Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്ലനായി ഡിഫ്തീരിയ

vaccine

വയനാട് ജില്ലയുടെ പല ഭാഗങ്ങളിലും ഡിഫ്തീരിയ(തൊണ്ടമുള്ള്) വ്യാപകമായി പടരുന്നതായി റിപ്പോർട്ട്.

ശിശുക്കൾക്കു നൽക്കുന്ന ഡിപിടി പ്രതിരോധ വാക്സിനാണു ഡിഫ്തീരിയയെ ചെറുക്കുന്നത്. വില്ലൻചുമ, ടെറ്റനസ് എന്നിവയ്ക്കെതിരെയും ഇതേ വാക്സിൻ പ്രതിരോധം നൽകും. ഈ സാഹചര്യത്തിൽ ഡിഫ്തീരിയ എന്താണെന്നും രോഗത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും നോക്കാം.

ഡിഫ്തീരിയ എന്ത്, എങ്ങനെ?

∙ രോഗമുണ്ടാക്കുന്നതു കോറിനേബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയയാണ്.

∙ രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച കപ്പ്, ടവൽ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ മറ്റൊരാളിലേക്ക് രോഗം പകരാം.

∙ തൊണ്ടവേദനയാണു തുടക്കം. വെള്ളമിറക്കാനോ ആഹാരം കഴിക്കാനോ പറ്റാത്ത വിധത്തിൽ വേദനയുണ്ടാകും.

∙ തൊണ്ടയിൽ പാടയുണ്ടായി ശ്വസനം തടസ്സപ്പെടും.

∙ ബാക്ടീരിയ ഉണ്ടാക്കുന്ന വിഷം ഹൃദയത്തെ ബാധിക്കും.

∙ ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിക്കാം.

തൊണ്ടവേദനയിൽ തുടക്കം. മരണകാരണം ഹൃദയസ്തംഭനം

∙ ബാക്ടീരിയ വന്നുകയറിയാൽ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തൊണ്ടവേദന തുടങ്ങും. തൊണ്ടയിൽ വെള്ളനിറത്തിലോ ചാരം കലർന്ന വെള്ളനിറത്തിലോ പാടയുണ്ടാകും. ദിവസം ചെല്ലുന്തോറും പാടയുടെ വലിപ്പം കൂടിവരും.

∙ ഇതു പിന്നീട് അതികഠിനമായ തൊണ്ടവേദനയായി മാറും. വെള്ളമിറക്കാനോ ഭക്ഷണം കഴിക്കാനോ പറ്റാത്തവിധമാകും. ചില കേസുകളിൽ തൊണ്ടയ്ക്കു വീക്കമുണ്ടാകും. പനിയുമുണ്ടാകും.

∙ ശ്വസനത്തെ ബാധിക്കുന്നത് അടുത്ത ഘട്ടത്തിലാണ്. തൊണ്ടയിൽ ശക്തമായി പടരുന്ന പാട ശ്വസനത്തെ തടസ്സപ്പെടുത്തും. ശ്വാസകോശത്തിന്റെ പ്രവർത്തനം തടസ്സപ്പെടും. ശ്വാസമെടുക്കാന്‍ പ്രയാസമുണ്ടാകും.

∙ ഡിഫ്തീരിയ ഉണ്ടാക്കുന്ന ബാക്ടീരിയ ഒരു വിഷം ഉൽപാദിപ്പിക്കും. ഈ വിഷം സാവധാനത്തിൽ ഹൃദയത്തിലെ പേശികളെയും ബാധിക്കും. പേശികൾക്കു വീക്കമുണ്ടാകും(മയോകാർഡൈറ്റിസ്). തുടർന്നു ഹൃദയസ്തംഭനമുണ്ടായി മരണവും.

മരുന്നിനും ആകില്ല രക്ഷിച്ചെടുക്കാൻ

മരുന്നായി നൽകുന്നത് ഒരു പ്രത്യേക സീറമാണ്. ബാക്ടീരിയ ഉണ്ടാക്കുന്ന വിഷത്തെ പ്രതിരോധിക്കാനുള്ള ആന്റിടോക്സിൻ ആണത്. വിഷബാധ മൂലം കേടുവന്ന കോശങ്ങളെ രക്ഷിക്കാൻ മരുന്നിനു കഴിയില്ല. ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കാനേ കഴിയൂ. ചെറുപ്പത്തിലേ പ്രതിരോധ കുത്തിവയ്പെടുത്താൽ രോഗം ഉണ്ടാകില്ല.

പ്രതിരോധിക്കാം ഇൗ വില്ലനെ

രോഗങ്ങൾ നമ്മുടെ വീട്ടിലും എത്തുന്നതിനു കാത്തുനിൽക്കാതെ പ്രതിരോധ കുത്തിവയ്‌പ് എടുക്കാൻ ഓരോ വ്യക്‌തിയും മനസ്സുവയ്‌ക്കണം. പ്രതിരോധ കുത്തിവയ്‌പുകൾ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ പൂർണമായും സൗജന്യമാണ്. തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും നിശ്‌ചിത ദിവസങ്ങളിൽ സേവനം ലഭിക്കും. ഓരോ വീട്ടിലും കുട്ടികൾ പ്രതിരോധ കുത്തിവയ്‌പ് എടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. കുത്തിവയ്‌പ് എടുക്കാത്തവരോ ഭാഗിമായി എടുത്തവരോ ഉണ്ടെങ്കിൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ അറിയിക്കണം. വീടുകളിൽ ബോധവൽക്കരണത്തിനെത്തുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരോടോ ആശാപ്രവർത്തകരോടോ അറിയിക്കുകയുമാകാം.

Your Rating: