Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളസ്ട്രോൾ : അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങൾ

146800516

പണ്ട് മധ്യവയസ്കരായ വ്യക്തികൾ കണ്ടുമുട്ടിയാൽ ആദ്യം ചോദിക്കുന്ന ചോദ്യം പ്രഷർ‍, ഷുഗർ, കൊളസ്ട്രോൾ എങ്ങനെയുണ്ട് എന്നായിരിക്കുന്നു. ഇൗ മൂന്ന് ഘടകങ്ങളും / രോഗാവസ്ഥയും സമ്പന്നതയുടെ അടയാളമായി പോലും നമ്മൾ കരുതിയിരുന്നു. കാലം മാറിയപ്പോൾ കഥയും മാറി ഇന്ന് ചെറുപ്പക്കാർക്കിടയിലും ഇൗ ചോദ്യം സാധാരണമായിരിക്കുന്നു. ഇങ്ങനെ പോയാൽ മലയാളി സമൂഹത്തിൽ ഇൗ ചോദ്യത്തിനു പുതുമയില്ലാതെയാകും.. ഇതെന്നും എന്നെ ബാധിക്കുന്നതല്ലയെന്ന് കരുതി വായന നിറുത്താൻ വരട്ടെ. ഇവ മൂന്നും മറ്റു പല രോഗങ്ങളിലേക്കുമുള്ള വഴിയൊരുക്കുക കൂടി ചെയ്യുന്നുണ്ടെന്ന് മറക്കരുത്. ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന വില്ലൻ കൊളസ്ട്രോളാണ്. അതുകൊണ്ടുതന്നെ ഹൃദയാരോഗ്യം നിലനിർത്താൻ കൊളസ്ട്രോൾ ലെവൽ സുരക്ഷിതമായി സൂക്ഷിക്കേണ്ട് അത്യാവശ്യവുമാണ്. കൊളസ്ട്രോളിനെക്കുറിച്ച് നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങളാണ് താഴെപ്പറയുന്നത്.

1. കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമാണോ?
കൊളസ്ട്രോൾ തീർച്ചയായും ശരീരത്തിന് ആവശ്യം വേണ്ട ഒന്നുതന്നെയാണ്. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും മെഴുകു പോലുള്ള കൊളസ്ട്രോൾ കാണാൻ സാധിക്കും. ദഹനം, ഹോർമോൺ സംതുലനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിനും ഈ കൊളസ്ട്രോൾ അത്യാവശ്യമാണ്. ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്. ഇതാകട്ടെ ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കുകയും ചെയ്യും.

2. നല്ലതും ചീത്തയുമായ കൊളസ്ട്രോൾ
കൊളസ്ട്രോൾ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. നല്ല കൊളസ്ട്രോളായ എച്ച് ഡി എല്ലും(High -density lipoproteins) ചീത്ത കൊളസ്ട്രോളായ എൽ ഡി എല്ലും( Low-density lipoproteins). എൽ ഡ‍ി എൽ നിങ്ങളുടെ രക്തത്തിൽ എത്രത്തോളം കൂടുതലുണ്ടോ അത്രത്തോളമുണ്ട് നിങ്ങൾക്ക് ഹൃദയാഘാത സാധ്യതയും. എച്ച് ഡി എൽ എന്നത് ശരീരത്തിനാവശ്യമായ കൊളസ്ട്രോളാണ്. രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാതെ അതിനെ കരളിലെത്തിക്കുക എന്ന ധർമം നിറവേറ്റുന്നത് എച്ച് ഡി എൽ ആണ്. എച്ച് ഡി എൽ കൂടിയിരിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത അത്രയും കുറയ്ക്കുന്നു.

3. കൊളസ്ട്രോൾ പരിശോധന അനിവാര്യം
കൊളസ്ട്രോൾ നിരക്ക് അറിയാൻ രക്ത പരിശോധകൊണ്ടു മാത്രമേ സാധിക്കൂ. അതുകൊണ്ട് 20 വയസ്സു കഴിയുമ്പോൾ രക്തപരിശോധന നടത്തുന്നത് നന്നായിരിക്കും.

4. കുട്ടികളിലും കൊളസ്ട്രോൾ പരിശോധിക്കാം
ഹൃദയരോഗങ്ങൾ ഇല്ലാത്ത 20 വയസ്സു പിന്നിട്ടവർ രണ്ടു വർഷം കൂടുമ്പോഴെങ്കിലും കൊളസ്ട്രോൾ ലെവൽ പരിശോധിക്കേണ്ടതാണ്. കുട്ടികളിൽ 9 മുതൽ 11 വയസ്സിനിടയ്ക്കും കൗമാരക്കാരിൽ 17 മുതൽ 21 വയസ്സിനിടയ്ക്കും കൊളസ്ട്രോൾ നിരക്ക് പരിശോധിക്കാവുന്നതാണ്.

5. കൊളസ്ട്രോൾ ശരിയായി നിലനിർത്താൻ
കൊഴുപ്പു കൂടിയ മാംസം, കുക്കീസ്, കേക്ക്, ബട്ടർ എന്നിവ ഡയറ്റിൽ നിന്ന് ഒഴിവാക്കുക. അവോക്കാഡോ, ഓട്ട്മീൽ, ഒലിവ് ഓയിൽ, സാൽമൺ, വാൾനട്ട് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ധാരാളം വ്യായാമം ചെയ്യുന്നതും കൊളസ്ട്രോൾ സാധാരണയായി നിലനിർത്താൻ സഹായിക്കും.