Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മജ്ജാരോഗം തടയാൻ ഗ്രീൻടീ

green-tea

ഗ്രീൻ ടീ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും എന്നു തെളിഞ്ഞതാണ്. മജ്ജയെ ബാധിക്കുന്ന ഗുരുതരരോഗം ബാധിച്ചവരുടെ ജീവൻ രക്ഷിക്കാനുള്ള കഴിവും ഗ്രീൻടീക്കുണ്ടെന്ന് ജേണല്‍ ഓഫ് ബയോളജിക്കൽ കെമിസ്ട്രീയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഗ്രീൻ ടീ ഇലകളിൽ അടങ്ങിയ പോളിഫിനോള്‍ ആയ എപ്പിഗാലോകേറ്റ് ചിൻ –3– ഗാലേറ്റ് (ECGC) ആണ് മജ്ജയെ ബാധിക്കുന്ന രോഗങ്ങളിൽ നിന്നു സംരക്ഷിക്കുന്നത്.

മൾട്ടിപ്പിള്‍ മൈലോമ, അമിലോയ്ഡോസിസ് എന്നീ രോഗങ്ങള്‍ മൂലം വിഷമിക്കുന്നവർക്ക് ഗ്രീൻടീ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യും.

ആന്റിബോഡികളെ ഉല്പ്പാദിപ്പിക്കേണ്ട ശ്വേതരക്താണുക്കളെ ബാധിക്കുന്ന അർബുദമാണ് മൾട്ടിപ്പിൾ മൈലോമ അഥവാ പ്ലാസ്മ സെൽ മൈലോമ. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഇത് അസ്ഥി മജ്ജയെ ബാധിക്കുന്ന ഗുരുതര രോഗമാണ്.

മൾട്ടിപ്പിൾ മൈലോമയും അമിലോയ്ഡോസിസും ബാധിച്ച രോഗികളിൽ ലൈറ്റ് ചെയ്ൻ അമിലോഡയോസിസ് എന്ന ഗുരുതരമായ അവസ്ഥയ്ക്ക് സാധ്യതയുണ്ട്. ശരീരത്തിലെ ആന്റിബോഡികൾക്ക് രൂപമാറ്റം വന്ന് ഹൃദയവും വൃക്കകളും ഉൾപ്പെടെ വിവിധ അവയവങ്ങളില്‍ കുന്നു കൂടുന്ന അവസ്ഥയാണിത്.

യു. എസിലെ സെന്റ് ലൂയിസിലെ വാഷിങ്ങ്ടൺ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. എങ്ങനെയാണ് ലൈറ്റ് ചെയ്ൻ അമിലോയ്ഡോസിസിന്റെ പ്രവർത്തനമെന്നും ഗ്രീൻ ടീയിലടങ്ങിയ സംയുക്തം എങ്ങനെ ഈ പ്രത്യേക മാംസ്യത്തെ (Protein) ബാധിക്കുന്നു എന്നും അറിയുകയായിരുന്നു പഠനലക്ഷ്യമെന്നു പഠനത്തിനു നേതൃത്വം നൽകിയ ജാന്‍ ബെയ്ഷ്ക് പറഞ്ഞു.

മജ്ജയെ ബാധിക്കുന്ന രോഗങ്ങളായ മൾട്ടിപ്പിൾ മൈലോമയും അമിലോയ്ഡോസിസും ബാധിച്ച ഒൻപതു രോഗികളിൽ നിന്നും ലൈറ്റ് ചെയ്ൻസിനെ വേർതിരിച്ചു. അതിനുശേഷം എങ്ങനെയാണ് ലൈറ്റ് ചെയ്ൻ പ്രോട്ടീനെ ഗ്രീൻ ടീ സംയുക്തം ബാധിക്കുന്നത് എന്നറിയാൻ ലബോറട്ടറി പരീക്ഷണം നടത്തി.

മജ്ജരോഗം ബാധിച്ചവരിൽ ഗ്രീന്‍ടീയിലടങ്ങിയ സംയുക്തമായ ഇ. സി. ജി. സി. അപകടകരമായ വിധത്തിൽ രൂപമാറ്റം വന്ന് പെരുകുന്നതിൽ നിന്നും കുന്നു കൂടുന്നതിൽ നിന്നും ലൈറ്റ് ചെയ്ൻ അമിലോയ്ഡിനെ തടയുന്നതായി പഠനത്തില്‍ തെളിഞ്ഞു.

ഗ്രീൻ ടീയുടെ സാന്നിധ്യത്തില്‍ ഈ ചെയിനുകൾക്ക് വ്യത്യസ്തമായ ആന്തരിക ഘടനയാണുള്ളതെന്നും ഇ സി ജി സി ലൈറ്റ് ചെയ്നിനെ വിഷഹാരി (toxic) യല്ലാത്ത ‌വ്യത്യസ്ത രൂപത്തിലേക്ക് ഒരുമിച്ചു ചേർക്കുന്നുവെന്നും പഠനം പറയു‌ന്നു.

അസ്ഥി മജ്ജയെ ബാധിക്കുന്ന ഗുരുതര രോഗം ബാധിച്ചവർക്ക് ആശ്വാസമേകുന്ന ഒരു പഠനഫലമാണിത്.