങനെയൊരവസ്ഥ ഉണ്ടാകാതെ നോക്കാന്‍ പ്രമേഹരോഗിക്കു കഴിയും.

വൃക്കപരാജയം ഒഴിവാക്കാം

തീര്‍ച്ചയായും ഈ അവസ്ഥ ഒഴിവാക്കാനാകും. നമുക്ക് ഏറെ പ്രത്യാശ നല്‍കുന്ന പല പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. 1982ല്‍ തുടങ്ങി 93ല്‍ പൂര്‍ത്തിയായ ഡി സി സി റ്റി എന്ന പഠനത്തില്‍ ചിട്ടയായി പ്രമേഹം നിയന്ത്രിക്കുന്നതു വഴി വൃക്കരോഗനിരക്കു ഗണ്യമായി കുറയ്ക്കുവാനാകുമെന്നു കണ്ടെത്തിയിരുന്നു. ചിട്ടയായി ചികിത്സച്ചവര്‍ക്ക് ചിട്ടയില്ലാതെ ചികിത്സച്ചവരെ അപേക്ഷിച്ചു വൃക്കരോഗവും നേത്രരോഗവും വളരെ കുറവായിരുന്നു.

ഇതു പഴയ വാര്‍ത്ത. എന്നാല്‍ പുതിയ വാര്‍ത്തകള്‍ നമുക്കു ലഭ്യമായിരിക്കുന്നു. 1994ല്‍ തുടങ്ങി 2006വരെ ഡി സി സി റ്റിയില്‍ പഠനവിധേയരായവരെ തുടര്‍ന്നും നിരീക്ഷിച്ചു. ഈ കാലയളവില്‍ മുമ്പു നന്നായി ചികിത്സിച്ചിരുന്നവരും ചികിത്സ നല്ലതായിരുന്നില്ലാത്തവരും തമ്മില്‍ ചികിത്സയില്‍ വലിയ വ്യത്യാസമില്ലാതായി. ഇരുകൂട്ടരുടെയും പ്രമേഹത്തിന്റെ അവസ്ഥ ഏതാണ്ടു തുല്യമായി എന്നു സാരം. എന്നാല്‍ പഠനഫലം തീര്‍ത്തും അതിശയകരമായിരുന്നു. തുടക്കത്തില്‍ നന്നായി ചികിത്സിച്ചിരുന്നവരുടെ നിയന്ത്രണം പില്‍ക്കാലത്ത് അല്‍പം മോശപ്പെട്ടുവെങ്കിലും ഇക്കൂട്ടര്‍ക്കു വര്‍ഷങ്ങള്‍ക്കുശേഷവും വൃക്കരോഗം ഗണ്യമായി കുറവായിരുന്നു. ഇവിടെ കാര്യങ്ങള്‍ വ്യക്തമാകുന്നു. പ്രമേഹം നന്നായി നിയന്ത്രിക്കണം. ഇതു തുടക്കത്തിലെ ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം.

പ്രമേഹരോഗി ശ്രദ്ധിക്കേണ്ടത്

. പുകവലി തുടങ്ങാതിരിക്കുക, പ്രമേഹരോഗി പുകവലിക്കുന്നുവെങ്കില്‍ പൂര്‍ണമായി നിര്‍ത്തുക. . മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നുവെങ്കില്‍ ഉടന്‍ ചികിത്സിക്കുക. . രക്തത്തിലെ കൊളസ്ട്രോള്‍ നന്നായി നിയന്ത്രിക്കുന്നതും അത്യാവശ്യമാണ്. . അധികം ശരീരഭാരം ഒഴിവാക്കണം. ഭക്ഷണക്രമീകരണവും വ്യായാമവും ശീലമാക്കണം. . കൃത്യമായി ചികിത്സിക്കണം. പരിശോധനകള്‍ ക്രമമായി ചെയ്യണം.

മുടങ്ങാതെ പരിശോധനകള്‍

അവസരം ലഭിക്കുമ്പോഴൊക്കെ രക്തത്തിലെ പഞ്ചസാര പരിശോധിക്കുക. ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ചു സ്വയം പരിശോധിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയും പരിശോധിക്കേണ്ടതുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനവൈകല്യം മുന്‍കൂട്ടി തന്നെ തിരിച്ചറിയാന്‍ മൂത്രത്തിലെ ആല്‍ബുമിന്റെ അളവു നിര്‍ണയിക്കുന്നതിലൂടെ സാധിക്കും. മൂത്രത്തില്‍ 300 മില്ലീഗ്രാമില്‍ അധികം ആല്‍ബുമിന്‍ പോകുന്നുവെങ്കില്‍ (മൈക്രോ ആല്‍ബുമിനൂറിയ) പ്രമേഹവും രക്തസമ്മര്‍ദവും നന്നായി തന്നെ നിയന്ത്രിക്കണം. നേത്ര , ഹൃദയ പരിശോധനകളും വര്‍ഷത്തിലൊരിക്കലെങ്കിലും ചെയ്യണം.

വൃക്കപരാജയ സാധ്യത പ്രമേഹരോഗിയില്‍

വൃക്കപരാജയം എല്ലാ പ്രമേഹരോഗികളിലും ഉണ്ടാകില്ല. ആരിലാണു വൃക്കപരാജയം ഉണ്ടാകാവുന്നത് എന്ന് ഉറപ്പിച്ചു പറയാന്‍ വിഷമമാണ്. എന്നാലും വൃക്കപരാജയത്തിനു സാധ്യത കൂട്ടുന്ന നിരവധി ഘടകങ്ങളുണ്ട്. . കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും വൃക്കപരാജയം ഉണ്ടായിട്ടുണ്ടെങ്കില്‍ വൃക്കപരാജയ സാധ്യത തീര്‍ച്ചയായും കൂടുന്നു. . പ്രമേഹനിയന്ത്രണം മോശമായിരിക്കുന്നതും രോഗത്തിന്റെ പഴക്കവും പ്രധാന അപായഘടകങ്ങളാണ്. . അമിതരക്തസമ്മര്‍ദം വൃക്കരോഗസാധ്യത ഗണ്യമായി കൂട്ടും. . പുകവലി വൃക്കപരാജയം ത്വരിതപ്പെടുത്തും. . അമിതവണ്ണവും നന്നല്ല.

നമ്മുടെ വൃക്കകള്‍ എന്തു ചെയ്യുന്നു?

ശ്വാസകോശത്തിനു താഴെ നട്ടെല്ലിനു ഇരുവശത്തുമായി ഏകദേശം ഒരു മുഷ്ടിയോളം വലുപ്പത്തില്‍ (ഏതാണ്ട് 10 സെമീ നീളം, 56 സെമീ വീതി, നാലു സെമീ കനം) പയറിന്റെ ആകൃതിയുള്ള ഒരു ജോടി അവയവമാണു വൃക്കകള്‍. രക്തം ശുദ്ധീകരിക്കുകയും ശരീരമാലിന്യങ്ങളോ പുറത്തുകളയുകയുമാണ് ഇവയുടെ പ്രധാന ജോലി. മലിനവസ്തുക്കള്‍ അടങ്ങിയ മൂത്രം മൂത്രനാളി (യൂറീറ്റര്‍) വഴി മൂത്രസഞ്ചിയില്‍ ശേഖരിക്കുന്നു. പിന്നീട് മൂത്രദ്വാരംവഴി പുറത്തേക്കു പോകും. ആരോഗ്യവാനായ ഒരാള്‍ ഒരു ദിവസം അരലീറ്റര്‍ മുതല്‍ രണ്ടു ലീറ്റര്‍ വരെ മൂത്രം പുറന്തള്ളും.

ഏകദേശം നൂറ്റിയിരുപതു ലീറ്ററോളം രക്തം വൃക്കകള്‍ ഒരു ദിവസം ശുദ്ധീകരിക്കുന്നു. എന്നാല്‍ ശരീരത്തിലെ രക്തനിര്‍മിതിക്ക് ആവശ്യമായ എരിത്രോ പോയിറ്റില്‍, രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിന് ആവശ്യമായ റെനിന്‍ എന്ന ഹോര്‍മോണ്‍ എന്നിവയുടെ ഉല്‍പാദനവും വൃക്കയാണ് നിര്‍വഹിക്കുന്നത്. സോഡിയം അഥവാ ഉപ്പിന്റെ അംശത്തിന്റെ നിയന്ത്രണം, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള ലവണങ്ങളുടെ അളവ് എന്നിവ നിയന്ത്രിച്ചു നിര്‍ത്തുന്നതും വൃക്കകളാണ്. ഇവയ്ക്കു പുറമേ സൂക്ഷ്മതലത്തിലുള്ള നിരവധി ധര്‍മങ്ങള്‍ വൃക്കകള്‍ക്കുണ്ട്.

_ഡോ ശ്രീജിത്ത് എന്‍ കുമാര്‍ ചെയര്‍മാന്‍, ഡയബെറ്റിക് കെയര്‍ സെന്റര്‍, ഇന്ത്യന്‍ ഡയബെറ്റിസ് എഡ്യുക്കേഷന്‍ അസോസിയേഷന്‍, തിരുവനന്തപുരം._