Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണ്.... കരുതലോടെ

eyes-safety

അന്തരീക്ഷത്തില്‍ കാലാവസ്ഥാനുസൃതമായുണ്ടാകുന്ന മാറ്റങ്ങളും പരിസരമലിനീകരണം, അമിതമായ ചൂട്, തണുപ്പ്, കാറ്റ് എന്നിവയുമൊക്കെ കണ്ണിനു പലവിധ രോഗങ്ങള്‍ സമ്മാനിക്കുന്നുണ്ട്.

പനിനീരും ഇളനീര്‍ക്കുഴമ്പും

കണ്ണില്‍ ശുദ്ധിയില്ലാതെ തൊടുന്നതുപോലും രോഗങ്ങള്‍ക്കു കാരണായേക്കാം. കണ്ണു ശുചിയാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് ശുദ്ധമായ പനിനീരിന്റെ ഉപയോഗം. ഇതു കണ്ണുകള്‍ കഴുകുന്നതിനു തുല്യമാണ്. പതിവായി രാവിലെ ശീലിച്ചാല്‍ നന്ന്. നേത്രരക്ഷയ്ക്ക് ഏറ്റവും മികച്ച ഔഷധമാണ് ഇളനീര്‍കുഴമ്പ്. ദിവസവും രാവിലെ മൂന്നു തുള്ളിവീതം രണ്ടു കണ്ണിലും ഒഴിക്കണം. കുളി കഴിഞ്ഞ ഉടനെയാണു നല്ലത്.

കടുക്കാപ്പൊടി കഴിക്കാം

കടുക്കാ പൊടിച്ചതും തേനും പഞ്ചസാരയും ചേര്‍ത്തു പതിവായി ഭക്ഷണത്തിനു മുമ്പു സേവിക്കുക. നേത്രരോഗങ്ങളെ ശമിപ്പിക്കുകയും മലശോധന ഉണ്ടാക്കി ദോഷങ്ങളെ പുറന്തള്ളുകയും ചെയ്യും. ത്രിഫല ചൂര്‍ണം പതിവായി ഒരു നേരം തേനും പഞ്ചസാരയും നെയ്യും ചേര്‍ത്തു സേവിച്ചാല്‍ നേത്രരോഗം ശമിക്കും.

ചൊറിച്ചില്‍ മാറ്റാന്‍ ത്രിഫല

കടുക്ക, നെല്ലിക്ക, താന്നിക്ക ഇവ ചതച്ചു ശുദ്ധജലത്തില്‍ ചേര്‍ത്തു തിളപ്പിച്ച് അരിച്ചെടുത്തു തണുപ്പിച്ചു കണ്ണു കഴുകുകയോ ധാര കോരുകയോ ചെയ്യാം. കണ്ണിന്റെ ചൊറിച്ചിലും പുകച്ചിലും വേദനയും നിറവ്യത്യാസവും എല്ലാം ശമിക്കും. ത്രിഫലക്കഷായം യഥാവിധി നിര്‍മിച്ച് ആറിയശേഷം തേന്‍ ചേര്‍ത്തു കണ്ണില്‍ ധാര കോരുന്നതും നേത്രരോഗഹരമാണ്.

കണ്ണിലെഴുതാന്‍

കടുക്ക, നെല്ലിക്ക, താന്നിക്ക ഇവയുടെ കഷായം വറ്റിച്ചെടുത്ത് അതില്‍ തേന്‍ ചേര്‍ത്തു ചാലിച്ചു കണ്ണില്‍ പതിവായി എഴുതിയാല്‍ കണ്ണിന്റെ വിഷമതകള്‍ എല്ലാം ശമിക്കും. മരമഞ്ഞള്‍തൊലി 60 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍ കഷായം വച്ച് എട്ടിലൊന്നാക്കി അരിച്ചെടുത്തു തേന്‍ ചേര്‍ത്തു കണ്ണില്‍ ധാരകോരുക. എല്ലാ നേത്ര രോഗങ്ങളും ശമിക്കും.

തിളക്കമുള്ള കണ്ണിന്: കോലരക്കിന്‍ കഷായം കുറുക്കിയത്, കരുനൊച്ചിയിലനീര്, കയ്യന്യത്തിന്‍നീര്, മരമഞ്ഞള്‍തൊലിക്കഷായം ഇവയില്‍ ഓരോന്നിലും ഏഴുപ്രാവശ്യം വീതം മുക്കി ഉണക്കിയ ശുദ്ധമായ പരുത്തിത്തുണി തിരിയാക്കി, നെയ്യ് ഒഴിച്ച വിളക്കു കത്തിച്ച് അതിന്റെ പുക തളികയില്‍ ശേഖരിച്ച് ആ മഷി കണ്ണില്‍ പതിവായി എഴുതിയാല്‍ നേത്രരോഗങ്ങള്‍ വരുകയില്ല. കണ്ണിനു തിളക്കവും കിട്ടും.

_ഡോ എം എന്‍ ശശിധരന്‍ അപ്പാവു വൈദ്യന്‍ ആയുര്‍വേദിക് മെഡിക്കല്‍സ്, കോട്ടയം. _