Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിയല്ല, തൈറോയ്ഡ്

thyroid

എല്ലാറ്റിനും ഒരു ദിവസമുണ്ട് എന്നു പറയുംപോലെ അയഡിൻ അപര്യാപ്തതയ്ക്കും ഒരു ദിവസമുണ്ട്. ഒക്ടോബർ 21 ആണ് ലോക അയഡിൻ അപര്യാപ്തതാ ദിനം. കേൾക്കുമ്പോൾ ചിരി വരുന്നുണ്ടോ? ചിരിക്കാൻ വരട്ടെ, പത്തു സ്ത്രീകളോടു ചോദിച്ചാൽ അതി‍ൽ ഒരാൾക്കെങ്കിലും ഉണ്ടാകും, തൈറോയ്ഡ് പ്രശ്നം. അയഡിന്റെ അപര്യാപ്തതയാണു തൈറോയ്ഡ് പ്രശ്നങ്ങൾക്കു വഴിവയ്ക്കുന്നത്. പുരുഷൻമാരെ അപേക്ഷിച്ച് ഒൻപത് ഇരട്ടി വരെയാണു സ്ത്രീകൾക്കു തൈറോയ്ഡ് രോഗബാധയ്ക്കുള്ള സാധ്യത.

ഗർഭം അലസുന്നതിനും നവജാത ശിശുവിനു ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാകുന്നതിനുമടക്കം തൈറോയ്ഡ് പ്രശ്നങ്ങൾ കാരണമാകും. തൈറോയ്‌ഡ് സ്‌റ്റിമുലേറ്റിങ് ഹോർമോൺ (ടിഎസ്‌എച്ച്) നിശ്‌ചിത അളവിൽ കൂടുതലായാൽ ഗർഭിണികൾക്കു രക്‌തസമ്മർദം കൂടാൻ സാധ്യത നാലിരട്ടിയാണ്. നവജാത ശിശുവിന്റെ ഭാരം കാൽ കിലോ വരെ കുറയുകയും ചെയ്‌തേക്കാമെന്നു വിദഗ്ധർ പറയുന്നു. മരുന്നു കഴിച്ച് ഹോർമോണിന്റെ അളവ് സാധാരണ നിലയിൽ എത്തുകയാണെങ്കിൽ സ്ത്രീകൾക്കു ഗർഭധാരണത്തിനു പ്രശ്നമില്ല. പക്ഷേ, ഗർഭകാലത്ത് തൈറോയ്ഡ് മരുന്ന് കൃത്യമായി കഴിച്ചിരിക്കണം. കൃത്യമായ ചികിൽസയില്ലാതെ ഗർഭം ധരിച്ചാൽ അത് ഗർഭസ്ഥ ശിശുവിന്റെ ശാരീരിക മാനസിക വികാസത്തെ ബാധിക്കും.

അയഡിനും തൈറോക്സിൻ എന്ന പ്രോട്ടീനുമായി കൂടിച്ചേർന്നാണു നമ്മുടെ ശരീരത്തിൽ തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നത്. ഈ ഹോർമോണിന്റെ അളവു കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. തൈറോയ്ഡ് ഹോർമോണിന്റെ അളവ് ആവശ്യമായതിലും കുറയുന്ന അവസ്ഥ അഥവാ ഹൈപ്പോ തൈറോയ്ഡിസം, ഹോർമോൺ കൂടിയാൽ ഉണ്ടാകുന്ന ഹൈപ്പർ തൈറോയ്ഡിസം എന്നിവയ്ക്കൊപ്പം തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ഗോയിറ്റർ അടക്കമുള്ള മുഴകളും പ്രശ്നങ്ങളുണ്ടാക്കും.

അമിതമായ ഉറക്കം, അമിതവണ്ണം, അലസത, ശരീരഭാഗങ്ങളിൽ നീര്, കിതപ്പ്, ആർത്തവ സമയത്തെ അമിത രക്തസ്രാവം, തണുപ്പു സഹിക്കാനുള്ള കഴിവില്ലായ്‌മ. ശബ്‌ദം പരുപരുത്തതാകുക. മുടി കൊഴിച്ചിൽ, കൺപോളകളിൽ നീര്, തൊലിയുടെ കട്ടികൂടുക, ആർത്തവ ക്രമം തെറ്റുക തുടങ്ങിയവയാണു ഹൈപ്പോ തൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ലക്ഷണമൊന്നും കണ്ടെന്നും വരില്ല. രക്തപരിശോധന നടത്തിയാണു ഹൈപ്പോ തൈറോയ്ഡിസം കണ്ടെത്താനാവുക. നിശ്ചിത അളവിൽ ഹോർമോൺ (തൈറോക്സിൻ) ഗുളിക രൂപത്തിൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും. അമിത വിശപ്പ്, നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയുക, നെഞ്ചിടിപ്പ്, ശരീരത്തിനു ചൂട്, കൈകൾക്കു വിറയൽ, ഉത്‌കണ്‌ഠ. അതിവൈകാരികത, സന്ധിവേദന, അമിത വിയർപ്പ്, ആർത്തവം ക്രമം തെറ്റൽ, ഉറക്കക്കുറവ് തുടങ്ങിയവയാണു ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ.

ഒരു വർഷത്തോളം കൃത്യമായി മരുന്നുകൾ കഴിച്ചാൽ 50 ശതമാനം പേരിലും ഈ പ്രശ്നം ഭേദമാക്കാവുന്നതാണ്. ചിലർക്കു മരുന്നു മാത്രം മതിയെങ്കിൽ, തീവ്രതയനുസരിച്ചു മറ്റു ചിലർക്ക് ശസ്ത്രക്രിയയടക്കം വേണ്ടിവരും.

രണ്ടു തരത്തിലാണ് തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകൾ. കാൻസർ മുഴയും സാധാരണ മുഴയും. സാധാരണ ഗതിയിൽ അഞ്ചു ശതമാനം മുഴകളേ അപകടസാധ്യതയുള്ളതായി കാണാറുള്ളു. മുഴയുടെ വലുപ്പവും സ്വഭാവവും മനസിലാക്കാൻ ഹോർമോൺ അളവ് പരിശോധന, അൾട്രാ സൗണ്ട് സ്കാൻ എന്നിവ നടത്തും. തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റും നടത്തും. അർബുദസാധ്യതയുള്ള മുഴയാണെങ്കിൽ ശസ്ത്രക്രിയയും തുടർന്നു റേഡിയോ എയ്ഡ് ചികിൽസയും വേണ്ടിവരും. അപകടസാധ്യത ഇല്ലാത്ത മുഴയാണെങ്കിൽ ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടതില്ല.

കൃത്രിമ നിറങ്ങളും രുചിക്കൂട്ടുകളും ചേർത്ത ഭക്ഷ്യ വസ്‌തുക്കൾ പൂർണമായും ഒഴിവാക്കാൻ ആയുർവേദം നിർദേശിക്കുന്നു. ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കുക. എരിവും പുളിയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക, അയഡിൻ ചേർത്ത ഉപ്പ്, ഇന്തുപ്പ് എന്നിവയും ഭക്ഷണത്തിലുൾപ്പെടുത്തണം. അയഡിൻ ധാരാളമടങ്ങിയ ഭക്ഷണം അഭികാമ്യമാണ്. കടൽമൽസ്യങ്ങൾ, പശുവിൻ പാൽ, മുട്ട തുടങ്ങിയവ ഭക്ഷണത്തിലുൾപ്പെടുത്താം. മറ്റു ശാരീരിക പ്രശ്നങ്ങളില്ലെങ്കിൽ യോഗ ശീലമാക്കാം. ഹോർമോൺ പ്രവർത്തനങ്ങളെക്കൂടി ബാധിക്കുമെന്നതിനാൽ മാനസിക സംഘർഷങ്ങളെ പടിക്കു പുറത്താക്കാം. ഇതിനും യോഗയും ധ്യാനവുമൊക്കെ സഹായിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.