Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരളിന്റെ കരളേ കരയാതെ

fatty-liver

കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പലവിധ രോഗങ്ങള്‍ക്കു കാരണമാകാം. സാധാരണ ചെറുപ്പക്കാരില്‍പ്പോലും കാണുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവര്‍. തുടക്കത്തില്‍ അത്ര പ്രശ്നക്കാരന്‍ അല്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് 'പണിതരാന്‍' ഫാറ്റി ലിവര്‍ ധാരാളമാണ്.

ഫാറ്റി ലിവര്‍?

ഏറ്റവും സാധാരണമായി കണ്ടുവരുന്ന കരള്‍ രോഗമാണ് ഫാറ്റി ലിവര്‍. കരളില്‍ കൊഴുപ്പടിയല്‍ എന്ന് ലളിതമായി പറയാം. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

ലക്ഷണങ്ങള്‍?

തുടക്കത്തില്‍ ഫാറ്റി ലിവര്‍ ഉള്‍പ്പെടെ മിക്ക കരള്‍ രോഗങ്ങള്‍ക്കും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. പക്ഷേ, രോഗം മൂര്‍ഛിക്കുമ്പോള്‍ മാത്രം ചില ലക്ഷണങ്ങള്‍ കണ്ടേക്കാം.

ലക്ഷണം ഇല്ലാത്തതിന് എന്താണ് കാരണം?

കരള്‍ നമ്മുടെ ശരീരത്തിനു വേണ്ടി പല പ്രധാനപ്പെട്ട ചുമതലകളും നിര്‍വഹിക്കുന്നുണ്ട്. കരളിന്റെ ആരോഗ്യത്തിനുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ അതു സ്വയം പരിഹരിക്കും. അതുകൊണ്ടാണ് കാര്യമായ ലക്ഷണങ്ങള്‍ പുറത്തേക്ക് അനുഭവപ്പെടാത്തത്.

മദ്യപാനം?

ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. മദ്യപാനം മൂലമല്ലാതെയുണ്ടാകുന്ന നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ഇന്ന് വളരെ സാധാരണമാണ്. സ്ത്രീകളിലും കണ്ടുവരുന്നുണ്ട്. ഏതു പ്രായക്കാര്‍ക്കും ഇതുവരാം.

വ്യായാമം ഇല്ലായ്മയും ഭക്ഷണ നിയന്ത്രണം ഇല്ലായ്മയുമാണ് ഇതിന്റെ കാരണങ്ങള്‍. ഇതു കരളില്‍ അധിക അളവില്‍ കൊഴുപ്പ് അടിയാനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കും. അധിക അളവില്‍ കൊളസ്ട്രോള്‍ ഉള്ളവരിലും ഒരിക്കല്‍പ്പോലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാം.

നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് രണ്ടുതരത്തിലുണ്ട്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, നോണ്‍ ആല്‍ക്കഹോളിക് സ്റ്റിറ്റോഹെപ്പറ്റൈറ്റിസ് എന്നിവയാണവ. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറില്‍ കരളില്‍ നിറയുന്ന കൊഴുപ്പ് കത്തിത്തീരില്ല. നോണ്‍ ആല്‍ക്കഹോളിക് സ്റ്റിറ്റോഹെപ്പറ്റൈറ്റിസ് ആണെങ്കില്‍ കത്തിത്തീരും.

മദ്യം പ്രശ്നക്കാരന്‍?

മദ്യത്തെ വിഷമയമായ രാസപദാര്‍ഥങ്ങളായി വിഘടിപ്പിക്കുന്നതു കരളാണ്. അതുകൊണ്ടു തന്നെ മദ്യം ദോഷകരമായി ബാധിക്കുന്നത് കരളിനെയാണ്. ഇത്തരത്തില്‍ വിഘടിപ്പിക്കപ്പെടുന്ന രാസപദാര്‍ഥങ്ങളില്‍ ചിലതു മൂലം കരള്‍ നീര്‍കെട്ടി വീങ്ങും. ഇതു കരളിന്റെ കോശങ്ങള്‍ക്ക് കേടുവരുത്തും. മദ്യം ശരീരത്തിലെ വിവിധ എന്‍സൈമുകളുമായി പ്രതിപ്രവര്‍ത്തിക്കും. അതിന്റെ ഫലമായുണ്ടാകുന്ന രാസപദാര്‍ഥം കരളിലെ കോശങ്ങളില്‍ കൊഴുപ്പടിയാനും നീര്‍ക്കെട്ടുണ്ടാകാനും കാരണമാകും. ആ അവസ്ഥ സിറോസിസിനു കാരണമാകും.

മറ്റ് കാരണങ്ങള്‍?

ഒട്ടും മദ്യപിക്കാത്തവര്‍ക്കു പോലും ഫാറ്റി ലിവര്‍ വരുന്നതിനു അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവ കാരണങ്ങളാണ്. അമിതവണ്ണമുള്ള പ്രമേഹ രോഗികളില്‍ ഫാറ്റി ലിവര്‍ പ്രതീക്ഷിക്കാം. ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റി ലിവറിനു സാധ്യത കൂട്ടും. ഗര്‍ഭകാലം, വൈറസുകള്‍ എന്നിവയും ഫാറ്റി ലിവറിനുള്ള സാധ്യത കൂട്ടും.

*എങ്ങനെ അറിയാം? *

പലവിധ ലാബ് പരിശോധനകള്‍ നടത്തുന്നതിനിടെ ഫാറ്റി ലിവറിന്റെ അളവ് മനസ്സിലാക്കാം. ഫാറ്റി ലിവര്‍ സംശയം തോന്നിയാല്‍ ഡോക്ടര്‍ രക്തപരിശോധന (ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്) നിര്‍ദേശിക്കും. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റിന്റെ ഫലം അടിസ്ഥാനമാക്കിയാണ് നിഗമനത്തില്‍ എത്തുക. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റില്‍ ലിവര്‍ എന്‍സൈമുകളുടെ അളവുകള്‍ സാധാരണത്തേക്കാള്‍ കൂടുതല്‍ കാണുന്നത് കരള്‍ തകരാറുണ്ട് എന്നതിന്റെ ലക്ഷണമാണ്. പതിവായി മദ്യപിക്കുന്ന ഒരാളില്‍ ഇത്രയും കൊണ്ടുതന്നെ ഫാറ്റി ലിവര്‍ ആണെന്ന് ഉറപ്പിക്കാം. സംശയം ഉള്ളപ്പോള്‍ അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെയോ എംആര്‍എ സ്കാനിങ്ങിലൂടെയോ ഫാറ്റി ലിവറാണോ എന്ന് ഉറപ്പു വരുത്തും. ഡോക്ടര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ ചില അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ലിവര്‍ ബയോപ്സി ചെയ്യേണ്ടി വരും.

സിറോസിസിന് ഇതുമായി ബന്ധമുണ്ടോ?

മദ്യം ഏറ്റവും ദോഷകരമായി ബാധിക്കുന്ന അവയവം കരള്‍ ആണ്. പരിഹരിക്കാന്‍ കഴിയാത്ത വിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവര്‍ സിറോസിസ് എന്ന രോഗം. സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്.

എന്നാല്‍, മദ്യപിക്കുന്ന എല്ലാവര്‍ക്കും സിറോസിസ് വരണമെന്നില്ല. മദ്യപിക്കുന്നയാളുടെ ആരോഗ്യം, മദ്യത്തിന്റെ അളവ്, കാലദൈര്‍ഘ്യം ഇങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും അത്. അമിതമായി മദ്യപിക്കുന്നയാളുടെ കരള്‍ ആദ്യം വീര്‍ത്തുവരും. കരള്‍ വീക്കത്തിന്റെ രണ്ടാം ഘട്ടത്തില്‍ ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് പിടിപെടുന്നു.

മൂന്നാം ഘട്ടത്തില്‍ സിറോസിസ് ആകുന്നു. ലിവര്‍ സിറോസിസ് വന്നുകഴിഞ്ഞാല്‍ കരളിനെ ചികില്‍സിച്ച് പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ കഴിയില്ല. സിറോസിസ് മൂലമുണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധി വരെ തടയുകയോ നീട്ടിവയ്ക്കുകയോ ചെയ്യുക എന്നതാണ് പിന്നീടുള്ള ചികില്‍സ.

എന്തൊക്കെയാണ് പ്രശ്നങ്ങള്‍?

സിറോസിസ് ബാധിച്ചാല്‍, കരളിനു കേടായ കോശങ്ങളെ മാറ്റാനോ സുഖപ്പെടുത്താനോ കഴിയാതെ വരുന്നു. സിറോസിസുമൂലം കരളിലെ കോശ സമൂഹങ്ങള്‍ക്കു കേടുവന്നാല്‍ പിന്നീട് ആരോഗ്യമുള്ള കോശങ്ങളെപ്പോലെ അവ പ്രവര്‍ത്തിക്കില്ല. അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനോ രക്തം ശുദ്ധീകരിക്കാനോ ദോഷകരമായ വസ്തുക്കളെ നിര്‍വീര്യമാക്കാനോ കഴിയാതെ വരും.

കരളിലൂടെയുള്ള രക്തത്തിന്റെ ഒഴുക്കിനെ കേടുവന്ന കലകള്‍ തടസ്സപ്പെടുത്തും. തകരാറുകള്‍ കൂടുന്തോറും കരളിന്റെ പ്രവര്‍ത്തനക്ഷമത കുറയും. സിറോസിസിന്റെ ആരംഭഘട്ടത്തില്‍ കരള്‍ വലുതാകുകയും പിന്നീട് ചുരുങ്ങുകയും ചെയ്യും.

ഉണ്ട്, ചില ലക്ഷണങ്ങള്‍

സാധാരണ നിലയില്‍ കാര്യമായ ഒരു ലക്ഷണവും കാണിക്കാത്ത രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. പ്രത്യേകിച്ചും തുടക്കത്തില്‍. ഫാറ്റി ലിവര്‍ ഉള്ള എല്ലാവരിലും പൊതുവായി കാണുന്ന ബാഹ്യലക്ഷണങ്ങള്‍ ഏതാണ്ട് ഇല്ല എന്നുതന്നെ പറയാം. ഉദരത്തിനുണ്ടാകുന്ന അസ്വസ്ഥതയ്ക്കൊപ്പമുള്ള കടുത്ത ക്ഷീണം ചിലപ്പോള്‍ ലക്ഷണമായേക്കാം.

ചിലര്‍ക്ക് ഉദരത്തിന്റെ വലതു വശത്ത് വാരിയെല്ലിനു തൊട്ടുതാഴെ വേദന അനുഭവപ്പെടും. കരളിന്റെ വലിപ്പം കൂടിത്തുടങ്ങുമ്പോഴായിരിക്കും ഇത് പ്രകടമാവുക. ഓക്കാനം, ഛര്‍ദി, രക്തം ഛര്‍ദിക്കല്‍, വയറ്റില്‍നിന്ന് രക്തം പോവല്‍, കാലിലെ നീര്‍വീക്കം, വിശപ്പില്ലായ്മ, ഭാരം കുറയല്‍, ഓര്‍മക്കുറവ് മുതലായവയെല്ലാം ലിവര്‍ സിറോസിന്റെ ലക്ഷണങ്ങളായേക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. അനീഷ് കുമാര്‍ _സീനിയര്‍ കണ്‍സല്‍റ്റന്റ്, _ ഗ്യാസ്ട്രോ എന്‍ട്രോളജി _മിംസ് ഹോസ്പിറ്റല്‍, _ കോഴിക്കോട്