Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അസുഖങ്ങൾ സിനിമയിലെ നടീനടന്മാർക്കേ വരൂ...

film-disease

'തന്മാത്ര' എന്ന സിനിമ കണ്ടപ്പോഴാണ് പലരും അൽഷിമേഴ്സ് അഥവാ മറവി രോഗത്തെക്കുറിച്ച് ബേജാറായിത്തുടങ്ങിയത്. തന്മാത്ര പോലെ രോഗത്തിന്റെ അവസ്ഥകൾ കുറച്ചെങ്കിലും യാഥാർഥ്യബോധത്തോടെ പങ്കുവച്ച സിനിമകൾ മലയാളത്തിൽ കുറവാണെന്നു പറയാം. വാണിജ്യ രസതന്ത്രത്തിൽ പ്രമുഖ സ്ഥാനം ലഭിക്കാറില്ലെങ്കിലും അമീബ, വലിയ ചിറകുള്ള പക്ഷികൾ പോലെയുളളവ ആരോഗ്യപ്രശ്നങ്ങൾ പങ്കുവച്ച് ഇതിന് അപവാദമായി ഇടയ്ക്ക് എത്താറുണ്ട്. എച്ച്ഐവി പോലെയുള്ള ശാരീരികാവസ്ഥകൾ സിനിമയുടെ പടിക്ക് പുറത്താണ്. നായകന് വേണ്ടത്ര അനുകമ്പ കിട്ടില്ലെന്ന ഭയമായിരിക്കാം എച്ച്ഐവിയെ സിനിമ അകറ്റി നിർത്താൻ കാരണം.

നായകന് വരുന്നെങ്കിൽ അത് ആയിരത്തിലൊരാൾക്ക് വരുന്ന അസുഖമായിരിക്കും അതല്ലെങ്കൽ നായികയ്ക്ക് ബാം പുരട്ടാനും ശുശ്രൂഷിക്കാനും മാത്രമുള്ള ജലദോഷമോ തലവേദനയോ മറ്റോ. മലയാളസിനിമയുടെ ആദ്യ കാലത്ത് ക്ഷയം പോലെയുള്ള അസുഖങ്ങളായിരുന്നു നായകന് പിടിപെട്ടിരുന്നത്(വിരുതൻ ശങ്കു, ഓടയില്‍നിന്ന്, ഡോക്ടർ). കാരണം മരണം വിതച്ചിരുന്ന ക്ഷയരോഗം രാജ്യത്തെ ഭയപ്പെടുത്തിയിരുന്ന ആ കാലഘട്ടത്തന്റെ പരിച്ഛേദമായിരുന്നു ആ സിനിമകൾ. സാഹിത്യത്തിലും അഭ്രപാളികളിലും അന്നത്തെ ജീവിതാവസ്ഥയുടെ പ്രതിഫലനങ്ങളായി ആ രംഗങ്ങൾ മാറി. ക്ഷയരോഗം നിയന്ത്രണ വിധേയമായതോടെ സാഹിത്യവും സിനിമയും ആ അസുഖത്തെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു.

പിന്നീട് സിനിമയിൽ ഇടംപിടിച്ചത് ഹൃദ്രോഗവും രക്താർബുദവുമായിരുന്നു. മകനെ പൊലീസ് പിടിച്ചതറിഞ്ഞ് നെഞ്ചുപൊട്ടിമരിക്കാനായിരുന്നു പല അച്ഛമ്മാരുടെയും വിധി. കാൻസർ എന്ന മഹാമാരി ജനജീവിതത്തിൽ പിടിമുറുക്കിയത് തിരിച്ചറിഞ്ഞതിനൊപ്പം നാം കാൻസർ രോഗിയായ അമ്മയുടെ അനാഥരായ മക്കൾക്കായി ഏറെ കണ്ണീരൊഴുക്കി.

തമാശ സിനിമകൾ ഭ്രാന്തിന്റെയും മാനസിക രോഗത്തിന്റെയും സാധ്യതകളെ പരമാവധി ഉപയോഗിച്ചു എന്നു പറയാം. ആരാന്റമ്മയ്ക്ക് ഭ്രാന്തുപിടിച്ചാൽ കാണാൻ ചേലായത് കൊണ്ട് നമ്മുടെ പൊട്ടിച്ചിരികൾക്ക് ഭ്രാന്തൻമാർ രസം പകർന്നു. ഒരു സിനിമയിലെ നായകന്മാരെല്ലാം മാനസിക രോഗികളായ എത്രസിനിമകളാണ് മലയാളത്തിലിറങ്ങി ഹിറ്റായതെന്ന് കണക്കെടുക്കേണ്ടി വരും. സ്ക്രീസോഫ്രീനിയയും മൾട്ടിപ്പിൾ പേഴ്സണാലിറ്റിയുമൊക്കെ മനോരോഗ വിദഗ്ധരെ അമ്പരപ്പിക്കുന്ന ലക്ഷണങ്ങളോടെ അഭ്രപാളികളിലെത്തി.

നാട്ടിലെ പല രോഗങ്ങൾ‌ക്കും ഒരു ഗുമ്മു പോരാത്തതുകൊണ്ട് വിദേശത്തുനിന്നും പല രോഗങ്ങളെയും ഇറക്കുമതി ചെയ്യാനും സിനിമ തയാറായി. വിചിത്രമായ പേരുള്ള മാനസിക രോഗങ്ങളും ലക്ഷത്തിലൊരാൾക്ക് ബാധിക്കുന്ന അമേരിക്കയിൽ മാത്രം മരുന്നുള്ള അപൂർവ രോഗങ്ങളും സിനിമയിൽ പ്രത്യക്ഷപ്പെട്ടു. ജോണി വാക്കറിൽ സംവിധായകനു പോലും താത്പര്യമില്ലാതെ മമ്മൂട്ടിയെ രോഗിയാക്കേണ്ടി വന്നു. മമ്മൂട്ടി കോളജിൽ പോയതിന് ഒരു കാരണം കണ്ടെത്താനാണത്രേ കാഴ്ച നഷ്ടപ്പെടുന്ന പ്രത്യേക രോഗം ഉണ്ടായത്.‌

മൂക്കിൽനിന്നും ചോര വന്നാൽ കാൻസറാണെന്ന സങ്കൽപ്പം നമുക്ക് തന്നത് സിനിമയാണ്. മർദ്ദവ്യതിയാനവും മറ്റും ഇത്തരത്തിൽ രക്തപ്രവാഹത്തിന് കാരണമാകുമെന്ന് നാം പിന്നീട് മനസിലാക്കി. അതേപോലെ രക്തദാനത്തിനും അവയവദാനത്തിനുമൊക്കെ വളരെയേറെ തെറ്റിദ്ധാരണ സിനിമകളുണ്ടാക്കിയെന്നും പറയേണ്ടി വരും.

നായിക ദാനം ചെയ്ത കണ്ണും ഹൃദയവുമൊക്കെ തേടി നായകനെത്തുന്ന കാഴ്ചകൾ മലയാളത്തിലുണ്ടായി. അര്‍ബുദം മരണമുറപ്പിക്കേണ്ട രോഗം തന്നെയാണെന്ന് സിനിമയാണ് നമ്മോട് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത്. ഏതായാലും ഇതിനൊക്കെ പരിഹാരമെന്നവണ്ണം ആരോഗ്യ രംഗത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിസ്തുലമായ സ്ഥാനം വഹിക്കുന്നത് സിനിമാലോകം തന്നെയാണ്.