Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരം കൂടിയാൽ മറവിരോഗം

539218536

പഞ്ചസാര അധികം കഴിക്കുന്നത് സ്മൃതിനാശ രോഗത്തിനു കാരണമാകും എന്ന് പഠനം.

പ്രായമായവരെ ബാധിക്കുന്ന രോഗമാണ് അൽഷിമേഴ്സ് അഥവാ സ്മൃതി നാശ രോഗം. ആദ്യമാദ്യം ക്രമം തെറ്റിയ ഓർമകളും പിന്നീട് ഓർമകൾ പൂർണ‌മായും നഷ്ടപ്പെടുന്നതുമായ അവസ്ഥയാണിത്.

മധുരം അധികം കഴിക്കുന്നത് പ്രമേഹം, പൊണ്ണത്തടി ഇവയ്ക്ക് കാരണമാകുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അൽഷിമേഴ്സ് രോഗവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു എന്നത് പുതിയ അറിവാണ്. ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതിന് ഒരു കാരണം കൂടിയായി.

എന്തുകൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് അഥവാ ഹൈപ്പർഗ്ലൈസീമിയ, ബൗദ്ധിക പ്രവർത്തനങ്ങളെ ബാധിക്കുന്നത് എന്ന് കിങ്സ് കോളജ് ലണ്ടനിലെയും ബാത് സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ അവസ്ഥയിലെത്തിയാൽ അത് നാഡീസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു. ഒരിക്കൽ ഈ പരിധി കടന്നാൽ ഡീമെൻഷ്യയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ വീക്കത്തെ പ്രതിരോധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രോട്ടീനിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്നു.

അൽഷിമേഴ്സ് രോഗികളിൽ അബ്നോർമൽ പ്രോട്ടീനുകൾ പെരുകി പ്ലേക്ക് രൂപപ്പെടുകയും ഇവ തലച്ചോറിൽ കെട്ടു പിണഞ്ഞു കിടക്കുകയും ചെയ്യും. ഇത് തലച്ചോറിന്റെ ബൗദ്ധിക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു.

അൽഷിമേഴ്സ് ബാധിച്ചതും ബാധിക്കാത്തതുമായ 30 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലുണ്ടാകുന്നതു മൂലമുണ്ടാകുന്ന പ്രോട്ടീൻ ഗ്ലൈക്കേഷൻ പരിശോധിച്ചു.

അൽഷിമേഴ്സിന്റെ ആദ്യ ഘട്ടത്തിൽ, ഇൻസുലിൻ നിയന്ത്രണത്തിനും രോഗപ്രതിരോധ സംവിധാനത്തിനും പ്രധാന പങ്കു വഹിക്കുന്ന MIF എന്ന (Macrophage migration Inhibitory Factor) എൻസൈമിനെ ഈ ഗ്ലൈക്കേഷൻ തകരാറിലാക്കുന്നതായി കണ്ടു. അൽഷിമേഴ്സ് ബാധിക്കുമ്പോൾ ഈ ഗ്ലൈക്കേഷനും കൂടുന്നു.

അൽഷിമേഴ്സ് രോഗത്തിന്റെ ആദ്യഘട്ടത്തിലുള്ളവരുടെ തലച്ചോറിലെ ഗ്ലൂക്കോസ്, ഈ എന്‍സൈമിനെ രൂപമാറ്റം വരുത്തുന്നു.

തലച്ചോറിലെ അബ്നോർമൽ പ്രോട്ടീനുകളുടെ നിർമ്മാണത്തെ MIFസാധാരണ ഗതിയിൽ പ്രതിരോധിക്കേണ്ടതാണ്. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ട പ്രവർത്തനങ്ങളുടെ തകരാറ് MIF ന്റെ ചില പ്രവർത്തനങ്ങളെ കുറയ്ക്കുകയും മറ്റുള്ളവയെ പൂർണമായും തകരാറിലാക്കുകയും ചെയ്യുന്നു. ഇത് അൽഷിമേഴ്സ് ബാധിക്കാൻ കാരണമാകുന്നുവെന്ന് പഠനം പറയുന്നു.

Your Rating: