Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായയുടെ കടിയേറ്റാൽ?

dog

പേ വിഷബാധയ്ക്കെതിരെ ‘വാക്സിൻ’ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ലൂയിപാസ്ചറിന്റെ ചരമ വാർഷികമായ ഇന്ന് ലോകം മുഴുവൻ പേ വിഷബാധ ജാഗ്രതാ ദിനമായി ആചരിക്കും. പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണം, വളർത്തുനായകൾക്ക് പ്രതിരോധകുത്തിവെപ്പ്, തെരുവുനായകളുടെ വംശവർധന തടയാൻ അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എബിസി പ്രോഗ്രാം) നടപ്പാക്കൽ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും.

ചില വസ്തുതകൾ

∙ പേ ബാധിച്ച നായയുടെ കടിയേൽക്കുമ്പോൾ അവയുടെ ഉമിനീരിൽ നിന്നുള്ള വൈറസ് രോഗം പരത്തുന്നു.
∙ കടിച്ച ഭാഗത്തുള്ള ഞരമ്പുകൾ വഴി സുഷ്മനാ കണ്ഡം വഴി തലച്ചോറിൽ അണുക്കൾ എത്തുകയും രോഗലക്ഷണം കാണിക്കുകയും ചെയ്യുന്നു. അവിടെ നിന്ന് അണുക്കൾ ഉമിനീരിൽ പ്രവേശിക്കുന്നു.
∙ സാധാരണ പേപ്പട്ടി കടിച്ചാൽ ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നു. ഇത് ഒരാഴ്ചയ്ക്കുള്ളിലും ഒരു വർഷത്തിനപ്പുറവും ആകാം. ഇത് കടി കിട്ടിയ ഭാഗങ്ങളെ ആശ്രയിച്ചിരിക്കും.

ലക്ഷണങ്ങൾ രണ്ട് തരം

∙ ഫ്യൂറിയസ് ഫോം :സ്വഭാവത്തിലെ വ്യത്യസ്തത. വെള്ളത്തോടും വെളിച്ചത്തോടും കാറ്റിനോടും പേടി. തുടർന്ന് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം നിലയ്ക്കുന്നതു മൂലം മരണം സംഭവിക്കുന്നു. അണുക്കൾ തലച്ചോറിനെ ബാധിക്കുന്നു.
∙ പാരലൈറ്റിക്ക് ഫോം : 30% മരണം സംഭവിക്കുന്നത് ഇതുവഴിയാണ്. ബാധലക്ഷണങ്ങൾ കടിയേറ്റ ഭാഗത്തിൽ നിന്ന് തുടങ്ങി ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും പടരുന്നു. അണുക്കൾ സുഷ്മനായെ ബാധിക്കുന്നു.

പ്രതിവിധികൾ

∙ കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ 15 മിനിറ്റെങ്കിലും കഴുകണം. പോവിഡിൻ അമസിൻ പോലുള്ള മരുന്ന് മുറിവിൽ പുരട്ടണം.
∙ ഉടൻ ഡോക്ടറെ കാണണം. പ്രതിരോധ കുത്തിവെപ്പ് എടുക്കണം.
∙ പറ്റുമെങ്കിൽ നായയെ നിരീക്ഷിക്കണം. (കൂട്ടിലടയ്ക്കണം). പേപ്പട്ടിയാണെങ്കിൽ 10 ദിവസത്തിൽ കൂടുതൽ ജീവിക്കില്ല.
∙ മുറിവിന്റെ ഗൗരവം മനസിലാക്കി ‘സീറം’ കുത്തിവെപ്പിക്കണം.
∙ വളർത്തുനായകൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തണം.

കടപ്പാട്: ഡോ. എം. ഗംഗാധരൻ നായർ മു‍ൻ ഡപ്യൂട്ടി ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്