Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറുതേ നട്ടെല്ല് വളയ്ക്കല്ലേ ചെറുപ്പക്കാരേ...

gadget

ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം ചെറുപ്പക്കാരിൽ കൂനിനു കാരണമാകുന്നുവെന്ന് ഗവേഷകർ. ശരിയായ രീതിയിലല്ലാത്ത ഇരിപ്പാണ് ഇതിനു കാരണം. ഇലക്ട്രോണിക് ഉപകരങ്ങൾ ഉപയോഗിച്ച് ദീർഘനേരം വളഞ്ഞും തിരിഞ്ഞും ഇരിക്കുന്നതാണ് നട്ടെല്ലു വളയാൻ കാരണമാകുന്നതെന്ന് മുംബെയിലെ സ്പൈൻ സ്കോലിയോസിസ് ആൻഡ് ഡിസ്ക് റീപ്ലേസ്മെൻറ് സെൻററിൻറെ തലവനായ ഡോ. അരവിന്ദ്. ജി കുൽക്കർണി പറഞ്ഞു.

മുൻ കാലങ്ങളിൽ പ്രായമേറിയവരിലായിരുന്നു കൂനു കണ്ടിരിരുന്നതെങ്കിൽ ഇപ്പോൾ ചെറുപ്പക്കാരിലും ഇതു സാധാരണമാണ്. 9 നും 18നും ഇടയിലുള്ള കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മോശം രീതിയിലുള്ള ഇരുപ്പ് മസിലുകൾക്കും നട്ടെല്ലിനും ഷോൾഡറിനും അമിതസമ്മർദം നൽകുകയും വർഷങ്ങളോളം ഇതു തുടരുമ്പോൾ കൂനായി പരിണമിക്കുകയും ചെയ്യുമെന്ന് ഡോ. കുൽക്കർണി പറയുന്നു.

നട്ടെല്ലിനു വളവുള്ള ആളുകൾക്ക് ശ്വാസകോശ രോഗങ്ങളും ശ്വാസം വലിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടാറുണ്ട്. കൂടാതെ ഹൃദ്രോഗം, നിരാശ, അമിത സമ്മർദം, ടൈപ്പ് 2 പ്രമേഹം എന്നീ രോഗങ്ങളും ഇവരെ ആക്രമിക്കും. നട്ടെല്ലിനു വളവു വരാതിരിക്കാൻ ചെറുപ്പക്കാരും കുട്ടികളും ഏറെ ശ്രദ്ധിക്കണമെന്ന് ഡോ. രോഹിത് സിങ് പറഞ്ഞു. ശരിയായ രീതിയിൽ ഇരുന്നു വേണം കുട്ടികളും ചെറുപ്പക്കാരും മൊബൈലും ടാബ്‌ലറ്റും കമ്പ്യൂട്ടറും മറ്റും ഉപയോഗിക്കേണ്ടത്. ഇരിക്കുമ്പോൾ നട്ടെല്ല് വളയാതെ നിവർന്നിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഉദരഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമം ചെയ്യുന്നത് നട്ടെല്ലിന് ഗുണകരമാണ്. പ്രായമായവരും ചെറുപ്പക്കാരും നട്ടെല്ലു വഴങ്ങാനുള്ള വ്യായാമത്തിലേർപ്പെടുന്നതും യോഗ ശീലിക്കുന്നതും നല്ലതാണെന്നും ആരോഗ്യമുള്ള ശരീരത്തിനും മനസിനുമായി ശരിയായ രീതിയിലുള്ള ഇരിപ്പു ശീലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഡോ. രോഹിത് സിങ് പറഞ്ഞു. എന്തായാലും നട്ടെല്ലു വളയാതിരിക്കാൻ ഇനി മുതൽ നല്ല ഇരിപ്പും നല്ല നടപ്പും ശീലമാക്കാം.

Your Rating: