Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമ കൂട്ടാനും ‘ഫെയ്സ്ബുക് അപ്ഡേഷൻ’

facebook

ജീവിതാനുഭവങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച് സന്തോഷം കണ്ടെത്തുന്നവര്‍ക്കു ശുഭവാര്‍ത്ത. ഈ ശീലം ഓര്‍മ കൂട്ടുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അനുഭവങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുന്നത് ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുമെന്നു വിദഗ്ധര്‍ മുന്‍പേ കണ്ടെത്തിയിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയുടെ സ്വാധീനം ആദ്യമായാണ് പഠന വിഷയം ആകുന്നത്‌.

ബ്ലോഗുകള്‍, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉൾപ്പെടെ നിരവധി ഓണ്‍ലൈന്‍ സമൂഹമാധ്യമങ്ങളിലാണ് പഠനം നടന്നത്. സുഹൃത്തുക്കളോട് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു എന്ന ചിന്തയില്‍ മാത്രമായിരിക്കാം നമ്മള്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇത് നമ്മള്‍ ഓരോ അനുഭവങ്ങള്‍ പിന്നീട് എങ്ങനെ ഓര്‍ത്തെടുക്കുന്നു എന്നതിനെയും സ്വയം എങ്ങനെ ആ അനുഭവങ്ങളെ വിലയിരുത്തുന്നു എന്നതിനെയും സ്വാധീനിക്കും എന്നാണ് കണ്ടെത്തൽ.

ഇങ്ങനെ സ്വന്തം അനുഭവങ്ങള്‍ എഴുതുമ്പോള്‍ അതു ബാക്കിയുള്ളവരോട്‌ പങ്കുവയ്ക്കുന്നു എന്ന തോന്നലാണ് ഡയറി എഴുത്തില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഒപ്പം ചിന്തകള്‍ക്ക് വ്യക്തത വരുത്താനും വിലയിരുത്താനും അവബോധം ഉണ്ടാക്കാനും ഇതു സഹായകരമാണെന്നു ഗവേഷകർ പറയുന്നു .

അമേരിക്കയിലെ 66 വിദ്യാര്‍ഥികളിലാണ് ഈ പഠനം നടത്തിയത്. ഒരേ അനുഭവങ്ങള്‍ ഡയറിയിലും സോഷ്യല്‍ മീഡിയയിലും രേഖപ്പെടുത്തിയതിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഈ അനുഭവങ്ങള്‍ക്ക് ഇവരുടെ വ്യക്തിജീവിതത്തില്‍ ഉള്ള പ്രാധാന്യം, അവയുടെ വൈകാരിക തീക്ഷ്ണത എന്നിവയെല്ലാം വിശകലനവിധേയമാക്കി. ഡയറി എഴുത്തിനെക്കാളും ഓര്‍മയെ സ്വാധീനിക്കുന്നത് ഓണ്‍ലൈന്‍ എഴുത്തു തന്നെയാണെന്നാണ് ഗവേഷണ ഫലം വ്യക്തമാക്കുന്നത്.  

Your Rating: